മുഹമ്മദ് ദെയ്ഫിന്‍റെ രക്തസാക്ഷിത്വത്തിൽ കണ്ണീർ വാർത്ത് ഫലസ്തീൻ ജനത; കൊല്ലപ്പെട്ടത് യഹ്‍യാ സിൻവാറിനൊപ്പം തന്ത്രങ്ങൾ മെനഞ്ഞ നേതാവ്
ധീരോദാത്തമായ പോരാട്ടത്തിലൂടെ ഫലസ്തീൻ ജനതയുടെ ഹൃദയങ്ങളിൽ സ്വാധീനം പടർത്തിയ സൈനിക തന്ത്രജ്ഞൻ കൂടിയായിരുന്നു മുഹമ്മദ് ദെയ്ഫ്
ഗസ്സ: അൽഖസ്സാം ബ്രിഗേഡ് കമാൻഡർ മുഹമ്മദ് ദെയ്ഫിന്‍റെ രക്തസാക്ഷിത്വത്തിൽ കണ്ണീർ വാർത്ത് ഫലസ്തീൻ ജനത. കൊല്ലപ്പെട്ട ഹമാസ് മേധാവി യഹ്‍യാ സിൻവാറിനൊപ്പം ഹമാസിന്‍റെ സൈനിക തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ് മുഹമ്മദ് ദെയ്ഫ്.
ധീരോദാത്തമായ പോരാട്ടത്തിലൂടെ ഫലസ്തീൻ ജനതയുടെ ഹൃദയങ്ങളിൽ സ്വാധീനം പടർത്തിയ സൈനിക തന്ത്രജ്ഞൻ കൂടിയായിരുന്നു മുഹമ്മദ് ദഈഫ്. പോയ വർഷം ജൂലൈ 13ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ദെയ്ഫ് കൊല്ലപ്പെട്ട വിവരം ഇന്നലെയാണ് ഹമാസ് സ്ഥിരീകരിക്കുന്നത്. 1965ൽ ഖാൻ യൂനുസിലെ അഭയാർഥി ക്യാമ്പിലാണ് മുഹമ്മദ് മസ്‌രി എന്ന മുഹമ്മദ് ദെയ്ഫിന്‍റെ ജനനം. ഗസ്സ ഇസ്‌ലാമിക് സര്‍വകലാശാലയില്‍നിന്ന് സയന്‍സില്‍ ബിരുദം. 1987ല്‍ ഒന്നാം ഇന്‍തിഫാദയുടെ കാലത്ത് ഹമാസിന്‍റെ ഭാഗമായി. 1989ല്‍ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. 16 മാസം തടവിൽ. അൽ ഖസ്സാം ബ്രിഗേഡിന്‍റെ സ്ഥാപകരിൽ പ്രധാനി കൂടിയാണ് മുഹമ്മദ് ദെയ്ഫ്.
2002ൽ ഖസ്സാം ബ്രിഗേഡിന്‍റെ നേതൃപദവിയിൽ ഹമാസിന്‍റെ തുരങ്കങ്ങളുടെ ശൃംഖല വികസിപ്പിച്ചത് ദഈഫ് ആണെന്നാണ് കരുതുന്നത്.നിരവധി തവണ ദഈഫിനെ വധിക്കാൻ ഇസ്രായേൽ നീക്കം നടത്തി. ആക്രമണത്തിനിടെ, ദഈഫിന്‍റെ കണ്ണ് നഷ്ടപ്പെടുകയും കാലിന് പരിക്കേൽക്കുകയും ചെയ്തു. 2014 ആഗസ്തില്‍ ദഈഫിന്‍റെ ഭാര്യയേയും ഏഴു മാസം പ്രായമുള്ള മകനെയും ഇസ്രായേല്‍ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി. ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം ആസൂത്രണം ചെയ്തതിൽ പ്രധാനി മുഹമ്മദ് ദെയ്ഫ് ആണെന്നാണ് ഇസ്രായേൽ വാദം. മുഹമ്മദ് ദെയ്ഫിന്‍റെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് ഹമാസും ഇസ്‌ലാമിക് ജിഹാദും പ്രതികരിച്ചു.