പാകിസ്താനില്‍ ഭര്‍ത്താവിനെ കെട്ടിയിട്ടശേഷം ഗര്‍ഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികള്‍ക്കായി തിരച്ചില്‍

പഞ്ചാബ് പ്രവിശ്യയിലെ ഝലം നഗരത്തിലാണ് സംഭവം

Update: 2022-06-06 04:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

പാകിസ്താന്‍: പാകിസ്താനിലെ പഞ്ചാബില്‍ ഗര്‍ഭിണിയായ യുവതിയെ അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. പഞ്ചാബ് പ്രവിശ്യയിലെ ഝലം നഗരത്തിലാണ് സംഭവം.

അഞ്ച് പ്രതികൾ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതായി പൊലീസ് പറയുന്നു. ഭര്‍ത്താവിനെ ആക്രമിച്ച് കെട്ടിയിട്ട ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യുവതി തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. രക്തസാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ലാഹോറിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. കേസന്വേഷിക്കാൻ പഞ്ചാബ് പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിക്കുകയും പ്രതികളെ പിടികൂടാൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് ഐജിപി ബന്ധപ്പെട്ട അധികാരികളോട് റിപ്പോർട്ട് തേടി.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പാകിസ്താനില്‍ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് കറാച്ചിയിൽ ഓടുന്ന ട്രെയിനിൽ 25 കാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. പഞ്ചാബ് പ്രവിശ്യയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ ദുരഭിമാനത്തിന്‍റെ പേരില്‍ 2,439 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും 90 പേർ കൊല്ലപ്പെടുകയും ചെയ്തതായി ഫെബ്രുവരിയിൽ പഞ്ചാബ് ഇൻഫർമേഷൻ കമ്മീഷൻ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പാകിസ്താന്‍ മനുഷ്യാവകാശ കമ്മീഷൻ (HRCP) യുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് പ്രതിദിനം കുറഞ്ഞത് 11 ബലാത്സംഗ കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ (2015-21) 22,000 ത്തിലധികം ഇത്തരം സംഭവങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ 'ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് 2021' അനുസരിച്ച്, ലിംഗസമത്വ സൂചികയിൽ 156 രാജ്യങ്ങളിൽ 153-ാം സ്ഥാനത്താണ് പാകിസ്താൻ. അതായത് അവസാനത്തെ നാലിൽ. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട മോശം റെക്കോർഡിന്‍റെ സൂചകമാണിത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News