'പാവകൾ, ടെഡി ബിയറുകൾ, വർണപന്തുകൾ'; ​ഗസ്സയിൽ കളിപ്പാട്ടങ്ങളുടെ രൂപത്തിൽ സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ച് ഇസ്രായേൽ- പരിക്കേറ്റത് നിരവധി കുട്ടികൾക്ക്

അധിനിവേശ സൈന്യം വീടുകൾ നശിപ്പിക്കുക മാത്രമല്ല, കുട്ടികളുടെ കൈകളിൽ ബോംബുകൾ നൽകിയാണ് മടങ്ങിപ്പോയതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയ ഡയറക്ടർ ജനറൽ ഡോ. മുനീർ അൽബർഷ് പറഞ്ഞു

Update: 2025-11-04 10:39 GMT

ഗസ്സ: കളിപ്പാട്ടങ്ങളുടെയും പാവകളുടെയും രൂപത്തിൽ ഇസ്രായേൽ ഒളിപ്പിച്ചുവെച്ച സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഗസ്സയിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രാലയം. ഒളിഞ്ഞിരിക്കുന്ന സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അവയവങ്ങൾ നഷ്ടപ്പെട്ടതുൾപ്പെടെ ഗുരുതരമായ പരിക്കുകളോടെ ദിവസവും നിരവധി കുട്ടികളാണ് ചികിത്സ തേടുന്നത്.

പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകളും കളിപ്പാട്ടങ്ങളുടെ രൂപത്തിൽ ഒളിപ്പിച്ചുവെച്ച സ്‌ഫോടക വസ്തുക്കളും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലുണ്ട്. ഗസ്സയിലെ കുട്ടികൾ വലിയ ഭീഷണിയാണ് നേരിടുന്നതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയ ഡയറക്ടർ ജനറൽ ഡോ. മുനീർ അൽബർഷ് പറഞ്ഞു. ഇത്തരം ഉപകരണങ്ങൾ ചെറിയ കുഞ്ഞുങ്ങൾക്ക് പോലും വലിയ ഭീഷണിയായി മാറുകയാണ് എന്ന് പറഞ്ഞ അൽബർഷ് ഇസ്രായേൽ നടപടിയെ അപലപിച്ചു.

Advertising
Advertising

വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും തകർന്ന കെട്ടിടാവശിഷ്ടങ്ങളിലും സമീപത്തും പൊട്ടാത്ത സ്‌ഫോടക വസ്തുക്കൾ വൻതോതിൽ അവശേഷിക്കുന്നുണ്ട്. കുട്ടികളുടെ കളിപ്പാട്ടങ്ങളോട് സാമ്യമുള്ള ബൂബി ട്രാപ്പ് ഉപകരണങ്ങൾ വൻതോതിൽ നിക്ഷേപിച്ചതാണ് വലിയ വെല്ലുവിളിയാകുന്നത്. അധിനിവേശ സൈന്യം വീടുകൾ നശിപ്പിക്കുക മാത്രമല്ല, കുട്ടികളുടെ കൈകളിൽ ബോംബുകൾ നൽകിയാണ് മടങ്ങിപ്പോയത്. കുട്ടികളിലെ ജിജ്ഞാസയും നിഷ്‌കളങ്കതയും കാരണം മുഖം നഷ്ടപ്പെട്ട, അറ്റുപോയ കൈകാലുകളും ചിതറിയ കുഞ്ഞുശരീരങ്ങളുമാണ് എല്ലാ ദിവസവും ആശുപത്രികളിലെത്തുന്നതെന്ന് അൽബർഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പാവകൾ, ടെഡി ബിയറുകൾ വർണപന്തുകൾ തുടങ്ങിയ വസ്തുക്കൾ കുട്ടികളെ വശീകരിക്കാനും പരിക്കേൽപ്പിക്കാനും ഉപയോഗിക്കുന്നു. മനോഹരമായ പന്ത് കണ്ട് കൈനീട്ടുന്ന കുട്ടിക്ക് സ്‌ഫോടനത്തിൽ മുഖം പൊട്ടിത്തെറിക്കുകയാണ്. ചെറിയ ടെഡി ബിയറുകൾ കുട്ടികൾക്ക് അംഗഭംഗം വരുത്തുന്ന ഉപകരണമായി മാറുകയാണെന്നും ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News