ജയിലിന് സമാനം; കുറഞ്ഞ വിലയ്ക്ക് സ്‌കൂൾ വിൽക്കാനുണ്ടെന്ന പരസ്യവുമായി വിദ്യാർഥികൾ

''നിങ്ങൾ ഈ സ്കൂള്‍ വാങ്ങുകയാണെങ്കിൽ എലികളും മറ്റു പ്രാണികളുമായിരിക്കും നിങ്ങളുടെ അയൽക്കാർ''

Update: 2023-06-03 12:32 GMT
Advertising

പഠിക്കുന്ന സ്‌കൂൾ വിൽക്കാനൊരുങ്ങി ഒരുകൂട്ടം വിദ്യാർഥികൾ. അമേരിക്കയിലെ മേരീലാൻഡ് ഫോർട്ട് മീഡ് ഹൈസ്‌കൂളിലെ വിദ്യാർഥികളാണ് തങ്ങളുടെ സ്‌കൂൾ ജയിലിനു സമാനമാണെന്ന വിശദീകരണം നൽകി  വിൽപനയ്ക്കായി വെച്ചത്. സില്ലോ എന്ന വെബ് സൈറ്റിലൂടെയാണ് കുട്ടികൾ പരസ്യം നൽകിയത്. വിൽക്കുന്നതിനുള്ള കൃത്യമായ കാരണവും കുട്ടികൾ വിശദീകരിച്ചിട്ടുണ്ട്.

'12,458 സ്‌ക്വയർഫീറ്റ് വലിപ്പമുള്ള സ്‌കൂളിൽ 20 ബെഡ്‌റൂമുകളും 15 ബാത്‌റൂമുകളുമുണ്ട്. കൂടാതെ നല്ല ഡൈനിങ് റൂമുകൾ അടുക്കള സൗകര്യം, നല്ല പാർക്കിങ് സൗകര്യം, ബാസ്‌കറ്റ് ബോൾ കോർട്ട് തുടങ്ങി എല്ലാം ഉണ്ട്. എന്നാൽ ബാത്‌റൂമുകളിൽ ഡ്രൈനേജ് പ്രശ്‌നമുണ്ട്. കൂടാതെ നിങ്ങൾ ഇതു വാങ്ങുകയാണെങ്കിൽ എലികളും മറ്റു പ്രാണികളെല്ലാമായിരിക്കും നിങ്ങളുടെ അയൽക്കാർ. നിങ്ങളോടൊപ്പം കൂട്ടുകൂടാൻ അവരുണ്ടാകും'- വിദ്യാർഥികള്‍ വിശദീകരിച്ചു. സ്കൂളിന് കുട്ടികള്‍ ഇട്ടിരിക്കുന്ന വിലയാകട്ടെ ഇന്ത്യൻ രൂപ 34 ലക്ഷവും.

നിമിഷ നേരം കൊണ്ടാണ് കുട്ടികളുടെ പരസ്യം വൈറലായത്. വൈറലായതിന് പിന്നാലെ നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തി. സ്‌കൂളിലെ അവസ്ഥ ഇത്രത്തോളം പരിതാപകരമാണെങ്കിൽ ഇതിലും കുറഞ്ഞ വിലയേ ലഭിക്കൂ എന്ന് ചിലർ കമെന്റ് ചെയ്തു. എന്നാൽ ഇത് വിദ്യാർഥികളുടെ തമാശ മാത്രമാണെന്നാണ് സ്‌കൂൾ അധികൃതരുടെ പ്രതികരണം.  ഇത്തരം പ്രവർത്തികൾ മുൻപുള്ള വിദ്യാർഥികളുടെ പക്കൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് സ്‌കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News