ഇറാനുമായുള്ള യുദ്ധം; ഇസ്രായേലിന്റെ സുപ്രധാന ആയുധങ്ങൾക്ക് ലഭ്യതക്കുറവെന്ന് റിപ്പോർട്ട്

എല്ലാ വർഷവും ഇസ്രായേലിന് കോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായം യുഎസ് നൽകി വരുന്നുണ്ട്.

Update: 2025-06-25 07:57 GMT
Editor : Lissy P | By : Web Desk

തെൽഅവിവ്: പന്ത്രണ്ട് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഇറാനും ഇസ്രായേലും ഇന്നലെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ ഏറ്റുമുട്ടലിൽ ഇരുരാജ്യങ്ങൾക്കും കനത്ത നാശനഷ്ടങ്ങളാണ് നേരിടേണ്ടിവന്നത്. ഇറാനുമായുള്ള യുദ്ധത്തിന് പിന്നാലെ ഇസ്രായേലിന്റെ സുപ്രധാന ആയുധശേഖരങ്ങളിൽ ലഭ്യതക്കുറവ് വന്നതായി റിപ്പോർട്ട്.

ഇസ്രായേൽ സൈന്യം ചില പ്രധാന ആയുധങ്ങളുടെ ലഭ്യതക്കുറവ് അനുഭവിക്കുന്നതായി മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. പേര് വെളിപ്പെടുത്താത്ത രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. എല്ലാ വർഷവും ഇസ്രായേലിന് കോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായം യുഎസ് നൽകി വരുന്നുണ്ട്. ജൂൺ 13 ന് ഇസ്രായേൽ ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം, ഇറാനിൽ നിന്ന് വരുന്ന മിസൈലുകൾ വെടിവയ്ക്കാൻ ഇസ്രായേലിനെ അമേരിക്ക സഹായം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

Advertising
Advertising

എന്നാൽ ആയുധശേഖരത്തിൽ കുറവുണ്ടോ എന്ന കാര്യത്തിൽ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. അതിനിടെ ഐഡിഎഫിന്റെ ഇന്റർസെപ്റ്റർ മിസൈലുകളുടെ ശേഖരം കാലിയാകുകയാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് സൈന്യം കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ തയ്യാറാണെന്നും  ഇസ്രായേൽ പ്രതിരോധ സേന വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

ഇറാനിലെ ആക്രമണം മാസങ്ങൾക്ക് മുമ്പ് ആസൂത്രണം ചെയ്തിരുന്നതാണെന്നും ഇസ്രായേലിന് നേരെ വെടിവയ്ക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും സ്റ്റോക്ക് കണക്കിലെടുത്താണ് ആസൂത്രണം ചെയ്തതെന്നും സൈനിക ഉദ്യോഗസ്ഥർ ടൈംസ് ഓഫ് ഇസ്രായേലിനോട് വെളിപ്പെടുത്തിയിരുന്നു.

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു ഇറാനും ഇസ്രായേലും വെടിനിർത്തൽ പ്രഖ്യാപിച്ചത്.  ചൊവ്വാഴ്ച രാവിലെ ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇത് അംഗീകരിക്കുന്നതിന് മുമ്പ് തന്നെ ഇറാൻ ഇസ്രായേലിന് നേരെ കനത്ത ആക്രമണം അഴിച്ചുവിട്ടു. ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. പത്തിലധികം ആളുകൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു. ഇതിന് മറുപടിയായി ഇറാനിൽ ഇസ്രായേലും കനത്ത ആക്രമണം നടത്തുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്നാണ് വെടിനിർത്തൽ അംഗീകരിക്കുന്നതായി ഇസ്രായേലും ഇറാനും അറിയിച്ചത്. എന്നാൽ  ഇറാൻ വീണ്ടും മിസൈലാക്രമണം നടത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.  ഇറാനിത് നിഷേധിച്ചു. പിന്നാലെ ആക്രമണത്തിന് മുതിരുകയാണെന്ന് ഇസ്രായേലും അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇരുരാജ്യങ്ങളും ആക്രമണത്തിന് മുതിരുന്നതിനെതിരെ ട്രംപ് രംഗത്തെത്തി. ഇറാനും ഇസ്രായേലിനുമെതിരെ ചീത്തവിളിച്ചുകൊണ്ടാണ് ട്രംപ് പ്രതികരിച്ചത്. ഇറാന്റെ അവസാന മിസൈലാക്രമണത്തിന് മറുപടിയായി തെഹ്‌റാനിലെ ഒഴിഞ്ഞ സ്ഥലത്തെ ഒരു റഡാറിൽ ആക്രമണം നടത്തി ഇസ്രായേൽ സൈന്യം മടങ്ങുകയായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News