ആറു ദിവസം കൊണ്ട് ആറായിരം ബോംബ്; ഗസ്സയിൽ വംശഹത്യ: ട്വിറ്റർ ട്രെൻഡിംഗ്‌സ്...

ഇന്ത്യ -പാക് മത്സരം ബഹിഷ്‌കരിക്കണമെന്ന ട്വീറ്റുകളും വൈറലാണ്

Update: 2023-10-13 16:04 GMT
Advertising

ഗസ്സ സിറ്റി: ഗസ്സയിൽ ആറു ദിവസം കൊണ്ട് ആറായിരം ബോംബ് തള്ളിയതായി ഇസ്രായേൽ പറഞ്ഞിരിക്കുകയാണ്. അഥവാ ഒരു വർഷം കൊണ്ട് യുഎസ് അഫ്ഗാനിൽ വർഷിച്ചയത്ര ബോംബുകളാണ് 378 സ്‌ക്വയർ കിലോമീറ്റർ മാത്രമുള്ള ഗസ്സയിൽ തള്ളിയതെന്ന് മുസ്‌ലിം സ്‌പേസസ് എക്‌സിൽ പോസ്റ്റ് ചെയ്തു. അഫ്ഗാന് 652,864 സ്‌ക്വയർ കിലോമീറ്ററുണ്ടെന്നും ഓർമിപ്പിച്ചു.

എക്‌സിൽ(ട്വിറ്റർ) ആകെ തെല്ലെങ്കിലും മനുഷ്യത്വമുള്ളവർ കരഞ്ഞുപോകുന്ന ദൃശ്യങ്ങളും ചിത്രങ്ങളുമാണുള്ളത്. ഹമാസ് പോരാളികൾക്കെതിരെയെന്ന പേരിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ കുട്ടികളും സ്ത്രീകളുമടക്കം നിരവധി സാധാരണക്കാരാണ് കൊല്ലപ്പെടുന്നതും പരിക്കേൽക്കുന്നതും. നാല് മാത്രം പ്രായമുള്ള ഒരു കുഞ്ഞിന് ജീവൻ ബാക്കിയുണ്ടോയെന്ന് ഡോക്ടർ പരിശോധിക്കുന്നതടക്കം കണ്ണീര് തോരത്ത വീഡിയോകളാണ് ഫലസ്തീനിൽ നിന്ന് പുറത്തുവരുന്നത്.

പരിക്കേറ്റവരോ രോഗികളോ ആയ ഫലസ്തീനികളെ സുരക്ഷിതയിടങ്ങളിലെത്തിക്കാൻ ഒരു വഴിയുമില്ലെന്നും അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണമെന്നുമാണ് ഫലസ്തീൻ മനുഷ്യാവകാശ സംഘടനയായ പാലസ്തീൻ ആർസിഎസ് ആവശ്യപ്പെടുന്നത്.

റഷ്യൻ പ്രസിഡൻറ് വ്‌ളാഡ്മിർ പുടിനെങ്ങാനും ഗസ്സയെ പോലെ കിയവിനെയാക്കിയാൽ മാത്രമമേ പാശ്ചാത്യ മാധ്യമങ്ങൾ മിണ്ടൂവെന്ന് മറ്റൊരാൾ ട്വീറ്റ് ചെയ്തു. ഇസ്രായേൽ പാടേ തകർത്ത ഗസ്സ നഗരത്തിന്റെ വീഡിയോ സഹിതമായിരുന്നു ട്വീറ്റ്. ഇസ്രായേൽ ഫൈറ്റ്‌സ് ബാക്ക്, സോൾഡേഴ്‌സ്, ഓപ്പറേഷൻ അജയ് തുടങ്ങിയ ഹാഷ്ടാഗുകളും ഇസ്രായേൽ -ഫലസ്തീൻ യുദ്ധം സംബന്ധിച്ച് ട്വീറ്ററിലുണ്ട്.

അതേസമയം, ഇസ്രായേൽ അതിക്രമത്തിൽ അടിയന്തര ഇടപെടൽ തേടി ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് രംഗത്ത് വന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മഹ്‌മൂദ് അബ്ബാസിന്റെ അഭ്യർഥന. ഇസ്രായേൽ ആക്രമണങ്ങളിൽ 90 ശതമാനവും ജനങ്ങളുടെ താമസ കേന്ദ്രങ്ങളിലാണെന്ന് ഗസ്സ സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. അതിനിടെ ആക്രമണ- പ്രത്യാക്രമണങ്ങൾ ഇന്നും തുടരുകയാണ്.

ജറൂസലേമിൽ ഫലസ്തീനികൾക്ക് നേരെ പലയിടങ്ങളിലും ആക്രമണമുണ്ടായി. ഇസ്രായേലിലെ അഷ്‌കലോണിന് നേരെ ഹമാസിന്റെ റോക്കറ്റ് ആക്രമണമുണ്ടായി.ജനങ്ങൾ വടക്കൻ ഗസ്സ വിട്ടുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണി ഹമാസ് തള്ളി. കരയുദ്ധത്തിന് സജ്ജമാണെന്നും ശത്രുക്കൾക്ക് വൻ ആഘാതം ഗസ്സയിലെ മണ്ണിലുണ്ടാകുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 13 ബന്ദികൾ കൊല്ലപ്പെട്ടെന്നും ഹമാസ് വ്യക്തമാക്കി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ കൂട്ടക്കുരുതിയാണെന്നും ഇസ്രയേൽ കൊന്നു തീർക്കുന്നത് കുഞ്ഞുങ്ങളേയും സ്ത്രീകളെയുമാണെന്നും ആരും സ്വന്തം മണ്ണ് വിട്ടുപോകരുതെന്നും ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ട്വിറ്ററിൽ തീയായി ലൈക്ക് ബട്ടൺ

ട്വിറ്ററിൽ പുതിയ ലൈക്ക് ബട്ടൺ വന്നതാണ് മറ്റൊരു വിശേഷം. പോസ്റ്റുകൾ ലൈക്ക് ചെയ്യുമ്പോൾ തീയാളിക്കത്തുന്ന ലവ് ചിഹ്നമാണ് വരുന്നത്. ബ്രാൻഡഡ് ഫീച്ചേഴ്‌സ് എന്ന ഹാഷ്ടാഗോടെ പലരും ഈ മാറ്റം ആഘോഷിക്കുകയാണ്. ലൈക്ക് ചെയ്ത് മാജിക് കാണാനാണ് പലരും പറയുന്നത്.

ഇന്ത്യ -പാക് മത്സരവും ട്രെൻഡിംഗ്

ഏകദിന ലോകകപ്പിൽ നാളെ നടക്കുന്ന ഇന്ത്യ-പാക് മത്സരവും ട്വിറ്ററിൽ ട്രെൻഡിംഗാണ്. അഹമ്മദാബാദിൽ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം നടക്കുക. മത്സരം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടും (ബോയ്‌കോട്ട് ഇന്ത്യ-പാക് മാച്ച്), ബിസിസിഐക്കെതിരെ പ്രചാരണം നടത്തിയും(ഷെയിംഓൺബിസിസിഐ) നിരവധി ട്വീറ്റുകളാണ് പ്രചരിക്കുന്നത്. ബോയ്‌കോട്ട് ബിസിസിഐ എന്ന ടാഗും വൈറലാണ്.

അതേസമയം, ടൂർണമെൻറിൽ മികച്ച തുടക്കത്തിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തിൽ കരുത്തരായ ഓസീസിനേയും രണ്ടാം മത്സരത്തിൽ അഫ്ഗാനെയും ഇന്ത്യ തകർത്തിരുന്നു. ലോകകപ്പ് ടീമിൽ ഇന്ത്യയുടെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളായ ഓപ്പണർ ശുഭ്മാൻ ഗിൽ കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും താരം കളിച്ചിരുന്നില്ല. ചെറിയ കാലയളവുകൊണ്ടു തന്നെ ഇന്ത്യയുടെ വിശ്വസ്ത ഓപണറായി മാറിയ ഗിൽ ഈ വർഷം കത്തുന്ന ഫോമിലാണുള്ളത്. ഏഴു സെഞ്ച്വറി ഉൾപ്പെടെ 1,230 റൺസാണ് ഈ വർഷം മാത്രം താരം അടിച്ചുകൂട്ടിയത്. പനി മാറി തിരിച്ചെത്തിയ ശുഭ്മാൻ ഗിൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

Six thousand bombs in six days; Genocide in Gaza: Twitter Trending...

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News