ഒടുവിൽ ആ ചോദ്യത്തിന് ഉത്തരമായി; ലോക ജനസംഖ്യ 800 കോടിയിലെത്തിച്ച കുഞ്ഞ് പിറന്നത് ഇവിടെ...

ജനസംഖ്യ 700ൽനിന്ന് 800 കോടിയിലെത്താൻ 12 വർഷമാണെടുത്തത്

Update: 2022-11-16 04:51 GMT
Editor : Lissy P | By : Web Desk
Advertising

മനില: ലോക ജനസംഖ്യ 800 കോടിയെന്ന സുപ്രധാന നാഴികകല്ല് പിന്നിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. മാനുഷിക വിഭവശേഷിയിൽ ലോകം സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്ന വാർത്ത ഇന്നലെ ഐക്യരാഷ്ട്ര സഭ തന്നെയാണ് പുറത്ത് വിട്ടത്. എന്നാൽ ലോക ജനസംഖ്യയെ 800 കോടി എന്ന മാന്ത്രിക സംഖ്യയിലെത്തിച്ച ആ കുഞ്ഞ് ആരാണെന്നായിരുന്നു എന്ന ചോദ്യമാണ് ലോകത്താകമാനം ഉയർന്നത്.  ഏത് രാജ്യത്താണ് ആ നാഴികക്കല്ലിലേക്കുള്ള കുഞ്ഞിന്റെ പിറവിയുണ്ടായത്  തുടങ്ങിയവയെക്കുറിച്ചായിരുന്നു ഇന്നലെ കൂടുതൽ പേരും ഇന്റർനെറ്റിൽ തെരഞ്ഞത്. ഒടുവിൽ ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്.

ഫിലിപ്പീൻസിലെ മനിലയിലാണ് ആ 800 കോടിയിലേക്കുള്ള പിറവിയുണ്ടായത്. ടോണ്ടോയിൽ ജനിച്ച പെൺകുഞ്ഞാണ് ലോക ജനസംഖ്യ 800കോടിയിലേക്കെത്തിച്ചത്. വിനീസ് മബൻസാഗ് ഡോ. ജോസ് ഫാബെല്ല മെമ്മോറിയൽ ആശുപത്രിയില്‍ പ്രദേശിക സമയം പുലർച്ചെ 1:29 നാണ് ബേബി വിനീസിനെ ജനിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ചിത്രങ്ങൾ ഫിലിപ്പീൻസ് കമ്മീഷൻ ഓൺ പോപ്പുലേഷൻ ആൻഡ് ഡെവലപ്പമെന്റ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു.

'മനിലയിലെ ടോണ്ടോയിൽ ജനിച്ച പെൺകുഞ്ഞ് ലോക ജനസംഖ്യ 800 കോടി എന്ന നാഴികക്കല്ലിൽ എത്തിച്ചെന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്.

പൊതുജനാരോഗ്യത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അത് മരണസാധ്യത കുറയ്ക്കുകയും ആയുർദൈർഘ്യം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു ഐക്യരാഷ്ട്രസഭ ഈ വാർത്ത പങ്കുവെച്ചത്. അക്കങ്ങൾക്കപ്പുറത്തേക്ക് നോക്കാനും ആളുകളെയും ഭൂമിയെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റാനുമുള്ള സുപ്രധാന നിമിഷമാണെന്നും യുഎൻ ഇതിനെ വിശേഷിപ്പിച്ചു.

Full View

8 ബില്യൺ പ്രതീക്ഷകൾ. 8 ബില്യൺ സ്വപ്നങ്ങൾ. 8 ബില്യൺ സാധ്യതകൾ. നമ്മുടെ ഭൂമിയില്‍ ഇപ്പോൾ 8 ബില്യൺ ആളുകളുള്ളതാണ്, ''യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) ട്വീറ്റ് ചെയ്തു. ജനസംഖ്യയിൽ ചൈനയെയും പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അടുത്ത വർഷം ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ.

ആഫ്രിക്കൻ-ഏഷ്യൻ വൻകരയിലാണ് ജനസംഖ്യയിൽ വൻ കുതിച്ചുചാട്ടം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ, കോംഗോ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പൈൻസ്, താൻസാനിയ എന്നിവയാണ് ആ രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽനിന്നാണ് അടുത്ത ബില്യൻ ജനസംഖ്യ വരികയെന്നാണ് കരുതപ്പെടുന്നത്. പട്ടികയിൽ ചൈനയില്ലെന്നതാണ് ശ്രദ്ധേയം. 1980ൽ നടപ്പാക്കിയ ജനസംഖ്യാ ആസൂത്രണ നയത്തിൽ 2016ൽ ഇളവ് വരുത്തിയെങ്കിലും ചൈനയിൽ ജനസംഖ്യ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. നിലവിൽ 142 കോടിയാണ് ചൈനീസ് ജനസംഖ്യ. ഇന്ത്യ 141 കോടിയും പിന്നിടുകയാണ്.

ജനസംഖ്യ 700ൽനിന്ന് 800 കോടിയിലെത്താൻ 12 വർഷമാണെടുത്തത്. എന്നാൽ, അടുത്തൊരു നൂറുകോടി കടക്കാൻ 15 വർഷമെടുക്കും. 2037ലായിരിക്കും ലോകജനസംഖ്യ 900 കോടി കടക്കുക. ജോക ജനസംഖ്യാ വളർച്ച കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനയാണിതെന്നും യു.എൻ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News