ആര്‍എസ്എഫിൽ നിന്ന് പ്രസിഡന്‍റിന്‍റെ കൊട്ടാരം തിരിച്ചുപിടിച്ച് സുഡാൻ സൈന്യം

കഴിഞ്ഞ ഏപ്രിലിലാണ് ആര്‍എസ്‍എഫ് പ്രസിഡന്‍ഷ്യൽ കൊട്ടാരം പിടിച്ചെടുത്തത്

Update: 2025-03-21 09:48 GMT
Editor : Jaisy Thomas | By : Web Desk

കെയ്റോ: രണ്ട് വർഷത്തെ പോരാട്ടത്തിനൊടുവിൽ, തലസ്ഥാനമായ ഖാർതൂമിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരം തിരിച്ചുപിടിച്ചതായി സുഡാൻ സൈന്യം വെള്ളിയാഴ്ച അറിയിച്ചു. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിൽ (ആർ‌എസ്‌എഫ്) നിന്നാണ് വീണ്ടും നിയന്ത്രണം ഏറ്റെടുത്തത്. കഴിഞ്ഞ ഏപ്രിലിലാണ് ആര്‍എസ്‍എഫ് പ്രസിഡന്‍ഷ്യൽ കൊട്ടാരം പിടിച്ചെടുത്തത്.

ഒരു സുഡാനീസ് സൈനിക ഉദ്യോഗസ്ഥൻ റിപ്പബ്ലിക്കൻ കൊട്ടാരം തിരിച്ചുപിടിച്ചതായി വീഡിയോയിലൂടെ സ്ഥിരീകരിച്ചു. കൊട്ടാരം ഭാഗികമായി തകര്‍ന്ന നിലയിലാണ്. അസോൾട്ട് റൈഫിളുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകളും വഹിച്ചിരുന്ന പട്ടാളക്കാർ 'ദൈവമാണ് ഏറ്റവും വലിയവൻ' എന്ന് ആർത്തുവിളിച്ചു. സൈന്യം കൊട്ടാരം തിരിച്ചുപിടിച്ചതായി സുഡാനിലെ വാർത്താവിനിമയ മന്ത്രി ഖാലിദ് അൽ-ഐസർ എക്സിലൂടെ അറിയിച്ചു. ''ഇന്ന് പതാക ഉയര്‍ന്നു, കൊട്ടാരം തിരിച്ചുപിടിച്ചു. വിജയം പൂര്‍ത്തിയാകുന്നതു വരെ യാത്ര തുടരുന്നു'' അദ്ദേഹം കുറിച്ചു. അതേസമയം, ആർ‌എസ്‌എഫ് പടിഞ്ഞാറൻ മേഖലയിൽ നിയന്ത്രണം ഉറപ്പിച്ചു.ആർ‌എസ്‌എഫ് തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സമാന്തര സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ ഇതിന് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

Advertising
Advertising

മധ്യ ഖാർത്തൂമിലെ മന്ത്രാലയങ്ങളുടെയും മറ്റ് പ്രധാന കെട്ടിടങ്ങളുടെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി അറിയിച്ചു. ആർ‌എസ്‌എഫ് പോരാളികൾ ഏകദേശം 400 മീറ്റർ അകലെ പിൻവാങ്ങിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇതിനെക്കുറിച്ച് ആര്‍എസ്എഫ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച വൈകിട്ടോടെ രാജ്യത്തിന്‍റെ പടിഞ്ഞാറൻ പ്രദേശമായ നോർത്ത് ഡാർഫറിൽ സൈന്യത്തിൽ നിന്ന് ഒരു പ്രധാന താവളം പിടിച്ചെടുത്തതായി സംഘം അറിയിച്ചു. കൊട്ടാരത്തിന്‍റെ നിയന്ത്രണം സൈന്യത്തിന്‍റെ കൈകളിലാണെന്ന വാർത്തയെ നിരവധി സുഡാനികൾ സ്വാഗതം ചെയ്തു. "യുദ്ധം ആരംഭിച്ചതിനുശേഷം ഞാൻ കേട്ട ഏറ്റവും മികച്ച വാർത്തയാണ് കൊട്ടാരത്തിന്‍റെ വിമോചനം, കാരണം അത് ഖാര്‍ത്തൂമിന്‍റെ ബാക്കി ഭാഗങ്ങൾ നിയന്ത്രിക്കുന്ന സൈന്യത്തിന്‍റെ മുന്നേറ്റത്തെയാണ് അർഥമാക്കുന്നത്," 55 കാരനായ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.

അധികാരത്തിനുവേണ്ടി സൈന്യവും അര്‍ധസൈന്യവും തമ്മില്‍ നടക്കുന്ന പോരാട്ടം തുടരുന്നതിനിടയിൽ വലിയ പ്രതിസന്ധിയിലൂടെയാണ് സുഡാൻ കടന്നുപോകുന്നത്. നിരവധി പേര്‍ കൊല്ലപ്പെട്ടു. പട്ടിണിയും കുടിയിറക്കലും മൂലം വലയുകയാണ് സുഡാനികൾ. ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പറയുന്നതനുസരിച്ച്, പോരാട്ടം ആരംഭിച്ചതിനുശേഷം 10.7 ദശലക്ഷത്തിലധികം ആളുകൾ അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായി. ഇവരിൽ 2 ദശലക്ഷത്തിലധികം പേർ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News