നെതർലാൻഡ്‌സിലെ ഡ്രെൻ്റ്‌സ് മ്യൂസിയത്തിൽ മോഷണം; നഷ്ടമായത് 2,450 വർഷം പഴക്കമുള്ള സ്വർണ്ണ ഹെൽമറ്റ് ഉൾപ്പടെയുള്ള പുരാവസ്തുക്കൾ

റൊമാനിയയിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയം ഡ്രെൻ്റ്സ് മ്യൂസിയത്തിന് കടമായി നൽകിയ പുരാവസ്തുക്കൾ ആണ് മോഷണം പോയിട്ടുള്ളത്

Update: 2025-01-28 05:43 GMT
Editor : സനു ഹദീബ | By : Web Desk

ആംസ്റ്റർഡാം: നെതർലാൻഡ്‌സിലെ ലോകപ്രശസ്തമായ ഡ്രെൻ്റ്‌സ് മ്യൂസിയത്തിൽ മോഷണം. 2,450 വർഷം പഴക്കമുള്ള സ്വർണ്ണ ഹെൽമറ്റ് ഉൾപ്പെടെ നാല് പുരാവസ്തുക്കൾ ആണ് മോഷണം പോയത്. അസനിലെ ആർട്ട് ആൻഡ് ഹിസ്റ്ററി മ്യൂസിയമായ ഡ്രെൻ്റ്സ് മ്യൂസിയത്തിൽ ജനുവരി 25 ന് പുലർച്ചെയാണ് സംഭവം. വാതിലുകൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.

റൊമാനിയയിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയം ഡ്രെൻ്റ്സ് മ്യൂസിയത്തിന് കടമായി നൽകിയ പുരാവസ്തുക്കൾ ആണ് മോഷണം പോയിട്ടുള്ളത്. റോമാക്കാർ കീഴടക്കുന്നതിനുമുമ്പ് ഇന്നത്തെ റൊമാനിയയിൽ അധിവസിച്ചിരുന്ന പുരാതന സമൂഹമായ ഡേസിയന്മാരെക്കുറിച്ചുള്ള ഒരു പ്രദർശനത്തിൻ്റെ ഭാഗമായാണ് ഈ പുരാവസ്തുക്കൾ ഡ്രെൻ്റ്‌സ് മ്യൂസിയത്തിൽ എത്തിച്ചിരുന്നത്. മ്യൂസിയത്തിന്റെ 170 വർഷത്തെ ചരിത്രത്തിൽ സമാനമായ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഡ്രെൻ്റ്സ് മ്യൂസിയത്തിൻ്റെ ജനറൽ ഡയറക്ടർ ഹാരി ടുപാൻ പറഞ്ഞു. അപ്രതീക്ഷിതമായി നടന്ന സംഭവങ്ങളിൽ അങ്ങേയറ്റം ഞെട്ടലിൽ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertising
Advertising


 


സ്വർണ്ണ തലപ്പാവ്

'കോടഫെനെസ്തിയുടെ ഹെൽമെറ്റ്' എന്നറിയപ്പെടുന്ന മോഷ്ടിക്കപ്പെട്ട സ്വർണ്ണ തലപ്പാവ് 450 ബിസിഇയിൽ നിർമ്മിച്ചതാണെന്നാണ് കണക്കാക്കപ്പെടുന്നത്. 1929 ൽ ഒരു ചെറിയ റൊമാനിയൻ ഗ്രാമത്തിൽ നിന്നാണ് ഒരു കിലോഗ്രാം ഭാരമുള്ള ഈ ഹെൽമെറ്റ് കണ്ടെത്തിയത്. ബിസി അഞ്ചാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലെ ഏതെങ്കിലും രാജാക്കന്മാരോ പ്രഭുക്കന്മാരോ ഉപയോഗിച്ചതാവാം ഇതെന്നാണ് കണ്ടെത്തൽ. ദീർഘകാലം ഗ്രാമങ്ങളിൽ കുട്ടികളുടെ കാളിപ്പാട്ടമായും കോഴിക്ക് തീറ്റ കൊടുക്കുന്ന പാത്രമായും ഇത് ഉപയോഗിച്ചിരുന്നു. അതിന് ശേഷമാണ് പുരാവസ്തുവിദഗ്‌ദർ ഇത് കണ്ടെത്തിയത്. അതിനാൽ തന്നെ റുമാനിയയിൽ പ്രസിദ്ധമാണ് ഈ ഹെൽമെറ്റ്. രാജ്യത്തിന്റെ ചരിത്രവുമായി ഏറെ അടുത്തുകിടക്കുന്ന ഈ ഹെൽമെറ്റിന്റെ മൂല്യം കണക്കാക്കാൻ സാധിക്കില്ലെന്ന് റൊമാനിയൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് പ്രതികൾ ഡ്രെൻ്റ്സ് മ്യൂസിയത്തിൻ്റെ പുറംവാതിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുന്നതും ഉള്ളിലേക്ക് കയറുന്നതും കാണാം. കത്തിക്കരിഞ്ഞ നിലയിൽ ഒരു വാഹനവും മ്യൂസിയത്തിന് സമീപം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ കണ്ടെത്താനായി ഇൻ്റർപോളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഡച്ച് പോലീസ് അറിയിച്ചു. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News