അവശ്യമരുന്നുകളില്ല, ശസ്ത്രക്രിയകൾ മുടങ്ങുന്നു; തകര്‍ന്നടിഞ്ഞ് പാകിസ്താനിലെ ആരോഗ്യമേഖല

ഇറക്കുമതിയില്ലാത്തതിനാൽ പ്രാദേശിക ഔഷധനിർമ്മാതാക്കൾ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്

Update: 2023-02-28 04:43 GMT
Editor : Lissy P | By : Web Desk
Advertising

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിൽ വലയുകയാണ് പാകിസ്താൻ. മറ്റേത് മേഖലയെ പോലെ തന്നെയും സാമ്പത്തിക പ്രതിസന്ധി ആരോഗ്യമേഖലയെ ബാധിച്ചു. അവശ്യമരുന്നുകൾപോലും ലഭിക്കാതെ ആയിരക്കണക്കിന് രോഗികളാണ് ബുദ്ധിമുട്ടുന്നത്. കരുതൽ ശേഖരം ഇല്ലാത്തതിനാൽ ആവശ്യമായ മരുന്നുകൾ ഇറക്കുമതി ചെയ്യാനും പാകിസ്താന് സാധിക്കുന്നില്ല. ആഭ്യന്തര ഉൽപ്പാദനത്തിൽ ഉപയോഗിക്കുന്ന ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ ഇറക്കുമതി ചെയ്യാനും പാകിസ്താന് കഴിഞ്ഞിട്ടില്ല.

ഇറക്കുമതിയില്ലാത്തതിനാൽ പ്രാദേശിക ഔഷധനിർമ്മാതാക്കൾ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ദൗർലഭ്യം മൂലം ശസ്ത്രക്രിയകളും മുടങ്ങുകയാണ്. ആശുപത്രികളിലെ ഓപ്പറേഷൻ തിയറ്ററുകളിൽ സെൻസിറ്റീവ് സർജറികൾക്ക് ആവശ്യമായ അനസ്തെറ്റിക്സിന്റെ സ്റ്റോക്കുകൾ ഇനി രണ്ടാഴ്ചയിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് പാകിസ്താൻ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇതുമൂലം ആശുപത്രികളിൽ ജോലി ചെയ്യുന്നവരുടെ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്.

രാജ്യത്ത് നിർമിക്കുന്ന 95 ശതമാനം മരുന്നുകൾക്കും ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ  നിന്നാണ് അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത്.   ബാങ്കിംഗ് സംവിധാനത്തിൽ ഡോളറിന്റെ ക്ഷാമം നേരിടുന്നതിനാൽ മിക്ക മരുന്ന് നിർമ്മാതാക്കളുടെയും ഇറക്കുമതി സാമഗ്രികൾ കറാച്ചി തുറമുഖത്ത് തടഞ്ഞുവച്ചിരിക്കുകയാണ്. കൂടാതെ, വർധിച്ചുവരുന്ന ഇന്ധന വില, ഗതാഗത നിരക്കുകൾ, പാകിസ്താൻ രൂപയുടെ  മൂല്യത്തകർച്ച എന്നിവയും മരുന്നുകളുടെ നിർമ്മാണ ചെലവ് വർധിക്കാൻ കാരണമായിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഈ സാഹചര്യം ദുരന്തമായി മാറുന്നതിന് മുമ്പ് ഇടപെടണമെന്ന് പാകിസ്താൻ മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. കൂടുതൽ പേർ ഉപയോഗിക്കുന്നതും എന്നാൽ  പ്രധാനപ്പെട്ടതുമായ ചില മരുന്നുകളുടെ കുറവ് ഭൂരിഭാഗം ഉപഭോക്താക്കളെയും ബാധിക്കുന്നതായി ചില്ലറ വ്യാപാരികൾ പറയുന്നു. പനഡോൾ, ഇൻസുലിൻ, ബ്രൂഫെൻ, ഡിസ്പ്രിൻ, കാൽപോൾ, ടെഗ്രൽ, നിമെസുലൈഡ്, ഹെപാമെർസ്, ബുസ്‌കോപാൻ, റിവോട്രിൽ തുടങ്ങിയവയാണ് ഇപ്പോൾ ക്ഷാമം നേരിടുന്ന മരുന്നുകൾ. ഇറക്കുമതി നിരോധനം അടുത്ത നാലോ അഞ്ചോ ആഴ്ചയും തുടരുകയാണെങ്കിൽ രാജ്യത്ത് ഏറ്റവും മോശമായ മരുന്ന് പ്രതിസന്ധി പൊട്ടിപ്പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News