ഇറാഖിൽ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റം പൂർത്തിയായെന്ന് പെന്റഗൺ

ഐഎസ് വീണ്ടും ഇറാഖി മണ്ണിൽ തലപൊക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശീലനവും ഇന്റലിജൻസ് സഹായവും തുടർന്നും നൽകുമെന്നും യുഎസ്

Update: 2026-10-01 02:12 GMT

വാഷിങ്ടണ്‍: ഇറാഖിൽ തങ്ങിയിരുന്ന അവസാന അമേരിക്കൻ സൈനിക വിഭാഗവും രാജ്യം വിട്ടതായി പെന്റഗൺ സ്ഥിരീകരിച്ചു. വർഷങ്ങളായി തുടരുന്ന സൈനിക പിന്മാറ്റ പ്രക്രിയയുടെ അവസാന ഘട്ടമാണിത്. ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലുള്ള അർബിൽ എയർബേസിൽ നിന്നാണ് അമേരിക്കൻ സേന മടങ്ങിയതെന്ന് പ്രതിരോധ വകുപ്പ് വക്താവ് ഷോൺ പാർനെൽ വ്യക്തമാക്കി.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിദേശ സൈനിക സാന്നിധ്യത്തിന് ശേഷം രാജ്യത്തിന്റെ പരമാധികാരം പൂർണ്ണമായി വീണ്ടെടുക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായാണ് ഇറാഖ് സർക്കാർ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. 

ഇസ്‌ലാമിക്‌ സ്റ്റേറ്റിനെതിരെ (ഐഎസ്) പോരാടുന്നതിനായി 12 വർഷം മുൻപ് ആരംഭിച്ച 'ഓപ്പറേഷൻ ഇൻഹെറന്റ് റിസോൾവ്' ഇതോടെ അവസാനിച്ചു. രണ്ട് വർഷം മുൻപ് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ പിന്മാറ്റം. യുഎസ് സൈന്യത്തിന്റെ മടങ്ങിപ്പോക്കിനെ ഇറാനും അവരുടെ സഖ്യകക്ഷികളും വലിയ വിജയമായി ആഘോഷിക്കുകയാണ്. ഐഎസിനെ ഇറാഖിൽ പരാജയപ്പെടുത്തിയ സൈനിക ദൗത്യത്തിന്റെ വിജയകരമായ പൂർത്തീകരണമാണിതെന്ന് പെന്റഗൺ കൂട്ടിച്ചേർത്തു. ഐഎസ് വീണ്ടും ഇറാഖി മണ്ണിൽ തലപൊക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശീലനവും ഇന്റലിജൻസ് സഹായവും തുടർന്നും നൽകുമെന്നും യുഎസ് വ്യക്തമാക്കുന്നുണ്ട്. 

Advertising
Advertising

2003ൽ അന്നത്തെ ഇറാഖി ഭരണാധികാരി സദ്ദാം ഹുസൈനെ പുറത്താക്കാനാണ് അമേരിക്കൻ സഖ്യസേന ഇറാഖിൽ അധിനിവേശം നടത്തിയത്. 24 വർഷത്തോളം ഇറാഖ് ഭരിച്ച സദ്ദാമിന്റെ പതനത്തിന് വഴിതുറന്ന ഈ സൈനിക നീക്കം, എന്നാൽ രാജ്യത്ത് വൻതോതിലുള്ള ആഭ്യന്തര കലാപങ്ങൾക്കും വംശീയ അക്രമങ്ങൾക്കും ലക്ഷക്കണക്കിന് സാധാരണക്കാരുടെ മരണത്തിനുമാണ് ഇടയാക്കിയത്. 2011ൽ അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഇറാഖ് യുദ്ധം ഔദ്യോഗികമായി അവസാനിച്ചതായി പ്രഖ്യാപിക്കുകയും ആ വർഷം അവസാനത്തോടെ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കുകയും ചെയ്തു.

അന്നത്തെ കണക്കനുസരിച്ച് 40,000-ത്തോളം യു.എസ്. സൈനികരാണ് രാജ്യത്തുണ്ടായിരുന്നത്, കൂടാതെ 4,400-ലേറെ അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ, 2014-ൽ ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) മോസൂൾ അടക്കമുള്ള പ്രധാന നഗരങ്ങൾ പിടിച്ചടക്കി രാജ്യത്തിന്റെ പ്രധാന പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയതോടെ യു.എസ്. സൈന്യത്തിന് വീണ്ടും ഇറാഖിലേക്ക് മടങ്ങിയെത്തേണ്ടി വന്നു. ഐഎസിനെതിരെ പോരാടാൻ 80-ലേറെ രാജ്യങ്ങൾ അണിനിരന്ന അന്താരാഷ്ട്ര സഖ്യം രൂപീകരിച്ചു. നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ 2017-ൽ ഇറാഖിലും 2019-ൽ സിറിയയിലും ഐഎസിന് സ്വാധീനം നഷ്ടമായി. 

തുടർന്ന് 2024ൽ, പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് യു.എസും ഇറാഖും തമ്മിൽ ധാരണയിലെത്തുകയും അന്താരാഷ്ട്ര സഖ്യസേനയുടെ ദൗത്യങ്ങൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ട്രംപിന്റെ ഭരണകാലത്താണ് പിന്മാറ്റം പൂർത്തിയാകുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News