ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള യാത്ര റദ്ദാക്കി വന്‍കിട ഷിപ്പിങ് കമ്പനികള്‍
ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് ഇന്നലെ മുതല്‍ മുന്നറിയിപ്പുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു
തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള യാത്ര റദ്ദാക്കി വന്‍കിട ഷിപ്പിങ് കമ്പനികള്‍. ഹപഗ് ലോയ്ഡ് ഉള്‍പ്പെടെ വിവിധ ഷിപ്പിങ് ലൈനുകള്‍ സര്‍വീസ് റദ്ദാക്കി. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് ഇന്നലെ മുതല്‍ മുന്നറിയിപ്പുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കടലിടുക്ക് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടയാനാണ് ഇറാന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷം നീളുന്നത് ഗള്‍ഫിലെ ചരക്കുനീക്കത്തെ തന്നെ ബാധിക്കും.
നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ കാത്തിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും സ്തംഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ചരക്കു നീക്കം പ്രതിസന്ധിയിലാകും. ആഗോള വിപണികളെ തന്നെ ബാധിക്കുകയും എണ്ണവില കുത്തനെ കൂടാന്‍ കാരണമാകുകയും ചെയ്യും. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കാന്‍ കപ്പലുകള്‍ക്ക് യുഎസ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഇറാനും ഒമാനും ഇടയിലെ ഇടുങ്ങിയ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് വെറും 33 കിലോമീറ്റര്‍ മാത്രമാണ് വീതി. ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന എക്സിറ്റ് മാര്‍ഗമാണിത്. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചാല്‍ വിതരണ ശൃംഖലയിലുണ്ടാവുന്ന തടസ്സങ്ങള്‍ കാരണം അസംസ്‌കൃത എണ്ണയുടെ വില വര്‍ധിപ്പിക്കും. പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്‍എന്‍ജി വിതരണവും നടക്കുന്നത് ഇതുവഴിയാണ്.
അതിനിടെ, ഇന്ത്യന്‍ നാവികര്‍ക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നാവികര്‍ ജാഗ്രത പാലിക്കണമെന്നും തെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അറിയിച്ചിരിക്കുകയാണ്.