ഇറാനെ ആക്രമിച്ച അമേരിക്ക അതിന്റെ അനന്തരഫലങ്ങൾ കൂടി അനുഭവിക്കും; ഹൂതികൾ

ഇറാനെ ആക്രമിച്ചാൽ ചെങ്കടലിൽ യു.എസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി

Update: 2025-06-22 03:19 GMT

തെഹ്റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ അമേരിക്കക്ക് മുന്നറിയിപ്പുമായി ഹൂതികൾ. ഇറാനെ ആക്രമിച്ച അമേരിക്ക അതിന്റെ അനന്തരഫലങ്ങൾ കൂടി അനുഭവിക്കുമെന്നും യെമനിലെ ഹൂതികൾ വ്യക്തമക്കി.

ഇറാനിൽ നടന്ന ആക്രമണം യുദ്ധപ്പുറപ്പാടാണ്. യുദ്ധത്തിന്റെ അവസാനമല്ല, തുടക്കമാണിതെന്നും ഹൂതികൾ പ്രതികരിച്ചു. ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക പങ്കാളികളായാൽ ചെങ്കടലിൽ യു.എസ് കപ്പലുകളെ ആക്രമിക്കുമെന്ന ഭീഷണിയുമായി കഴിഞ്ഞ ദിവസം ഹൂതികൾ രംഗത്തെത്തിയിരുന്നു.

സയണിസ്റ്റ് ഭരണകൂടത്തിന് വേണ്ടി ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായാൽ ചെങ്കടലിലെ യുഎസ് യുദ്ധക്കപ്പലുകൾക്ക് കനത്ത പ്രഹരങ്ങൾക്ക് കാരണമാകുമെന്ന് ഹൂതികൾ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

Advertising
Advertising

ഫോർദോ ഉൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടു.ഫോർദോക്ക് പുറമെ നതൻസ് , ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലാണ് യു എസ് ബോംബ് വർഷിച്ചത്. ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ് പറഞ്ഞു.

അതേസമയം,റേഡിയേഷൻ ഇല്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ഇറാൻ അറിയിച്ചു. ആക്രമണം ഫോർദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാൻ സ്ഥിരീകരീച്ചു. മുഴുവൻ കേന്ദ്രങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു.ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്.

ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടതായി യുഎസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പസഫിക് സമുദ്രത്തിലെ താവളത്തിൽ ഇവ എത്തിക്കുമെന്ന് പെന്റഗൺ അറിയിച്ചു. ഇറാനിലെ ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ ഇസ്രായേല്‍ യുഎസ് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടതും ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതും.

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം നടത്തിയത്. അതേസമയം,ആക്രമണത്തിൽ ഇസ്രായേൽനേരിട്ട് പങ്കെടുത്തിട്ടില്ലെന്നും അമേരിക്കയാണ് പൂർണമായും പങ്കെടുത്തതെന്നുമാണ് പുറത്ത് വരുന്ന വിവരം.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News