യുഎൻ അഭ്യർഥന തള്ളിയ ഇസ്രായേൽ ഗസ്സയിൽ ആക്രമണം ശക്തമാക്കി; 61 പേര്‍ കൂടി കൊല്ലപ്പെട്ടു
ഗസ്സയിലേക്കുള്ള വെള്ളവും വൈദ്യുതിയും വിഛേദിച്ച് ഫലസ്തീനികളെ കൊന്നൊടുക്കണമെന്ന് തീവ്ര വലതുപക്ഷ മന്ത്രി സ്മോട്രിക് ആവശ്യപ്പെട്ടു
തെൽ അവിവ്: യുഎൻ രക്ഷാസമിതിയുടെ അഭ്യർഥന തള്ളിയ ഇസ്രായേൽ, ഗസ്സ സിറ്റിക്ക് നേരെയുള്ള ആക്രമണം കൂടുതൽ ശക്തമാക്കി. സഹായം തേടിയെത്തിയ 19 പേരുൾപ്പെടെ 61 പേരെ 24 മണിക്കൂറിനിടെ കൊന്നൊടുക്കി. ഗസ്സയിലേക്കുള്ള വെള്ളവും വൈദ്യുതിയും വിഛേദിച്ച് ഫലസ്തീനികളെ കൊന്നൊടുക്കണമെന്ന് തീവ്ര വലതുപക്ഷ മന്ത്രി സ്മോട്രിക് ആവശ്യപ്പെട്ടു. യുദ്ധാനന്തര ഗസ്സയുടെ ഭാവി പദ്ധതി വിലയിരുത്തി വൈറ്റ് ഹൗസിൽ ഉന്നതതല യോഗം ചേരും.
ഗസ്സയിൽ നിരുപാധികവും ശാശ്വതവുമായ വെടിനിർത്തൽ ഉടൻ വേണമെന്ന യുഎൻ രക്ഷാസമിതിയുടെ അഭ്യർഥന ഇസ്രായേൽ തള്ളി. ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ നിന്ന് ഇസ്രായേൽ പിൻമാറണമെന്ന യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസിന്‍റെ ആഹ്വാനം നിരാകരിച്ച ഇസ്രായേൽ ആക്രമണം കൂടുതൽ ശക്തമാക്കി. വടക്കൻ ഗസ്സയിലെ സൈത്തൂൻ പ്രദേശത്ത് കുറഞത് 1500 വസതികൾ ഇസ്രായേൽ സേന ഇടിച്ചു നിരത്തി. ഇവിടെ നിന്ന് ആയിരങ്ങളെയാണ് സേന പുറന്തള്ളിയത്. ഇന്നലെ മാത്രം 61 പേരെയാണ് ഇസ്രായേൽ കൊന്നൊടുക്കിയത്. ഇവരിൽ 19 പേർ ഭക്ഷണം തേടിയെത്തിയ പട്ടിണിപ്പാവങ്ങളാണ്. ഗസ്സയിലേക്കുള്ള വൈദ്യുതിയും വെള്ളവും പൂർണമായി വിച്ഛേദിച്ച് ഫലസ്തീനികളെ മുഴുവൻ പുറന്തള്ളണമെന്ന് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രി സ്മോട്രിക് ആവശ്യപ്പെട്ടു.
വെടിവെച്ചോ പട്ടിണിക്കൊല മുഖേനയോ ഫലസ്തീൻ വംശഹത്യ നടപ്പാക്കണമെന്നും സ്മോട്രിക് പറഞ്ഞു. പട്ടിണി ആയുധമാക്കി ഫലസ്തീൻ ജനതയെ ഉൻമൂലനം ചെയ്യാനുള്ള ഇസ്രായേൽ പദ്ധതിയുടെ വിളംബരമാണ് സ്മോട്രികിന്റെ പ്രസ്താവനയെന്ന് ഹമാസ് കുറ്റപ്പെടുത്തി. അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ രക്ഷാ സമിതിയുടെ സംയുക്ത പ്രസ്താവനയിൽ നിന്ന് വിട്ടുനിന്ന അമേരിക്ക, വൈറ്റ്ഹൗസിൽ ഗസ്സയുടെ ഭാവി സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേർന്നു.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടോണി ബ്ലയർ, ജറദ് കുഷ്നർ, ഇസ്രായേൽ മന്ത്രി റോൺ ഡർമർ എന്നിവരും സംബന്ധിച്ചു. ഗസ്സയിൽ യു.എസ് മേൽനോട്ടത്തിലുള്ള ബദൽ സർക്കാർ സംവിധാനം രൂപപ്പെടുത്താൻ യോഗം തീരുമാനിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ, യെമൻ തലസ്ഥാനമായ സൻആയിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തി.