'ഇറാനൊപ്പം, ഉചിതമായത് ചെയ്യും': അമേരിക്കയുടെ മുന്നറിയിപ്പ് തള്ളി ഹിസ്ബുല്ല
''അമേരിക്കയ്ക്കും അവരുടെ ക്രിമിനല്‍ പങ്കാളിയായ ഇസ്രായേലിനും ഇറാനെ കീഴ്പ്പെടുത്താനാവില്ല, ഇറാനൊപ്പമാണ് ഞങ്ങള്‍''
ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഷെയ്ഖ് നൈം ഖാസിം
ബെയ്റൂത്ത്: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ വേണ്ട സമത്ത് ഇടപെടുമെന്ന് ഹിസ്ബുല്ല. അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഹിസ്ബുല്ല രംഗത്തെത്തിയിരിക്കുന്നത്. ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഷെയ്ഖ് നൈം ഖാസിം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനെ പ്രശംസിച്ച അദ്ദേഹം, ധീരമായ പ്രവൃത്തികളാണ് അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും വ്യക്തമാക്കി. പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ നേതൃത്വത്തില്‍ അമേരിക്കയുടെ മോഹങ്ങളെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
''അമേരിക്കയ്ക്കും അവരുടെ ക്രിമിനല്‍ പങ്കാളിയായ ഇസ്രായേലിനും ഇറാനെ കീഴ്പ്പെടുത്താനാവില്ല, ഇറാനൊപ്പമാണ് ഞങ്ങള്‍. ഇറാന്റെ നിയമാനുസൃത അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും കാര്യത്തിൽ അമേരിക്ക ഇടപെടുമ്പോള്‍ നോക്കിനില്‍ക്കില്ല, വേണ്ട സമയത്ത് ഇടപെടും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷത്തില്‍ ഇടപെടരുതെന്ന് കഴിഞ്ഞ ദിവസം സിറിയയിലെ യുഎസ് പ്രത്യേക പ്രതിനിധി ടോം ബറോക്ക് മുന്നറിയിപ്പ് ഹിസ്ബുല്ലക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിസ്ബുല്ല ഇടപെടുന്നത് ഏറ്റവും മോശം തീരുമാനമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ തനിക്ക് പറയാന്‍ പറ്റുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇതിനെതിരെയാണ് ഹിസ്ബുല്ല നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ഇറാനെതിരെ സൈനിക ആക്രമണം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.