'ഈ സര്‍ട്ടിഫിക്കറ്റ് കേവലം കടലാസല്ല, നമ്മുടെ ആയുധമാണ്': ബിരുദദാന ചടങ്ങില്‍ ഫലസ്തീനായി ശബ്ദമുയര്‍ത്തി മുന അല്‍ കുര്‍ദ്
അനീതിയെക്കുറിച്ചും അടിച്ചമര്‍ത്തലിനെക്കുറിച്ചും മൗനം പാലിക്കരുതെന്ന് മുന അല്‍ കുര്‍ദ്
ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന് അറസ്റ്റിലായ ഫലസ്തീന്‍ ആക്റ്റിവിസ്റ്റ് മുന അല്‍ കുര്‍ദ് തന്‍റെ കോളജില്‍ ബിരുദദാന ചടങ്ങിനെത്തി. ബിരുദം ഏറ്റുവാങ്ങി മുന അല്‍ കുര്‍ദ് നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു.
ഫലസ്തീനിലെ ബിര്‍സീത് സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിലാണ് കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ചെത്തി മുന അല്‍ കുര്‍ദ് ശക്തമായ രാഷ്ട്രീയ സന്ദേശം നൽകിയത്. തന്‍റെ അധ്യാപകർക്കും സഹ വിദ്യാർഥികൾക്കും നന്ദി പറഞ്ഞ മുന അല്‍ കുര്‍ദ്, ഇസ്രായേലിന്‍റെ അധിനിവേശത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ശെയ്ഖ് ജര്‍റാ പരിസരത്തെ ഫലസ്തീനികളുടെ ദുരിതത്തെ കുറിച്ചും ഇസ്രായേലിന്റെ വംശഹത്യക്കെതിരെ നടക്കുന്ന പോരാട്ടത്തെക്കുറിച്ചുമാണ് മുന അല്‍ കുര്‍ദ് സംസാരിച്ചത്. അനീതികള്‍ രേഖപ്പെടുത്തണമെന്നും തുറന്നുകാണിക്കണമെന്നും മുന അല്‍ കുര്‍ദ് ആവശ്യപ്പെട്ടു.
ഫലസ്തീനികളെ അവരുടെ വീട്ടില്‍ നിന്ന് പുറത്താക്കാൻ ഇസ്രായേൽ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും ശെയ്ഖ് ജര്‍റായിലും സില്‍വനിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും മുന അല്‍ കുര്‍ദ് സംസാരിച്ചു. ഇസ്രയേൽ അധിനിവേശത്തിനെതിരായ പലസ്തീൻ ജനതയുടെ ഐക്യം അവര്‍ പ്രത്യേകം ചൂണ്ടിക്കാട്ടി. നാടിന് വേണ്ടിയാണ് മാധ്യമ പഠനം നടത്തിയതെന്നും മുന അല്‍ കുര്‍ദ് വ്യക്തമാക്കി.
"ഇന്ന് ഞങ്ങള്‍ സ്വീകരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കേവലമൊരു കടലാസല്ല. അവ നമ്മുടെ വീടുകളെയും ഭൂമിയെയും മരങ്ങളെയും സംരക്ഷിക്കാനുള്ള ആയുധങ്ങളാണ്. ഫലസ്തീനികള്‍ക്ക് സാംസ്കാരികവും സാമ്പത്തികവുമായി സുപ്രധാനമായ ഒലിവ് മരങ്ങൾ ഇസ്രായേൽ കുടിയേറ്റക്കാർ പലപ്പോഴും നശിപ്പിക്കുകയാണ്. രാജ്യത്തിനായി ശബ്ദമുയര്‍ത്തണം. അനീതിയെക്കുറിച്ചും അടിച്ചമര്‍ത്തലിനെക്കുറിച്ചും സ്വാതന്ത്ര്യം, രാഷ്ട്രീയ അറസ്റ്റുകള്‍ എന്നിവയെക്കുറിച്ചൊന്നും നാം മൗനം പാലിക്കരുത്." മുനയുടെ ശബ്ദം സോഷ്യല്‍ മീഡിയയിലും മുഴങ്ങി. അവര്‍ ഒരുപാട് ശക്തി പകര്‍ന്നു, സ്നേഹം എന്ന് നിരവധി പേര്‍ ട്വീറ്റ് ചെയ്തു.
അധിനിവേശ കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജര്‍റാഹ് മേഖലയിലെ കുടിയൊഴിപ്പിക്കുന്നതിനെതിരായ സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു ഇരട്ട സഹോദരങ്ങളായ മുനയും മുഹമ്മദും. ഇരുപത്തിമൂന്നു വയസ്സുകാരിയായ മുന അൽ കുർദിനെ വീട്ടിൽ റെയ്ഡ് നടത്തിയാണ് പൊലീസ് പിടികൂടിയത്. അപ്പോൾ വീട്ടിൽ ഇല്ലാതിരുന്ന മുഹമ്മദിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകുകയായിരുന്നു. അധിനിവിഷ്ട കിഴക്കൻ ജറുസലേമിലെ ഇസ്രായേലി പൊലീസ് സ്റ്റേഷനിലേക്കാണ് അവരെ കൊണ്ടുപോയത്. പിന്നീട് വിട്ടയക്കുകയായിരുന്നു.
Muna El Kurd during her graduation speech at Birzeit university:
— Abier Khatib (@abierkhatib) June 30, 2021
"Don't be Silent about oppression, suppression of freedoms,political arrest & detention.Always document these violations & post.We live a new era where Palestinians r able to speak loud & express themselves"
👑 pic.twitter.com/UkDhEgvj9I