വെടിനിർത്തൽ കരാർ ലംഘിച്ച് ബെയ്‌റൂത്തിന് നേരെ ഇസ്രായേൽ ആക്രമണം: വ്യാപക പ്രതിഷേധം

കഴിഞ്ഞ വർഷം നവംബറിൽ രൂപപ്പെടുത്തിയ വെടിനിർത്തൽ കരാർ ലംഘിച്ചാണ് ദക്ഷിണ ബെയ്‌റൂത്തിലെ കെട്ടിടത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്‌

Update: 2025-04-28 02:17 GMT
Editor : rishad | By : Web Desk

ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്​റൂത്തിന്​ നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ വർഷം നവംബറിൽ രൂപപ്പെടുത്തിയ വെടിനിർത്തൽ കരാർ ലംഘിച്ചാണ്​ ദക്ഷിണ ബെയ്​റൂത്തിലെ കെട്ടിടത്തിന് നേരെ ഇന്നലെ(ഞായറാഴ്ച) ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്​.

പ്രദേശത്ത് നിന്ന്​ ആളുകളോട്​ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷമായിരുന്നു ആക്രമണം. ആളപായം സംബന്ധിച്ച റിപ്പോർട്ടുകൾ​ ലഭ്യമല്ല. ഹിസ്​ബുല്ലയുടെ മിസൈൽ ശേഖരം ലക്ഷ്യം വെച്ചാണ്​ ആക്രമണം നടത്തിയതെന്നാണ്​ ഇസ്രായേൽ നൽകുന്ന വിശദീകരണം. എന്നാൽ ലബനാൻ സർക്കാറും ഹിസ്​ബുല്ലയും ഇത് നിഷേധിച്ചു.

Advertising
Advertising

അടിക്കടി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിൽ നിന്ന്​ ഇസ്രായേലിനെ തടഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന്​ ലബനാൻ പ്രസിഡന്‍റ്​ ജോസഫ്​ അവോൻ പറഞ്ഞു. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച അമേരിക്കയോടും ഫ്രാൻസിനോടും രാജ്യത്തിനെതിരായ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം ഗസ്സയിലും കൂടുതൽ ശക്തമായ ആക്രമണം ഇസ്രായേൽ തുടരുകയാണ്​. ഇന്നലെ മാത്രം 50 പേരാണ്​ കൊല്ലപ്പെട്ടത്​. ആക്രമണവും ഉപരോധവും തുടരുന്ന ഗസ്സയിൽ, പട്ടിണി ഏറെക്കുറെ സമ്പൂർണമാണെന്ന്​ യുഎൻ വ്യക്​തമാക്കി. ഭക്ഷ്യശേഖരം തീർന്നിരിക്കെ, ആയിരങ്ങൾ പതുക്കെ മരണത്തിന് കീഴടങ്ങേണ്ടി വരുമെന്നും യുഎൻ മുന്നറിയിപ്പ്​ നൽകി.

ഇതിനിടെ, ഗസ്സയിലെ വെടിനിർത്തൽ ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്ന്​ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും വ്യക്തമാക്കിയെങ്കിലും ആക്രമണം തുടരാൻ തന്നെയാണ്​ ഇസ്രായേൽ തീരുമാനമെന്ന്​ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ഒരു നിലക്കും അനുവദിക്കില്ലെന്നും നെതന്യാഹു വ്യക്​തമാക്കി.   

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News