ശിയാ ഇസ്മാഈലി മുസ്‍ലിംകളുടെ ആത്മീയ നേതാവ് ആഗാ ഖാൻ നാലാമൻ അന്തരിച്ചു
പോർച്ചുഗലിലെ ലിസ്ബണിലായിരുന്നു അന്ത്യം
ലിസ്ബൺ: ശിയാ ഇസ്മാഈലി മുസ്‍ലികംകളുടെ ആത്മീയ നേതാവും ജീവകാരുണ്യ പ്രവർത്തകനും ശതകോടീശ്വരനുമായ ആഗാഖാൻ നാലാമൻ എന്നറിയപ്പെടുന്ന പ്രിൻസ് കരീം അൽ- ഹുസൈനി അന്തരിച്ചു. 88 വയസായിരുന്നു. പോർച്ചുഗലിലെ ലിസ്ബണിൽ വെച്ചായിരുന്നു അന്ത്യം.
സ്വിറ്റ്സർലൻഡിൽ ജനിച്ച അദ്ദേഹം ബ്രിട്ടീഷ് പൗരത്വവും നേടിയിരുന്നു. 1957-ൽ 20 വയസ്സുള്ളപ്പോഴാണ് ആഗാ ഖാന് ഇസ്മായിലി സമൂഹത്തിന്റെ 49-ാമത് ഇമാം പദവി ലഭിക്കുന്നത്. 2014 ൽ ഇന്ത്യ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. ലോകത്ത് ഒന്നരക്കോടിയോളം ശിയാ ഇസ്മാഈലി മുസ്‍ലിംകളുണ്ടെന്നാണ് കണക്കുകൾ.
ആറു ബില്യൺ പൗണ്ട് ആസ്തിയുള്ള ആഗാ ഖൻ വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖലകൾ, അടിസ്ഥാന സൗകര്യ, മാധ്യമ മേഖലകളിൽ വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. അറുന്നൂറോളം പന്തയക്കുതിരകൾ സ്വന്തമായുള്ള ഖാന് ബഹാമാസിലെ സ്വകാര്യ ദീപടക്കം 5 ഭൂഖണ്ഡങ്ങളിൽ സ്വന്തമായി വീടുകളുണ്ട്.
ആഗാഖാൻ ട്രസ്റ്റ് ലോകത്തെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കടക്കം സാമ്പത്തിക സഹായം നൽകിവരുന്നുണ്ട്. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളിലും ഇടപെടലുകൾ നടത്തുന്നുണ്ട്.