ഒരു ബന്ദിയെ വിട്ടയക്കുമ്പോൾ ഇസ്രായേൽ മറ്റൊരാളെ തടവിലാക്കുന്നു; അന്താരാഷ്ട്ര നിയമങ്ങൾക്ക് പുല്ലുവില

117 കുട്ടികളും 33 സ്ത്രീകളുമുൾപ്പെടെ 150 ഫലസ്തീൻ തടവുകാരെ മോചിപ്പിച്ചതിനുപിന്നാലെ കിഴക്കൻ ജറുസലേമിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നുമായി കുറഞ്ഞത് 133 ഫലസ്തീനികളെയാണ് ഇസ്രായേൽ അറസ്റ്റ് ചെയ്തത്

Update: 2023-11-30 15:01 GMT

റാമല്ല: കരാറിന്റെ ഭാഗമായി ഒരുഭാഗത്ത് ബന്ദികളെ മോചിപ്പിക്കുന്ന ഇസ്രായേൽ മറുഭാഗത്ത് വീണ്ടും അത്രയും തന്നെ ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഡസൻ കണക്കിന് ഫലസ്തീനികളെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ തടവുകാരാക്കിയത്. ഇസ്രായേലും ഹമാസും തമ്മിൽ വെള്ളിയാഴ്ച ആരംഭിച്ച വെടിനിർത്തൽ നാലുനാൾ പിന്നിട്ടപ്പോൾ 117 കുട്ടികളും 33 സ്ത്രീകളുമുൾപ്പെടെ 150 ഫലസ്തീൻ തടവുകാരെയാണ് ഇസ്രായേൽ മോചിപ്പിച്ചത്. പക്ഷേ ഈ ദിവസങ്ങളിൽ തന്നെ കിഴക്കൻ ജറുസലേമിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നുമായി കുറഞ്ഞത് 133 ഫലസ്തീനികളെയാണ് ഇസ്രായേൽ അറസ്റ്റ് ചെയ്തത്. ഫലസ്തീൻ തടവുകാരുടെ അവകാശങ്ങൾ ലക്ഷ്യമിട്ട് രൂപവത്കരിച്ച സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.

Advertising
Advertising

'അധിനിവേശം നിലനിൽക്കുന്ന കാലത്തോളം അറസ്റ്റുകൾ അവസാനിക്കില്ല. ജനങ്ങൾ ഇത് മനസ്സിലാക്കണം. എല്ലാതരത്തിലുള്ള ചെറുത്തുനിൽപ്പിനെ ഇല്ലാതാക്കാനുള്ള അധിനിവേശത്തിന്റെ അടിസ്ഥാന നയമാണിത്'' -ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റി വക്താവ് അമാനി അൽ ജസീറയോട് പറഞ്ഞു. ''ഇത് (ഫലസ്തീനികളെ അനധികൃതമായി പിടിച്ചുകൊണ്ടുപോകുന്നത്) ഒക്ടോബർ ഏഴിന് ശേഷം മാത്രം സംഭവിക്കുന്നതല്ല. എന്നും നടക്കുന്ന പതിവ് കാര്യമാണ്. ഇക്കഴിഞ്ഞ നാല് ദിവസം ഇതിൽ കൂടുതൽ ആളുകൾ അറസ്റ്റിലാകുമെന്നായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത്'.

കഴിഞ്ഞ 51 ദിവസത്തെ രക്ത രൂക്ഷിതമായ ഇസ്രായേൽ ബോംബാക്രമണത്തിൽ 15,000ത്തിലധികം ഫലസ്തീനികളെയാണ് ഗസ്സയിൽ ഇസ്രായേൽ ഇതുവരെ കൊന്നുതള്ളിയത്. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. പിന്നാലെയാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്.

ഗസ്സയിലെ 56 വർഷത്തെ സൈനിക അധിനിവേശത്തിന് കീഴിൽ വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ഫലസ്തീൻ വംശജരുടെ വീടുകളിൽ രാത്രികാല തെരച്ചിൽ പതിവാണ്. ഈ തെരച്ചിലിൽ ഏറ്റവും കുറഞ്ഞത് 15 മുതൽ 20 വരെ ആളുകളെ ദിവസവും പിടിച്ചുകൊണ്ടുപോകുന്നതും പതിവാണ്. ഒക്ടോബർ ഏഴിന് മുമ്പ് 5,200 ഫലസ്തീനികളായിരുന്നു ഇസ്രായേലിന്റെ തടവറയിലുണ്ടായിരുന്നത്.

ഒക്ടോബർ ഏഴിന് ശേഷം അതായത് യുദ്ധം ആരംഭിച്ചത് മുതൽ ഇത്തരത്തിൽ അകാരണമായി പിടികൂടുന്നവരുടെ എണ്ണം 10,000 ലേക്ക് ഉയർന്നു. ഇതിൽ, ഇസ്രായേലിൽ ജോലി ചെയ്തിരുന്ന ഗസ്സക്കാരായ 4,000 തൊഴിലാളികളെ പിന്നീട് വിട്ടയച്ചെങ്കിലും മറ്റുള്ളവരുടെ അറസ്റ്റ് തുടർന്നു. ഒക്ടോബർ ഏഴ് മുതൽ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി 3,290 പേരെയാണ് ഇസ്രായേൽ അകാരണമായി അറസ്റ്റ് ചെയ്തത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News