ജനങ്ങൾ ഒഴിഞ്ഞുപോകുന്നു; ഇസ്രായേലിലെ എയ്‍ലാത് നഗരം മരിക്കുകയാണെന്ന് അധികൃതർ

ചെങ്കടലിൽ ഹൂതികൾ ആക്രമണം തുടങ്ങിയതോടെ എയ്‍ലാത് അതിഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്

Update: 2023-12-28 13:59 GMT

ഇസ്രായേലിലെ പ്രധാന തുറമുഖമായ എയ്‍ലാത്തിലേക്ക് കപ്പൽ സർവിസുകൾ നിലച്ചതോടെ പ്രദേശത്തുനിന്ന് ആളുകൾ ഒഴിഞ്ഞുപോകുന്നതായി റിപ്പോർട്ട്. ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതികൾ ആക്രമണം കനപ്പിച്ചതോടെയാണ് എയ്‍ലാത് തുറമുഖം വിജനമാകാൻ തുടങ്ങിയത്.

എയ്‍ലാത് നഗരം കനത്ത സാമ്പത്തിക വെല്ലുവിളി നേരിടുകയാണെന്ന് ഇസ്രായേൽ മാധ്യമമായ ‘വല്ല’ റിപ്പോർട്ട് ചെയ്യുന്നു. ഇവിടത്തെ താമസ സ്ഥലങ്ങളിൽനിന്ന് ആളുകൾ കൊഴിഞ്ഞുപോവുകയാണെന്ന് എയ്‍ലാത് പ്രാദേശിക ഭരണകൂടത്തിന്റെ തലവൻ എലി ലാൻസ്രി പറഞ്ഞു.

​പ്രദേശത്തെ ടൂറിസം നിലച്ചിരിക്കുന്നു. ആരും ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നില്ല. എയ്‍ലാത് ‘മരിച്ചു’കൊണ്ടിരിക്കുകയാണെന്നും ലാൻസ്രി കൂട്ടിച്ചേർത്തു.

Advertising
Advertising

ചെങ്കടലിൽ ഹൂതികൾ ആക്രമണം തുടങ്ങിയതോടെ എയ്‍ലാത് അതിഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നൂറുകണക്കിന് വ്യാപാരങ്ങൾ അവസാനിപ്പിച്ചു. തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി വർധിച്ചു. 80 ശതമാനം വ്യാപാരങ്ങളും ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നും ലാൻസ്രി പറഞ്ഞു.

15,000 ഹോട്ടൽ ജീവനക്കാർ പിരിച്ചുവിടൽ നേരിടുകയാണ്.ഇസ്രായേൽ നേതൃത്വത്തിന്റെ കഴിവില്ലായ്മയാണ് ഇത് തെളിയിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എയ്‍ലാത്തിലെ ജനസംഖ്യ 70,000ൽനിന്ന് 30,000 ആയി കുറഞ്ഞതായും റിപ്പോർട്ടുണ്ട്.

ഇവിടത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്ച പ്രത്യേക കമ്മിറ്റി യോഗം ചേർന്നിരുന്നു. എയ്‍ലാത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ ധനകാര്യ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നാണ് വിവരം.


 ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് എയ്‍ലാത്. ഉമ്മുൽ റഷ്റാഷ് എന്ന പുരതാന ഫലസ്തീൻ ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ തുടച്ചുനീക്കിയാണ് ഇവിടെ ഇസ്രായേൽ കുടിയേറ്റം നടത്തി നഗരം കെട്ടിപ്പടുക്കുന്നത്. അഖബ ഉൾക്കടലിന്റെ തീരത്തുള്ള ഈ പ്രദേശം ജോർഡൻ, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്നു. ഇസ്രായേലിലെ ആഡംബര ടൂറിസം കേന്ദ്രം കൂടിയാണിത്.

ചെങ്കടലിലെ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതികൾ ആക്രമണം കടുപ്പിച്ചതോടെ എയ്‌ലാത് തുറമുഖത്തെ വ്യാപാരത്തിൽ 85 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാർ ഇറക്കുമതിയും പൊട്ടാഷ് കയറ്റുമതിയുമാണ് പ്രധാനമായും ഈ തുറമുഖം വഴി നടക്കുന്നത്.

ജോർഡനിലെ ഏക തുറമുഖമായ അഖബയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന എയ്ലാത്, സൂയസ് കനാൽ വഴിയല്ലാതെ കിഴക്കൻ മേഖലയിലേക്ക് പ്രവേശിക്കാൻ ഇസ്രായേലിന് വഴിയൊരുക്കുന്ന തുറമുഖമാണ്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News