ഗസ്സയിൽ താത്കാലിക ആശ്വാസം; റമദാനിൽ ആക്രമണം വേണ്ടെന്ന അമേരിക്കൻ നിർദേശം ഇസ്രായേൽ അംഗീകരിച്ചു

ഈജിപ്തിൽ നടന്ന രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു

Update: 2025-03-02 08:10 GMT
Editor : സനു ഹദീബ | By : Web Desk

ഗസ്സ സിറ്റി: ഗസ്സയിൽ താത്കാലിക ആശ്വാസം. റമദാനിൽ ആക്രമണം വേണ്ടെന്ന അമേരിക്കൻ നിർദേശം അംഗീകരിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. ഗസ്സ വെടിനിർത്തൽ കരാറിന്റെ ഒന്നാംഘട്ടം അവസാനിച്ച സാഹചര്യത്തിലാണ് അമേരിക്ക പുതിയ നിർദേശം മുന്നോട്ടുവെച്ചത്. ഈജിപ്തിൽ നടന്ന രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

അതേസമയം, ഹമാസിന്റെ പക്കലുള്ള ബന്ദികളിൽ പകുതി പേരെ ഇപ്പോൾ കൈമാറണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് അംഗീകരിച്ചില്ല. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അതിക്രമം തുടരുന്നു. കരാറിൽ നിന്ന് പിറകോട്ട് പോകാൻ നെതന്യാഹുവിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രണ്ട് ബന്ധികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഇത്തരം സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് നെതന്യാഹു തിരിച്ചടിച്ചു.

Advertising
Advertising

ഗസ്സ വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടവെടിനിർത്തൽ സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളിൽ തീരുമാനമാകാത്തത് മൂലം ഇസ്രായേൽ സംഘം കൈറോയിൽ നിന്ന് മടങ്ങിയിരുന്നു. യു.എസ്​ ഇടപെടലിനെ തുടർന്ന് ഇസ്രായേൽ ചർച്ചക്ക്​ തയാറായെങ്കിലും ആദ്യ ധാരണകളിൽ നിന്ന് പിന്നോട്ടുപോകാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് ഹമാസ് നിലപാടെടുത്തു. രണ്ടാം ഘട്ടത്തിൽ ഫിലഡൽഫി ഇടനാഴിയിൽ നിന്നടക്കം ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ സമ്പൂർണ്ണ പിൻമാറ്റം വ്യവസ്ഥയായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി ഇസ്രായേൽ മുന്നോട്ടു പോയതും കരാർ അനിശ്ചിതത്വത്തിലാക്കി. വിഷയത്തിൽ ഇസ്രായേൽ അടിയന്തര സുരക്ഷാ യോഗം ഇന്ന് രാത്രി ചേരും.

കരാർ തുടരണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. അതേസമയം ഇസ്രായേലിന് മൂന്ന് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ അമേരിക്ക ഉടൻ കൈമാറും. കവചിത ബുൾഡോസറുകൾ ഉൾപ്പെടെ മൂന്ന് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ കൂടി ഇസ്രായേലിന് കൈമാറാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News