യുദ്ധാനന്തര ഗസ്സ ഭരിക്കാൻ അറബ് രാജ്യങ്ങളുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതിക്ക് യുഎസ് നീക്കം; ഹമാസ് നേതാക്കളെ നാടുകടത്താനും ശ്രമം

ദ്വിരാഷ്ട്ര ഫോർമുലയില്ലാതെ ഗസ്സയുടെ പുനർനിർമാണത്തിൽ പങ്കുചേരാനാകില്ലെന്നും അറബ് രാജ്യങ്ങൾ യുഎസിനെ അറിയിച്ചിരുന്നു

Update: 2025-06-27 01:14 GMT
Editor : Lissy P | By : Web Desk

റിയാദ്: ഗസ്സയിലെ വെടിനിർത്തലിന് ശ്രമം യുഎസ് ഊർജിതമാക്കി. ഖത്തർ, ഈജിപ്ത് എന്നിവരുമായി ചേർന്ന് മധ്യസ്ഥ ശ്രമം വേഗത്തിലാക്കും. യുദ്ധാനന്തര ഗസ്സ ഭരിക്കാൻ അറബ് രാജ്യങ്ങളുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതിക്കും യുഎസ് നീക്കമുണ്ട്. വെടിനിർത്തൽ നടപ്പാക്കാനായാൽ സൗദി, സിറിയ ഉൾപ്പെടെ രാജ്യങ്ങളെ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിലേക്ക് എത്തിക്കാമെന്നും യുഎസ് കരുതുന്നുണ്ട്. എന്നാൽ ഇത് എളുപ്പമാകില്ല.

ഗസ്സയിൽ അതിവേഗത്തിൽ വെടിനിർത്തലിലേക്ക് പോകാനാണ് യുഎസ് ഇസ്രായേൽ ശ്രമം. ഇതിനായി ഇരുവരും ധാരണയിലെത്തിയതായി ഇസ്രായേലി, യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുപ്രകാരം, വെടിനിർത്തലിന് ശേഷം ഗസ്സയുടെ ഭരണം യുഎഇ, ഈജിപ്ത് ഉൾപ്പെടെ നാല് അറബ് രാജ്യങ്ങളുടെ മേൽനോട്ടത്തിലാകും. ഹമാസ് നേതാക്കളെ നാടുകടത്തും. എല്ലാ ബന്ദികളേയും വിട്ടയക്കും. ദ്വിരാഷ്ട്ര ഫോർമുലക്ക് ഇസ്രായേൽ നിബന്ധനകളോടെ സമ്മതമറിയിക്കുമെന്നും ധാരണയിലുണ്ട്. ഇതിന് പകരമായ വെസ്റ്റ്ബാങ്കിലെ കയ്യേറ്റപ്രദേശങ്ങൾ യുഎസ് അംഗീകരിക്കും. സൗദി, സിറിയ ഉൾപ്പെടെ രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിലേക്കും വരുമെന്നാണ് ഇരുവരുടേയും പ്രതീക്ഷ. ഇത് ചൂണ്ടിക്കാട്ടുന്ന പരസ്യ ബോർഡുകളും തെൽ അവിവിൽ ഉയർന്നിരുന്നു. ഇതെല്ലാം ചർച്ച ചെയ്യാൻ നെതന്യാഹു ഉടൻ യുഎസിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Advertising
Advertising

സിറിയയും ഇസ്രായേയും ഇതിനകം ചർച്ചകൾ നേരിട്ട് നടത്തിയിരുന്നു. എന്നാൽ ഫലസ്തീൻ രാഷ്ട്രത്തിലേക്ക് വഴിയൊരുക്കാതെ ഇസ്രായേലുമായി ബന്ധമുണ്ടാകില്ലെന്നാണ് സൗദി നിലപാട്. ഇതിൽ രാജ്യം ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല. മാത്രമവുമല്ല, ദ്വിരാഷ്ട്ര ഫോർമുലയില്ലാതെ ഗസ്സയുടെ പുനർനിർമാണത്തിൽ പങ്കുചേരാനാകില്ലെന്നും അറബ് രാജ്യങ്ങൾ യുഎസിനെ അറിയിച്ചിരുന്നു. സിറിയൻ പ്രസിഡണ്ടിന്റെ ചിത്രവും തെൽഅവിവിൽ നെതന്യാഹുവിനൊപ്പം ഉയർന്നു. ഇതോടെ പുതിയ സിറിയൻ പ്രസിഡണ്ട് അഹ്മദ് അൽ ഷാറയുടെ ഭരണകൂടത്തിലും അതൃപ്തിയുണ്ട്.

നാടുകടത്താനുള്ള നീക്കം സമ്മതിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം വിദേശ ശക്തികൾക്ക് ഭരണം കൈമാറില്ലെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു. എതായാലും പശ്ചിമേഷ്യയിൽ അസാധാരണ നീക്കങ്ങൾ നടക്കുന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ. ഇതിൽ അറബ് രാഷ്ട്രങ്ങളുടെ നിലപാട് നിർണായകമാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News