'ജെൻഡർ റിവീൽ പാർട്ടിയും ബേബി ഷവറും നടത്തി'; ‘പ്രസവിച്ചു’ കിടക്കുന്ന മകളുടെ മുറിയിൽ കുട്ടിക്ക് പകരം അമ്മ കണ്ടത് പാവയെ

കുഞ്ഞ് ഒരിക്കലും കരയാതിരിക്കുകയും, കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് തൊടാനോ കാണാനോ ആരെയും അനുവദിക്കാതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സംശയം തോന്നിത്തുടങ്ങിയത്

Update: 2025-10-22 12:15 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | Special Arrangement

എഡിൻബർഗ്: സ്‌കോട്ട്‌ലൻഡിലെ എയർഡ്രിയിൽ നിന്നുള്ള ഒരു യുവതിയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുകയാണ്. ഗർഭിണിയാണെന്ന് വിശ്വസിപ്പിച്ച് കാമുകനെയും സ്വന്തം കുടുംബത്തെയും വഞ്ചിച്ച് കിര കസിൻസ് എന്ന യുവതിയുടെ തട്ടിപ്പാണ് പുറത്തായിരിക്കുന്നത്.

താൻ ഒരു കുഞ്ഞിന് ജന്മം നൽകിയെന്നും പിന്നീട് കുഞ്ഞ് മരിച്ചെന്നും കൂടി അവർ മറ്റുള്ളവരെ ബോധ്യപ്പെടുത്തി. താൻ ഗർഭിണിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വ്യാജവയർ ധരിക്കുക, വ്യാജ അൾട്രാസൗണ്ട് ചിത്രങ്ങൾ പങ്കുവയ്ക്കുക, ആശുപത്രി സന്ദർശനങ്ങൾ പോലും കെട്ടിച്ചമയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ഇവർ ചെയ്തിരുന്നു.

Advertising
Advertising

താൻ ഒരു പെൺകുഞ്ഞിനെയാണ് പ്രതീക്ഷിക്കുന്നതെന്ന് കിര സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നു. വഞ്ചനയ്ക്കായി ഓൺലൈനിൽ നിന്ന് വാങ്ങിയ വസ്തുക്കളാണ് കിര ഉപയോഗിച്ചിരുന്നത്. മാസങ്ങൾ നീണ്ട വ്യാജഗർഭധാരണ നാടകത്തിനൊടുവിൽ ലനാർക്ക്ഷെയറിലെ കാൽഡെർക്രൂയിക്സിൽ വച്ച് യുവതി 'ജെൻഡർ റിവീൽ പാർട്ടി'യും 'ബേബി ഷവറും' നടത്തി. ഈ മാസം ആദ്യം ‘ബോണി ലീ’ എന്ന കുഞ്ഞിന് ജന്മം നൽകിയെന്ന് കാമുകനായ ജാമി ഗാർഡ്‌നറെയും കുടുംബത്തെയും അറിയിച്ചു. പ്രസവത്തിനുശേഷം കിര തന്റെ ‘മകളുടെ’ ചിത്രങ്ങൾ സാമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഈ വ്യാജനാടകത്തിന് കൂടുതൽ ആധികാരികത നൽകാനായി കുഞ്ഞിന് ഹൃദയവൈകല്യം കണ്ടെത്തിയെന്നും ഇവർ അവകാശപ്പെട്ടു. അതോടെ എല്ലാവരിൽ നിന്നും ഇവർക്ക് വലിയ സഹതാപവും വൈകാരിക പിന്തുണയും ലഭിച്ചു. ഒടുവിൽ പ്രസവിച്ചു എന്ന് അവകാശപ്പെട്ട ശേഷം കിര ഒരു യഥാർത്ഥ കുഞ്ഞിനെപ്പോലെ തോന്നിക്കുന്ന സിലിക്കൺ റീബോൺ പാവയെ തന്റെ നവജാതശിശുവായി പരിചയപ്പെടുത്തി.

കുഞ്ഞ് ഒരിക്കലും കരയാതിരിക്കുകയും, കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് തൊടാനോ കാണാനോ ആരെയും കിര അനുവദിക്കാതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സംശയം തോന്നിത്തുടങ്ങി. തുടർന്ന് കിരയുടെ അമ്മ അവളുടെ മുറിയിൽ കയറി പാവയെ കണ്ടെത്തിയതോടെയാണ് ഈ തട്ടിപ്പ് പൂർണ്ണമായും വെളിച്ചത്തു വന്നത്. തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പ് കുഞ്ഞിന്റെ അച്ഛനെന്ന് ഇവർ അവകാശപ്പെട്ടയാളോട് പ്രസവശേഷം കുഞ്ഞ് മരിച്ചെന്നും കിര പറഞ്ഞിരുന്നു.

സംഭവം വൈറലായതിന് പിന്നാലെ ഗർഭം പൂർണമായും കെട്ടിച്ചമച്ചതാണെന്ന് കിര പിന്നീട് സമ്മതിച്ചു. ഇത്തരം സംഭവങ്ങൾ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളെയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്ന കള്ളങ്ങളുടെ അപകടങ്ങളെയും എടുത്തു കാണിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടി.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News