200 തവണ പാമ്പുകടിയേറ്റു; യുവാവിന്റെ രക്തത്തില്‍ നിന്ന് ആന്റിവെനം വികസിപ്പിക്കാനൊരുങ്ങി ഗവേഷകര്‍

യുഎസ് പൗരന്‍ ടിം ഫ്രീഡിന്റെ രക്തത്തില്‍ നിന്നാണ് ഗവേഷകര്‍ ആന്റിവെനം വികസിപ്പിക്കാനൊരുങ്ങുന്നത്

Update: 2025-05-04 05:58 GMT
Editor : നബിൽ ഐ.വി | By : Web Desk

വാഷിങ്ടണ്‍: പാമ്പിന്‍ വിഷം സ്വയം കുത്തിവെച്ച യുവാവിന്റെ രക്തം ഉപയോഗിച്ച് ആന്റിവെനം വികസിപ്പിക്കാനാകുമോ എന്ന പഠനവുമായി ശാസ്ത്രജ്ഞര്‍. 200 തവണ പാമ്പുകടിയേറ്റ യുഎസ് പൗരന്‍ ടിം ഫ്രീഡിന്റെ രക്തത്തില്‍ നിന്നാണ് ഗവേഷകര്‍ ആന്റിവെനം വികസിപ്പിക്കാനൊരുങ്ങുന്നത്.

ഫ്രീഡിന്റെ രക്തത്തില്‍ കണ്ടെത്തിയ ആന്റിബോഡികള്‍ ഉപയോഗിച്ച് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നാണ് മാരകമായ വിഷത്തെപ്പോലും പ്രതിരോധിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്. പിന്നാലെയാണ് പഠനം നടത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്. 18 വര്‍ഷമായി പാമ്പുകള്‍ക്കും ഇഴജന്തുകള്‍ക്കുമൊപ്പം വസിക്കുന്ന ഫ്രീഡ്, ശരീരത്തില്‍ 16 ഇനം പാമ്പുകളെകൊണ്ട് കടിപ്പിച്ചും ഇവയുടെ വിഷം കുത്തിവച്ചും നടത്തിവന്ന പരീക്ഷണങ്ങളിലൂടെയാണ് ശരീരത്തില്‍ ആന്റിബോഡി വികസിപ്പിച്ചെടുത്തതെന്ന് യുഎസിലെ വാക്‌സീന്‍ കമ്പനിയായ സെന്റിവാക്‌സീന്റെ സിഇഒ ജേക്കബ് ഗ്ലാന്‍വില്‍ പറഞ്ഞു.

Advertising
Advertising

പാമ്പ് കടിയില്‍ നിന്ന് സ്വയം രക്ഷനേടാന്‍ വേണ്ടിയാണ് ഫ്രീഡ് ചെറിയ അളവില്‍ വിഷം കുത്തിവെയ്ക്കാന്‍ ആരംഭിച്ചത്. പിന്നീട് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യംവെച്ചുകൊണ്ട് കുത്തിവെയ്ക്കുന്ന വിഷത്തിന്റെ അളവ് സാവധാനം വര്‍ധിപ്പിക്കുകയായിരുന്നെന്ന് ഫ്രീഡ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. 200 തവണയെങ്കിലും പാമ്പുകളെക്കൊണ്ട് ഫ്രീഡേ സ്വയം കടിപ്പിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രീഡിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോകളില്‍ അദ്ദേഹത്തിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ നിരവധി വിഷങ്ങള്‍ സൂക്ഷിച്ചതായി കാണാനാകും.

രാജവെമ്പാല ഉള്‍പ്പെടെയുള്ള പാമ്പുകളുടെ വിഷത്തിന് ഫ്രീഡിയുടെ രക്തത്തില്‍നിന്നു വികസിപ്പിച്ച ആന്റിവെനം ഫലപ്രദമാണെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ആന്റിവെനം എലികളില്‍ പരീക്ഷിച്ചു വിജയിച്ചെങ്കിലും മനുഷ്യരില്‍ ഇവ ഉപയോഗിക്കാന്‍ ഇനിയും വര്‍ഷങ്ങളുടെ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News