ജിറാഫിന്‍റെ കാഷ്ഠവുമായി യുവതി വിമാനത്താവളത്തില്‍; നെക്ലേസ് ഉണ്ടാക്കാനെന്ന് വിശദീകരണം
കെനിയയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് തനിക്ക് ജിറാഫിന്‍റെ കാഷ്ഠം ലഭിച്ചതെന്നും അതില്‍ ആഭരണങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി
പ്രതീകാത്മക ചിത്രം
മിനിയാപൊളിസ്: അമേരിക്കയില്‍ ജിറാഫിന്‍റെ കാഷ്ഠവുമായെത്തിയ യുവതി പിടിയില്‍. മിനിയാപോളിസിലെ സെന്‍റ്.പോള്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവതിയെ കസ്റ്റംസ് തടയുകയായിരുന്നുവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാല ഉണ്ടാക്കാനാണ് ജിറാഫിന്‍റെ മലം കൊണ്ടുവന്നതെന്നായിരുന്നു യുവതിയുടെ വിശദീകരണം.
സെപ്തംബര്‍ 29നാണ് സംഭവം. കെനിയയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് തനിക്ക് ജിറാഫിന്‍റെ കാഷ്ഠം ലഭിച്ചതെന്നും അതില്‍ ആഭരണങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി പറഞ്ഞു.ആഭരണങ്ങൾ നിർമ്മിക്കാൻ മൃഗങ്ങളുടെ വിസര്‍ജ്യം ഉപയോ ഗിക്കുന്നത് ഇതാദ്യമല്ലെന്നും മുമ്പ് കടമാന്‍റെ കാഷ്ഠം ഉപയോഗിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ ഡിസ്ട്രക്ഷൻ പ്രോട്ടോക്കോൾ അനുസരിച്ച് ജിറാഫിന്‍റെ കാഷ്ഠം കസ്റ്റംസ് അധികൃതര്‍ നശിപ്പിച്ചു.
യുഎസിലേക്ക് മൃഗങ്ങളുടെ മലം പോലുള്ളത് കൊണ്ടുവരുന്നത് അപകടമാണെന്നും കസ്റ്റംസ് മുമ്പാകെ വെളിപ്പെടുത്താതെ പുറത്തെത്തിച്ച് ഇതില്‍ നിന്ന് ആഭരണം ഉണ്ടാക്കിയാല്‍ രോഗം പിടിപെടാനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇത്തരം മൃഗങ്ങളുടെ അവശിഷ്ടങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതില്‍ അനുമതി ആവശ്യമാണെന്നും ആഫ്രിക്കൻ പന്നിപ്പനി, ക്ലാസിക്കൽ പന്നിപ്പനി, കുളമ്പുരോഗം, പന്നി വെസിക്കുലാർ രോഗം എന്നിവ കെനിയയെ ബാധിച്ചിട്ടുണ്ടെന്നും ഏജൻസി വ്യക്തമാക്കി.
വിസര്‍ജ്യം അധികൃതര്‍ക്ക് കൈമാറിയതിനാല്‍ യുവതി മറ്റു നടപടികളൊന്നും നേരിടേണ്ടി വരില്ലെന്ന് മിനസോട്ട പബ്ലിക് റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാരെ മറികടന്ന് മലം കടത്താൻ ശ്രമിച്ചിരുന്നെങ്കിൽ, 300 ഡോളർ മുതൽ 1,000 ഡോളർ വരെ പിഴ ചുമത്തിയേക്കാം.