ഹോർമുസിന് പിന്നാലെ ബാബുൽ മൻദബും അടക്കാൻ ഇറാൻ; 'കണ്ണുനീരിന്റെ കവാടം' അടഞ്ഞാൽ എന്ത് സംഭവിക്കും?

യമനും ആഫ്രിക്കൻ രാജ്യങ്ങളായ ജിബൂട്ടി, എറിത്രിയ എന്നിവയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ കടലിടുക്ക്, ചെങ്കടലിനെയും ഗൾഫ് ഓഫ് ഏദനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണ്

Update: 2026-04-07 02:56 GMT

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് ഉടനെ തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി കേന്ദ്രങ്ങൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്നാൽ വേണ്ടത് സമ്പൂര്‍ണ യുദ്ധവിരാമമാണെന്നും വെടിനിര്‍ത്തലിന് തയ്യാറല്ലെന്നും ഇറാൻ മറുപടി നല്‍കി. ഹോർമുസിന് പിന്നാലെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കപ്പൽ പാതകളിലൊന്നായ ബാബുൽ മൻദബ് കടലിടുക്ക് കൂടി അടച്ചുപൂട്ടാൻ തയ്യാറെടുക്കുകയാണ് ഇറാൻ.

ലോകത്തിലെ എണ്ണയുടെ ഏകദേശം 20% ഉം ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (LNG) 25% ഉം പ്രതിവർഷം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് ലോക വാണിജ്യത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയുണ്ടായ ഈ പുതിയ നീക്കം ആഗോള ഊർജ വിതരണത്തെയും വ്യാപാരത്തെയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

Advertising
Advertising

പ്രകോപനത്തിന് പിന്നിലെ കാരണം

ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഇറാൻ തടസപ്പെടുത്തിയതാണ് നിലവിലെ പ്രശ്നങ്ങളുടെ അടിസ്ഥാനം. ഈ പാത ഉടനടി തുറന്നുകൊടുത്തില്ലെങ്കിൽ ഇറാനിലെ പ്രധാന ഊർജ നിലയങ്ങൾക്കും പാലങ്ങൾക്കും നേരെ ബോംബാക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ്‌ ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ ഈ ഭീഷണിക്ക് മറുപടിയായാണ് ഇറാൻ്റെ പരമോന്നത നേതാവിൻ്റെ ഉപദേശകനായ അലി അക്ബർ വിലായത്തി പുതിയ പ്രഖ്യാപനം നടത്തിയത്. അമേരിക്ക വീണ്ടും ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ മുതിർന്നാൽ, കേവലം ഒറ്റ നീക്കത്തിലൂടെ ആഗോള ഊർജ വിതരണവും വ്യാപാരവും പൂർണമായി സ്തംഭിപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബാബുൽ മൻദബിൻ്റെ തന്ത്രപ്രധാന പ്രാധാന്യം

യമനും ആഫ്രിക്കൻ രാജ്യങ്ങളായ ജിബൂട്ടി, എറിത്രിയ എന്നിവയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ കടലിടുക്ക്, ചെങ്കടലിനെയും ഗൾഫ് ഓഫ് ഏദനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണ്. ലോകത്തെ ആകെയുള്ള കപ്പൽ വ്യാപാരത്തിൻ്റെ പത്ത് ശതമാനത്തോളം നടക്കുന്നത് ഈ പാതയിലൂടെയാണ്. ചൈന, ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്കുള്ള ചരക്കുനീക്കത്തിൻ്റെ പ്രധാന ആശ്രയം കൂടിയാണിത്. ഇതിനെല്ലാം പുറമെ, ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന നിലവിലെ സാഹചര്യത്തിൽ, സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ യൂറോപ്പിലേക്കും മറ്റും എണ്ണ കയറ്റുമതി ചെയ്യാൻ ഇപ്പോൾ പൂർണമായും ആശ്രയിക്കുന്നത് ബാബുൽ മൻദബിനെയാണ്.

ബാബുൽ മൻദബ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തെ, പ്രത്യേകിച്ച് യൂറോപ്പും പശ്ചിമേഷ്യയുമായുള്ള ഇടപാടുകളെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്. എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ, രാസവസ്തുക്കൾ തുടങ്ങി ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങൾ ഭൂരിഭാഗവും സൂയസ് കനാൽ-ചെങ്കടൽ പാതയിലൂടെയാണ് നീങ്ങുന്നത്. ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള ആകെ കയറ്റുമതിയുടെ 80 ശതമാനവും ബാബുൽ മൻദബ് വഴിയുള്ള ചെങ്കടൽ പാതയെയാണ് ആശ്രയിക്കുന്നത്.

കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാൻ്റെ ശേഷി

ഈ തന്ത്രപ്രധാനമായ കടലിടുക്കിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്നത് യമനിലെ ഹൂത്തികളാണ്. പശ്ചിമേഷ്യയിൽ ഇറാൻ നേതൃത്വത്തിലുള്ള സ്റ്റേറ്റ്, നോൺ-സ്റ്റേറ്റ് പാർട്ടികളുടെ ഒരു അനൗപചാരിക സൈനിക സഖ്യമാണ് ആക്സിസ് ഓഫ് റെസിസ്റ്റൻസിലെ പ്രമുഖ കക്ഷിയാണ് ഹൂത്തികൾ. ഹൂത്തികൾക്ക് ബാബുൽ മൻദബിലൂടെയുള്ള ഗതാഗതം വളരെ എളുപ്പത്തിൽ തടസപ്പെടുത്താൻ സാധിക്കും. വാണിജ്യ കപ്പലുകൾക്ക് നേരെ ഏതാനും ആക്രമണങ്ങൾ നടത്തിയാൽ മാത്രം മതിയാകും ഈ വഴിയുള്ള കപ്പൽ ഗതാഗതം പൂർണമായും സ്തംഭിപ്പിക്കാൻ. മുൻപ് ഗസ്സ യുദ്ധകാലത്ത്, ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂത്തികൾ സമാനമായ രീതിയിൽ ആക്രമണങ്ങൾ നടത്തുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്ത ചരിത്രവുമുണ്ട്.

ആഗോള സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്ന പ്രതിസന്ധി

ബാബുൽ മൻദബും ഹോർമുസ് കടലിടുക്കും ഒരേസമയം അടഞ്ഞുകിടക്കുന്ന ഒരു സാഹചര്യം വന്നാൽ, അത് ലോകമെമ്പാടുമുള്ള എണ്ണ, പ്രകൃതിവാതക വിതരണത്തിൻ്റെ ഇരുപത്തിയഞ്ച് ശതമാനത്തോളം ഇല്ലാതാക്കും. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പശ്ചിമേഷ്യൻ വിദഗ്ധയായ എലിസബത്ത് കെൻഡൽ ഈ സാഹചര്യത്തെ ഒരു വലിയ പേടിസ്വപ്നമായാണ് വിലയിരുത്തുന്നത്. ഇന്ധന വിതരണം തടസപ്പെടുന്നതോടെ ആഗോളതലത്തിൽ അതിരൂക്ഷമായ ഒരു ഊർജ പ്രതിസന്ധി ഉടലെടുക്കും. ഇന്ധന വിലയിലുണ്ടാകുന്ന വൻ വർധനവ് ലോകമെമ്പാടുമുള്ള ഫാക്ടറികളുടെ പ്രവർത്തനങ്ങളെയും ചരക്കുനീക്കത്തെയും ബാധിക്കുകയും, ആഗോള സാമ്പത്തിക വ്യവസ്ഥയെ കടുത്ത വിലക്കയറ്റത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും തള്ളിവിടുകയും ചെയ്യും.

ഹോർമുസ് കടലിടുക്കിന് പുറമെ ബാബുൽ മൻദബ് കൂടി അടച്ചുപൂട്ടേണ്ടി വന്നാൽ, ആഗോള ഷിപ്പിങ് കമ്പനികൾക്ക് തങ്ങളുടെ കപ്പലുകൾ ആഫ്രിക്കൻ വൻകര ചുറ്റി 'കേപ്പ് ഓഫ് ഗുഡ് ഹോപ്പ്' വഴി തിരിച്ചുവിടേണ്ടി വരും. ഇത് യാത്രാദൂരത്തിൽ 4,000 മുതൽ 6,000 നോട്ടിക്കൽ മൈലിന്റെ വർധനവുണ്ടാക്കും. കപ്പലുകൾ ലക്ഷ്യസ്ഥാനത്തെത്താൻ 14 മുതൽ 20 ദിവസങ്ങൾ വരെ അധികമെടുക്കുന്നതിനൊപ്പം ചരക്കുകടത്ത് കൂലിയിൽ ഭീമമായ വർധനവിനും ഇത് കാരണമാകും.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News