Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂയോർക്കിൽ നടന്ന ഫലസ്തീൻ അനുകൂല റാലി | Photo: AFP
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു ശേഷം ഇസ്രായേൽ ഗസ്സയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ ഇന്ന് ഫലസ്തീൻ പ്രശ്‌നത്തെ ലോകരാഷ്ട്രങ്ങൾ നോക്കി കാണുന്നതിൽ മൗലികമായ മാറ്റമുണ്ടായിട്ടുണ്ട്. എന്നാൽ ഫലസ്തീൻ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഏതാണ്ട് 7 പതിറ്റാണ്ട് കാലത്തെ ചരിത്രമുള്ളതാണ്. ഒക്ടോബർ ഏഴിന് ശേഷം 2025 ഒക്ടോബർ വരെ ഗസ്സയിൽ 66,000-ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർ പട്ടിണി, രോഗം, എന്നിവ കൊണ്ട് ദുരിതം അനുഭവിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾ ഫലസ്തീനിനോടുള്ള പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരുന്നുണ്ട്. ഗസ്സ വംശഹത്യയുടെ ഏറ്റവും പുതിയ സാഹചര്യങ്ങളിൽ പല രാജ്യങ്ങളും ഫലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകാരിക്കുന്നു എന്നത് പ്രതീക്ഷയുണർത്തുന്ന കാര്യമാണ്. ഇതിൽ ഇന്നത്തെ ഇസ്രായേൽ രാഷ്ട്ര രൂപീകരണത്തിന് പോലും കാരണമായ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളുണ്ട് എന്നതും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നതാണ്.
സൊമാലിയയിൽ നടന്ന ഫലസ്തീൻ അനുകൂല റാലി | Photo: Reuters
ഒക്ടോബർ ഏഴിന് ശേഷം ഫലസ്തീനിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ജനകീയ റാലികൾക്ക് ഏറ്റവും കൂടുതൽ വേദിയായത് യൂറോപ്യൻ രാജ്യങ്ങളാണ്. യൂറോപ്പിലെ നഗരങ്ങൾ ഫലസ്തീൻ പതാകകൾ വഹിച്ച് ലക്ഷക്കണക്കിന് പേരുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. 2025 ഒക്ടോബർ രണ്ടിന് ഗസ്സയിലേക്ക് പുറപ്പെട്ട ഗ്ലോബൽ സമൂദ് ഫ്ലോട്ടില പിടിച്ചെടുത്തതിന് പിന്നാലെ ലോകത്തിലെ വിവിധ നഗരങ്ങളിലെ ജനങ്ങൾ ഇസ്രയേലിനെതിരെ വലിയ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. റോം, ഇസ്‌താംബൂൾ, പാരിസ്, ബാഴ്‌സലോണ, ലണ്ടൻ, ബ്യുണസ് ഐറിസ് എന്നീ നഗരങ്ങൾ അതിൽ പ്രധാനപ്പെട്ടതാണ്. തീവ്ര വലതുപക്ഷ സർക്കാർ ഭരിക്കുന്ന ഇറ്റലിയിൽ ഫലസ്തീന് വേണ്ടി രാജ്യവ്യാപക പണിമുടക്ക് പോലുമുണ്ടായി.
ഗ്ലോബൽ സുമൂദ് ഫ്ലോട്ടില ഇസ്രായേൽ പിടിച്ചെടുത്തതിനെ തുടർന്ന് ബാഴ്‌സലോണയിൽ നടന്ന പ്രതിഷേധം | Photo: AP
പാരിസിലെ പ്രക്ഷോഭത്തിൽ സ്വതന്ത്ര ഫലസ്തീൻ പ്ലക്കാർഡുകളുമായി 75,000ലധികം ആളുകളാണ് 2025 ജൂണിൽ മാത്രം തെരുവിലിറങ്ങിയത്. ബാഴ്‌സലോണയിൽ 15,000 പേർ 'ഗസ്സ നിങ്ങൾ ഒറ്റക്കല്ല' എന്ന മുദ്രവാക്യമുയർത്തി തെരുവിലിറങ്ങി. മാത്രമല്ല സ്പെയിൻ സർക്കാർ സ്വതന്ത്ര ഫലസ്തീൻ അംഗീകാരത്തിന് പിന്നാലെ 'ഇസ്രായേലിനെ ബോയ്‌കോട്ട് ചെയ്യുക' എന്ന ആഹ്വാനവുമായി രംഗത്ത് വന്നപ്പോൾ ജനങ്ങൾ ഭരണകൂടത്തോടൊപ്പം നിലകൊണ്ടു. റോമിലെ കൊലോസിയത്തിനു മുന്നിൽ ഫലസ്തീൻ പതാകകൾ നിരന്തര സാന്നിധ്യമാക്കുകയും മിലാനിലെ ഡുവോമോയ്ക്കു സമീപം പ്രക്ഷോഭങ്ങൾ നടക്കുകയും ചെയ്തു. ഇറ്റലിയിൽ നടന്ന പണിമുടക്കിൽ 10,000ലധികം പേർ സ്‌കൂളുകളും തുറമുഖങ്ങളും അടച്ച് പ്രക്ഷോഭം നടത്തി. ഒക്ടോബറിന് ഏഴിന് ശേഷം ലോക രാജ്യങ്ങളിൽ ഫലസ്തീൻ വിഷയത്തിൽ വലിയ മാറ്റമുണ്ടാക്കിയതായി ഈ പ്രക്ഷോഭങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഗ്ലോബൽ സുമൂദ് ഫ്ലോട്ടില ഇസ്രായേൽ പിടിച്ചെടുത്തതിനെ തുടർന്ന് റോമിൽ നടന്ന പ്രതിഷേധം | Photo: AP
അപാർത്തീഡിന്റെ ഓർമകളും ആഫ്രിക്കയുടെ ഫലസ്തീൻ ഐക്യദാർഢ്യവും
സ്വതന്ത്ര ഫലസ്തീൻ പോരാട്ടത്തിന്റെ ഏറ്റവും ശക്തമായ പിന്തുണക്കാരിലൊന്നാണ് ആഫ്രിക്ക. 1988ൽ സ്വതന്ത്ര ഫലസ്തീൻ പ്രഖ്യാപനത്തിന് പിന്നാലെ ഒരുപാട് അഫ്രിക്കൻ രാജ്യങ്ങൾ ഫലസ്തീൻ രാജ്യത്തിന് അംഗീകാരവുമായി അന്ന് തന്നെ രംഗത്ത് വന്നിരുന്നു. 'ഞങ്ങളുടെ സ്വാതന്ത്ര്യം ഫലസ്തീനിന് സ്വാതന്ത്ര്യമില്ലാതെ പൂർണമാവില്ല' എന്നാണ് ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെ പോരാടിയ നെൽസൺ മണ്ഡേല പറഞ്ഞത്. 2023 ഡിസംബറിൽ സൗത്ത് ആഫ്രിക്ക ഐസിജെയിൽ ഇസ്രായേലിനെതിരെ ഗസ്സ വംശഹത്യ കേസ് സമർപ്പിച്ചു. ഇത് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു. 'ഇസ്രായേലിന്റെ അപാർത്തീഡ് ഞങ്ങളുടെ ചരിത്രത്തെ ഓർമിപ്പിക്കുന്നു'വെന്ന് പ്രസിഡന്റ് സിറിൽ രാമഫോസ പറഞ്ഞു.
നെൽസൺ മണ്ടേല | Photo: National Geographic
നൈജീരിയയിലും സെനഗളിലും ഗസ്സയിലെ പട്ടിണിക്കെതിരെ ഐക്യദാർഢ്യ സംഗമങ്ങൾ നടന്നു. ഏകദേശം 1.26 ദശലക്ഷം ആളുകൾ കടുത്ത പട്ടിണിയിൽ ആയ സെനഗൽ, ഫലസ്തീനിലെ പട്ടിണിയോട് ഐക്യപ്പെടുന്നതിൽ അവരുടെ തീവ്രമായ അനുഭവത്തിന്റെ ആഴം കൂടി അതിന് നൽകുന്നുണ്ട്. മൊഗാദിഷുവിൽ സൊമാലിയക്കാർ 2023 ഒക്ടോബറിൽ 'ഗസ്സയിലെ വംശഹത്യ നിർത്തുക' എന്ന മുദ്രവാക്യത്തിൽ ജനകീയ പ്രക്ഷോഭം നടത്തി. ആഫ്രിക്കൻ യൂണിയൻ (എഐയു) 2025 ഫെബ്രുവരിയിൽ ഇസ്രായേലിന്റെ നിരീക്ഷക പദവി സസ്‌പെന്റ് ചെയ്തു. നമീബിയയും സിംബാവെയും ഫലസ്തീനോടുള്ള പിന്തുണ പ്രഖ്യാപിച്ചു മുന്നോട്ട് വന്നു. ഒരർഥത്തിൽ ഫലസ്തീൻ സമരം അഫ്രിക്കയുടെ കൂടെ സമരമാണ്.
സൗത്ത് ആഫ്രിക്കയിൽ നടന്ന ഫലസ്തീൻ അനുകൂല റാലി | Photo: South Africa for Palestine
അന്താരാഷ്ട്ര തലത്തിൽ തന്നെ സിനിമ മേഖലയിൽ നിന്നുള്ള ഐക്യദാർഢ്യങ്ങൾക്കും ഈ കാലയളവിൽ നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൂട്ടായ്മകൾ ഉണ്ടാക്കിയും ഇസ്രായേൽ സിനിമകളെയും സിനിമ പ്രവർത്തകരെയും ബഹിഷ്കരിച്ചും, ഫലസ്തീൻ സിനിമകളെ കൂടുതൽ പ്രചരിപ്പിച്ചും സിനിമ മേഖലയിൽ നിന്നുള്ളവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രംഗത്ത് വന്നിരുന്നു. എമ്മ സ്റ്റോൺ, അവാ ഡുവെർണേ, യോർഗോസ് ലാന്തിമോസ്, ഒലിവിയ കോൾമാൻ, റിസ് അഹമ്മദ്, മാർക്ക് റുഫാലോ തുടങ്ങിയ പ്രമുഖ സിനിമ പ്രവർത്തകർ ഇതിൽ പ്രധാനികളായിരുന്നു. വ്യത്യസ്ത ചലച്ചിത്ര മേളകളിൽ ഫലസ്തീൻ പ്രധാന ചർച്ച വിഷയമായി മാറി. വെനീസ് 2025 ചലച്ചിത്ര മേളയിൽ The voice of Hind Rajab സവിശേഷമായി ഏറ്റെടുക്കപെട്ടു. The Encampments, Put Your Soul on Your Hand and Walk, All That’s Left of You തുടങ്ങിയവയും മേളയിലെ ഫലസ്തീനിന്റെ ശബ്ദമായി മാറി.
The voice of Hind Rajab | Photo: IMDB
ഇന്ത്യൻ സിനിമ മേഖലയിൽ തമിഴ്, മലയാളം ഇൻഡസ്ട്രികളിലും സമാന സ്വഭാവത്തിലുള്ള ഫലസ്തീൻ ഐക്യദാർഢ്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും തമിഴ് സിനിമ മേഖല ഇതിൽ വേറിട്ട് നിന്നു. ആഴത്തിൽ വേരൂന്നിയ ദ്രാവിഡിയൻ രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ തമിഴ് ജനത അടിച്ചമർത്തപ്പെടുന്ന ഫലസ്തീനൊപ്പം നിന്നു. പ്രധാന സിനിമ ഫെസ്റ്റിവൽ ആയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ഫലസ്തീനിയൻ സിനിമകൾക്ക് പ്രത്യേക സ്‌ക്രീനിങ്ങുകൾ ഉണ്ടായിരുന്നു. പ്രതീകാത്മകവും അല്ലാത്തതുമായ പലതരം ഐക്യദാർഢ്യ പ്രകടനങ്ങൾ വിവിധ സിനിമ വേദികളിലും അനുബന്ധ മേഖലയിലും അരങ്ങേറി. പ്രമുഖരായ സിനിമ പ്രവർത്തകർ കേരളത്തിലെ വിവിധ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികളിൽ സന്നിഹിതരായി.
നമ്മുടെ ലോകക്രമത്തിൽ അനിഷേധ്യ സാന്നിധ്യമായും, ഒരുവേള നിലനിൽക്കുന്ന അധികാര ഘടനയെ തന്നെ മാറ്റി തീർക്കാൻ കെല്പുള്ള രീതിയിലും സ്വതന്ത്ര ഫലസ്തീൻ എന്ന മുദ്രാവാക്യം ലോകത്ത് ഇന്ന് ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്നുണ്ട്. ഇസ്രയേലിന്റെ വംശഹത്യക്കെതിരെ ശക്തമായ എതിർപ്പ് ദിനംപ്രതി വർധിച്ച് വരികയും മനുഷ്യ സമൂഹത്തിന് മുന്നിൽ ഇസ്രായേൽ ഭരണകൂടത്തിന്റെ ക്രൂരതകൾ മുമ്പെങ്ങും ഇല്ലാത്ത വിധം ഇതിനോടകം തുറന്നുകാട്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു ജനതയുടെ സ്വാതന്ത്രത്തിന് ഇനിയുമെത്ര ദൂരം ബാക്കിയുണ്ട് എന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം.