'സാങ്കേതിക തകരാർ മൂലം മിസൈൽ ദിശതെറ്റി പതിച്ചു'; ദാഹജലത്തിന് കാത്തിരുന്ന കുട്ടികളെ കൊന്നൊടുക്കിയതിൽ വിശദീകരണവുമായി ഇസ്രായേൽ സൈന്യം

അഭയാർഥി ക്യാമ്പുകൾക്ക് സമീപം കാനുകളിൽ വെള്ളം നിറക്കാൻ നിന്ന ആറു കുട്ടികൾ ഉൾപ്പെടെ പത്തു പേരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്

Update: 2025-07-14 06:25 GMT
Editor : Lissy P | By : Web Desk

ഗസ്സസിറ്റി: മധ്യ ഗസ്സയിലെ അൽ നുസൈറാത്ത് അഭയാർഥി ക്യാമ്പുകൾക്ക് സമീപം കാനുകളിൽ വെള്ളം നിറക്കാൻ കാത്തിരിക്കുന്നതിനിടെ ആറു കുട്ടികൾ ഉൾപ്പെടെ പത്തു പേരെ കൊലപ്പെടുത്തിയതിൽ വിശദീകരണവുമായി ഇസ്രായേൽ . ഫലസ്തീൻ പോരാളിയെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണമായിരുന്നുവെന്നും സാങ്കേതിക തകരാർ കാരണം ദിശ തെറ്റി ജനങ്ങൾക്ക് മേൽ പതിക്കുകയായിരുന്നുവെന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു.

അതേസമയം,ഇസ്രായേലിന്റെ അവകാശവാദം അംഗീകരിക്കാനാകില്ലെന്ന് അന്താരാഷ്ട്ര അഭിഭാഷകയും നെതർലാൻഡിലെ ഉട്രെക്റ്റ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ജെസീക്ക ഡോർസി പ്രതികരിച്ചു. ഗസ്സയിലെ സാധാരണക്കാരെ സംരക്ഷിക്കാൻ ഇസ്രായേൽ സൈന്യം മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് അവർ പറഞ്ഞു.

Advertising
Advertising

''യുദ്ധത്തിൽ തെറ്റുകൾ സംഭവിക്കാറുണ്ട്, എന്നാൽ ഒരു പ്രത്യേക ഘട്ടത്തിൽ, കഴിഞ്ഞ 21 മാസമായി നമ്മൾ കണ്ട സിവിലിയൻ ദ്രോഹത്തിന്റെ രീതി കണക്കിലെടുക്കുമ്പോൾ, ഇതിനെ തെറ്റെന്ന് എന്ന് വിളിക്കുന്നതിനെ ചോദ്യം ചെയ്യണം, വാസ്തവത്തിൽ, ഇത് അവരുടെ പ്രവർത്തനരീതിയാണോ എന്ന് അന്വേഷിക്കണം,'' ജെസീക്ക അൽ ജസീറയോട് പറഞ്ഞു.

കഴിഞ്ഞദിവസം ഗസ്സ സിറ്റി മാർക്കറ്റിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രമുഖ ഡോക്ടർ അഹമ്മദ് ഖാൻഡിൽ ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഞായറാഴ്ച മാത്രം ഇസ്രായേൽ ആക്രമണത്തിൽ 95 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതോടെ ഇസ്രായേൽ അധിനിവേശത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 58,026 കവിഞ്ഞു.

2023 ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ടവരിൽ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളുമാണ്.  138,500 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.യുദ്ധവും ഇസ്രായേലിന്റെ ഉപരോധവും മൂലം ഗസ്സയിലെ 2.1 ദശലക്ഷം ആളുകളാണ് പട്ടിണിയുടെ വക്കിലെത്തിയിരിക്കുന്നത്. പോഷകാഹാരക്കുറവ് മൂലം നിരവധി കുഞ്ഞുങ്ങളാണ് ഗസ്സയിൽ മരിച്ചുവീഴുന്നത്.

ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 67 കുട്ടികളെങ്കിലും പോഷകാഹാരക്കുറവ് മൂലം മരിച്ചുവെന്നാണ് ഗസ്സയിലെ ആരോഗ്യമന്ത്രാലയം പറയുന്നത്. ജൂണിൽ ഗസ്സയിലെ 5,800-ലധികം കുട്ടികൾക്ക് പോഷകാഹാരക്കുറവ് കണ്ടെത്തിയതായി യുഎൻ കുട്ടികളുടെ ഏജൻസിയായ യുണിസെഫ് അറിയിച്ചിരുന്നു. ഇതിൽ 1,000-ത്തിലധികം കുട്ടികൾ ഗുരുതരാവസ്ഥയിലാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News