ഗസ്സയിലെ വംശഹത്യ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നു; ലോക രാജ്യങ്ങൾ പ്രതിഷേധം ഉയർത്തണം: മാർത്തോമ്മാ സഭ
ഗസ്സയിലെ സംഘർഷത്തിന് അയവ് വരുന്നതിനും മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനുമായി സെപ്റ്റംബർ 21 ഞായറാഴ്ച മാർത്തോമ്മാ സഭയുടെ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർഥന നടത്തും
പത്തനംതിട്ട: ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മലങ്കര മാർത്തോമ്മാ സഭ. ഇതിനെതിരെ ആഗോളതലത്തിൽ പ്രതിഷേധവും സമ്മർദവും ഉയരണം. ഇസ്രായേൽ ഇപ്പോഴും കടുത്ത കര, വ്യോമ ആക്രമണങ്ങൾ തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 75ൽ കൂടുതൽ ആളുകളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. പതിനായിരങ്ങൾ പലായനം ചെയ്തുകൊണ്ടിരിക്കുന്നു. രണ്ട് വർഷത്തിനിടെ 65,000ൽ കൂടുതൽ ആളുകളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.
ഗസ്സയിലെ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളില്ല. ഭക്ഷണവും മരുന്നുകളും അടക്കമുള്ള അവശ്യവസ്തുക്കൾ ഗസ്സയിലെത്തിക്കാൻ സന്നദ്ധ സംഘടനകൾ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് ഇസ്രായേൽ അനുവദിക്കുന്നില്ല. 10 ലക്ഷത്തോളം വരുന്ന ഗസ്സയിലെ ജനങ്ങളിൽ വലിയൊരു ശതമാനവും പലായനം ചെയ്തു കഴിഞ്ഞു.
ഹമാസ് നടത്തിയ ആക്രമണത്തിന് പ്രതികാരമെന്ന പേരിൽ ഇസ്രായേൽ ആരംഭിച്ച ആക്രമണം ഇപ്പോൾ അതിരുകടന്ന ക്രൂരതയായി മാറിയിരിക്കുന്നു. ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണെന്ന് യുഎൻ അന്വേഷണ കമ്മീഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഗസ്സയിൽ ദീർഘനാളായി നിലനിൽക്കുന്ന ദുരിതം അവസാനിപ്പിക്കാൻ സഭാ സമൂഹം ശബ്ദമുയർത്തണം.
ഗസ്സയിലെ സംഘർഷത്തിന് അയവ് വരുന്നതിനും മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനുമായി സെപ്റ്റംബർ 21 ഞായറാഴ്ച മാർത്തോമ്മാ സഭയുടെ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർഥന നടത്തുമെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പ്രസ്താവനയിൽ പറഞ്ഞു.