ഇസ്രായേൽ ജയിലില്‍ ക്രൂര പീഡനം; മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഖാൻ യൂനുസിലും റഫയിലും ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് ഫലസ്​തീനികൾ കൂടി കൊല്ലപ്പെട്ടു

Update: 2025-12-05 04:43 GMT
Editor : Lissy P | By : Web Desk

 ഗസ്സ സിറ്റി: ഇസ്രായേൽ തടവറയിൽ മൂന്ന് ഫലസ്തീൻകാർ കൂടി മരണപ്പെട്ടു. കടുത്ത പീഡനങ്ങളെ തുടർന്നാണ്​ ഇവരുടെ മരണമെന്ന്​ ഹമാസ്​ അറിയിച്ചു. അതിനിടെ, ഗസ്സയിലെ ഖാൻ യൂനുസിലും റഫയിലും ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് ഫലസ്​തീനികൾ കൊല്ലപ്പെട്ടു. റഫയിൽ കഴിഞ്ഞ ദിവസം മൂന്ന് സൈനികർക്ക്​ പരിക്കേറ്റ സംഭവത്തിൽ ഹമാസിന്​ കനത്ത തിരിച്ചടി നൽകുമെന്ന്​ സൈന്യം മുന്നറിയിപ്പ്​ നൽകി. ഇന്നലെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സുരക്ഷാമേധാവികളുടെ യോഗം വിളിച്ചു ചേർത്തു.

ദക്ഷിണ ലബനാന് നേർക്കും ഇസ്രായേൽ ഇന്നലെ വ്യോമാക്രമണം നടത്തി. ഹമാസിനെ നേരിടാൻ ഗസ്സയിൽ ഇസ്രായേൽ പിന്തുണയോടെ രൂപീകരിച്ച അബു ഷബാബ് സായുധ സംഘത്തിന്റെ തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച തെക്കൻ ഗസ്സയിൽ ആഭ്യന്തര ഏറ്റുമുട്ടലിലാണ് ഇയാൾ മരിച്ചതെന്ന് ഇസ്രായേലി പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.

Advertising
Advertising

ഹമാസുമായുള്ള ഏറ്റുമുട്ട​ല​ല്ലെന്നും അബു ഷബാബ് സംഘാംഗങ്ങൾ ചേരിതിരിഞ്ഞ് വെടിവെപ്പും കയ്യാങ്കളിയും നടത്തുകയായിരുന്നുവെന്നും ഇസ്രായേൽ മാധ്യമങ്ങൾ റി​പ്പോർട്ട് ചെയ്തു. ഗുരുതര പരിക്കേറ്റ അബു ഷബാബിനെ ഇസ്രായേലിലെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. ഇസ്രായേലുമായി സഹകരിക്കുന്നതിനെച്ചൊല്ലി സായുധസംഘത്തിൽ ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ്​ റിപ്പോർട്ട്​. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുമ്പോൾ ഹമാസിനെതിരെ രംഗത്തുവന്ന ഇസ്രായേൽ അനുകൂല സംഘത്തിന്റെ തലവനാണ് തെക്കൻ ഗസ്സയിലെ റഫ ആസ്ഥാനമായുള്ള ഗോത്ര നേതാവായ അബു ഷബാബ്. സാലിഹ്​ അൽ ജഫറാവി എന്ന പ്രമുഖ ഫലസ്തീൻ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയതും ഈ സായുധസംഘമാണ്​.

ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്‍റെ മേധാവിയായി റൊമൻ ഗൊഫ്​മാനെ നിയമിച്ചതായി പ്രധാനമന്ത്രിനെതന്യാഹുവിന്‍റെ ഓഫീസ്​ വെളി പ്പെടുത്തി.ഗസ്സവെടിനിർത്തൽ കരാർ മാനിക്കമെന്നും അടിക്കടിയുള്ള കരാർലംഘനം അവസാനിപ്പിക്കമെന്നും യു. എൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ്​ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News