ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹൈത്തം അലി തബതബായി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ബൈറൂത്തിന്റെ തെക്കൻ മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് ലബനാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു

Update: 2025-11-24 05:02 GMT

ബൈറൂത്ത്: ഹിസ്ബുല്ലയുടെ മുതിർന്ന സൈനിക കമാൻഡർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ലെബനാൻ തലസ്ഥാനമായ ബൈറൂത്തിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹൈത്തം അലി തബതബായിയെ വധിച്ചത്. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റു.

ഹിസ്ബുല്ലയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ആയുധശേഖരം മെച്ചപ്പെടുത്താനും ചുമതലയുള്ളയാളാണ് തബതബായി. ബൈറൂത്തിന്റെ തെക്കൻ മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് ലബനാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Advertising
Advertising

ഹാറത് ഹരീക് മേഖലയിലെ കെട്ടിടത്തിൽ മൂന്ന് മിസൈലുകളാണ് പതിച്ചത്. വാഹനങ്ങൾക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. ഒമ്പത് നില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് ആക്രമണമുണ്ടായതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. യുഎസ് മധ്യസ്ഥതയിൽ മൂന്ന് വർഷം മുമ്പ് ഒപ്പുവെച്ച വെടിനിർത്തൽ കരാർ നിലനിൽക്കുമ്പോഴാണ് ബെയ്‌റൂത്തിൽ ഇസ്രായേൽ ആക്രമണം നടത്തിയത്.

തബതബായിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ വർഷത്തെ യുദ്ധത്തിന് ശേഷം തബതബായിയെ ലക്ഷ്യമിട്ട് നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ പറഞ്ഞു. ഇസ്രായേൽ ആക്രമണം എല്ലാ പരിധിയും ലംഘിക്കുന്നതാണെന്നും തിരിച്ചടിക്കണോ എന്ന് നേതൃത്വം ആലോചിച്ചുവരികയാണെന്നും മുതിർന്ന ഹിസ്ബുല്ല ഉദ്യോഗസ്ഥൻ മഹ്മൂദ് ഖുമാത്തി പറഞ്ഞു.

ലബനീസ് വംശജയായ മാതാവിന്റെയും ഇറാനിയൻ വംശജനായ പിതാവിന്റെയും മകനായി 1968ൽ ബൈറൂത്തിലാണ് തബാതബായി ജനിച്ചത്. 12-ാം വയസ്സിലാണ് അദ്ദേഹം ഹിസ്ബുല്ല അംഗമായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News