'അസാമാന്യ ധൈര്യം'; ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് നെതന്യാഹു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പൈലറ്റിനെ അഭിനന്ദിച്ച് രംഗത്തെത്തി
തെല്‍ അവീവ്: സൗദി അറേബ്യയിലെ തബൂക്ക് വിമാനത്തില്‍ അടിയന്തരമായി ഇറക്കിയ ഫൈ്‌ല ദുബൈ വിമാനത്തിന്റെ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. എ്ക്‌സിലൂടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിന്റെ അസാധാരണമായ ധൈര്യത്തിന് എന്റെ സല്യൂട്ട്. ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം ചെറുത്തുനിന്നു. കോക്പിറ്റിന്റെ വാതില്‍ തുറന്ന് മറ്റുള്ളവര്‍ക്ക് അക്രമിയെ കീഴടക്കാനുള്ള അവസരമൊരുക്കി. വലിയൊരു ദുരന്തമാണ് അദ്ദേഹം ഒഴിവാക്കിയത്. മച്ചാര്‍ ഒരു ഹിറോയാണെന്നും നെതന്യാഹു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പൈലറ്റിനെ അഭിനന്ദിച്ച് രംഗത്തെത്തി. ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ ഹിറോയാണ്. പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച ധൈര്യവും നിശ്ചയദാര്‍ഢ്യവും അതുല്യമാണ്. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ജീവനുകള്‍ രക്ഷിക്കാനും വലിയ ദുരന്തം ഒഴിവാക്കാനും സഹായിച്ചു. ക്യാപ്റ്റന്‍ മച്ചാറിനെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുകയാണെന്നും മോദി പറഞ്ഞു.
ബുധനാഴ്ച രാവിലെ ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്കു പുറപ്പെട്ട ഫ്‌ലൈ ദുബൈ വിമാനത്തിലാണ് പൈലറ്റുമാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തിനിടെ സ്മിത് മച്ചാറിന് പരിക്കേല്‍ക്കുകയായിരുന്നു.ഇതോടെ വിമാനം സൗദിയിലേക്ക് തിരിച്ചുവിടുകയും തബൂക്ക് വിമാനത്താവളത്തില്‍ ഇറക്കുകയുമായിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെ പിന്നീട് മറ്റൊരു ഫ്‌ലൈ ദുബൈ വിമാനത്തില്‍ ടെല്‍ അവീവില്‍ എത്തിച്ചു.
സംഭവത്തില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ ജനറല്‍ സിവില്‍ഏവിയേഷന്‍ ആണ് അന്വേഷിക്കുക. അന്വേഷണ കണ്ടെത്തല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. പരിക്കേറ്റ ജീവനക്കാര്‍ സൗദിയില്‍ ചികിത്സയിലാണെന്നും കോക്പിറ്റില്‍ സംഘര്‍ഷമുണ്ടായതായും പ്രശ്‌നം നിയന്ത്രണവിധേയമെന്നും അതോറിട്ടി അറിയിച്ചു