ലെബനാനിലെ 26 പട്ടണങ്ങളില്‍നിന്ന് സിവിലിയന്മാര്‍ അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേല്‍

വീടുകളുപേക്ഷിച്ച് അവാലി നദിയുടെ വടക്കൻ പ്രദേശത്തേക്ക് മാറാൻ ആവശ്യം

Update: 2024-10-07 05:54 GMT
Editor : ദിവ്യ വി | By : Web Desk

തെൽ അവീവ്: ലെബനാനിൽ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി തെക്കൻ ലെബനാനിലെ 26 അതിർത്തി പട്ടണങ്ങളിലെ സിവിലിയന്മാരോട് അടിയന്തരമായി ഒഴിയാൻ ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം. വാർത്താ ഏജൻസിയായ അനഡോലു ഏജൻസിയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ഇസ്രായേൽ പ്രതിരോധ സേനയിലെ ലെഫ്റ്റനന്റ് കേണലും വക്താവുമായ അവിചയ് അദ്രേയ് ആണ് ലെബനീസ് നിവാസികളോട് അവരുടെ വീടുകളുപേക്ഷിച്ച് തെക്കൻ ലെബനൻ നഗരമായ സിഡോണിന് വടക്ക് സ്ഥിതി ചെയ്യുന്ന അവാലി നദിയുടെ വടക്കൻ പ്രദേശത്തേക്ക് എത്രയും വേഗം മാറാൻ ആവശ്യപ്പെട്ടത്. ലെബനനിലെ സുപ്രധാന നഗരങ്ങളായ ഹൗല, മെയിസ് ഇജ് ജബൽ, മജ്ദൽ സെലം എന്നിവിടങ്ങളെയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

Advertising
Advertising

അതേസമയം ലെബനാനെതിരെ വലിയ ആക്രമണം ഇസ്രായേൽ പദ്ധതിയിടുന്നതിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടെന്ന വ്യാജേന ഇസ്രായേൽ ലെബനാനിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതയിൽ ഇതിനോടകം ആയിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. രണ്ട് ലക്ഷത്തിലധികം സിവിലിയന്മാർ ലെബനാനിൽ നിന്നും പലായനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ലെബനാനിൽ കനത്ത വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ഇതിന് പുറമെ കരയാക്രമണത്തിനും സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്. ഏതു നിമിഷവും ഇരച്ചുകയറി ആക്രമണം നടത്താൻ തന്റെ സൈന്യം തയ്യാറാണെന്ന് നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News