​ഗസ്സയിലേക്കുള്ള ​​ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ അവസാന ബോട്ടും പിടിച്ചെടുത്ത് ഇസ്രായേൽ; സാമൂഹികപ്രവർത്തകരെ പരിഹസിച്ച് മന്ത്രി

ഇസ്രായേൽ സേനയുടെ അതിക്രമം അതിജീവിച്ച് മുന്നേറിയ ഏക ബോട്ടായിരുന്നു മാരിനേറ്റ്.

Update: 2025-10-03 13:49 GMT

Photo| Special Arrangement

​ഗസ്സ സിറ്റി: ​ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ​ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ അവസാന ബോട്ടും പിടിച്ചെടുത്ത് ഇസ്രായേൽ. പ്രാദേശിക സമയം രാവിലെ 10.29നാണ് മാരിനേറ്റ് എന്ന പേരിലുള്ള ബോട്ടിൽ ഇസ്രായേൽ സൈന്യം അതിക്രമിച്ചുകടന്നതും പിടിച്ചെടുത്തതും. ​ഗസ്സയിൽ നിന്ന് 42.5 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ഇത്.

ഇസ്രായേൽ സേനയുടെ അതിക്രമം അതിജീവിച്ച് മുന്നേറിയ ഏക ബോട്ടായിരുന്നു മാരിനേറ്റ്. ബുധനാഴ്ച പുലർച്ചെ 120 നോട്ടിക്കൽ മൈൽ എന്ന അപകടമേഖലയിൽ പ്രവേശിച്ചതിനു പിന്നാലെയാണ് ഇസ്രായേൽ സേന ഫ്ലോട്ടിലയിലെ 42 ബോട്ടുളെയും നിയവിരുദ്ധമായി തടഞ്ഞതും ആക്ടിവിസ്റ്റുകളെ തടവിലാക്കിയതും. ആ​ഗോള പ്രതിഷേധം വകവയ്ക്കാതെയാണ് ഇസ്രായേൽ നടപടി.

Advertising
Advertising

അതേസമയം, തടവിലാക്കിയ ഫ്ലോട്ടില ആക്ടിവിസ്റ്റുകളെ പരിഹസിച്ച തീവ്ര വലതുപക്ഷ ഇസ്രായേൽ മന്ത്രി ഇറ്റാമർ ബെൻ ​ഗ്വിർ, അവർ ഭീകരതയെ പിന്തുണയ്ക്കുകയാണെന്നും ആരോപിച്ചു. യാത്ര തുടർന്നാൽ തടയുമെന്ന് ഇസ്രായേൽ സേന മാരിനേറ്റിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസായേൽ സേന കടന്നുകയറുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ മാരിനേറ്റിലെ ആക്ടിവിസ്റ്റുകൾ പുറത്തുവിട്ടിരുന്നു.

​ഗസ്സയിലേക്ക് മാനുഷിക സഹായം വഹിച്ചുകൊണ്ടുപോയ ​ഗ്ലോബൽ സുമൂദ് ഫ്ലോട്ടില, ഇസ്രായേൽ ഉപരോധം തകർക്കാൻ ഇതുവരെയുണ്ടായതിൽ വച്ചേറ്റവും വലിയ ശ്രമമായിരുന്നു. ബുധനാഴ്ച രാത്രി ആരംഭിച്ച ഇസ്രായേലിന്റെ ആക്രമണം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തുടർന്നു.

ബോട്ടുകൾ തടഞ്ഞ ഇസ്രായേൽ നേവി, സ്വിഡീഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ്, നെൽസൺ മണ്ടേലയുടെ ചെറുമകൻ മാണ്ട്ല മണ്ടേല, ഫ്രാൻസിൽനിന്നുള്ള യൂറോപ്യൻ യൂനിയൻ പാർലമെന്റ് അംഗം എമ്മ ഫോറ്യൂ, ബാഴ്സലോണ മേയർ അഡാ കോലോവ് എന്നിവരുൾപ്പെടെയുള്ള സാമൂഹികപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് തടങ്കലിൽ വച്ചിരിക്കുകയാണ്‌ ഇസ്രായേൽ.‍ ഇവരിൽ 200ലധികം ആക്ടിവിസ്റ്റുകളെ ജയിൽ സർവീസിലേക്ക് മാറ്റി. നാല് പേരെ നാടുകടത്തി.

ഫ്ലോട്ടിലയെ തടഞ്ഞതിൽ യൂറോപ്പിൽ ഉൾപ്പടെ വ്യാപക പ്രതിഷേധം ഉയർന്നു. നടപടിയെ സ്​പെയിൻ, കൊളംബിയ, ഇറ്റലി തുടങ്ങിയ ലോകരാജ്യങ്ങൾ ഭീകരകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും വിലയിരുത്തി. ബോട്ടുകൾ പിടിച്ചെടുത്തതിനെതിരെ ഇറ്റലിയിലെ ഏറ്റവും വലിയ തൊഴിലാളി യൂനിയനായ സിജിഐഎൽ ഇന്ന്​ രാജ്യവ്യാപക പൊതുപണിമുടക്ക് പ്രഖ്യാപിച്ചു.

ഫ്ലോട്ടിലയ്ക്ക് ഐക്യദാർഢ്യവുമായി ഡസൻ കണക്കിന് തുർക്കിയ ബോട്ടുകളാണ് ഫലസ്തീൻ പതാകയുമായി ഹതായ് തീരത്ത് യാത്ര ചെയ്തത്. ഫ്ലോട്ടിലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കൊളംബിയയിൽ നിന്നുള്ള മുഴുവൻ ഇസ്രായേലി നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടു.

ആഗസ്റ്റ് 31ന് സ്​പെയിനിലെ വിവിധ തുറമുഖങ്ങൾ, തുനീഷ്യ, ഇറ്റലിയിലെ സിസിലി എന്നിവിടങ്ങളിൽ നിന്നായി പുറപ്പെട്ട 42 ചെറുകപ്പലുകളാണ് ഇസ്രാ​യേൽ പിടികൂടിയത്. കപ്പലിൽ 40ലധികം രാജ്യങ്ങളിൽനിന്നായി 500 ആക്ടിവിസ്റ്റുകളാണുള്ളത്​. 






Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News