തമിഴ്നാട്ടിൽ ചരിത്ര നിമിഷം; 59 വർഷത്തിന് ശേഷം കോൺഗ്രസ് ഭരണത്തിലേക്ക്
കോൺഗ്രസ് എംഎൽഎമാരായ അഡ്വ.രാജേഷ് കുമാർ, പി. വിശ്വനാഥ് എന്നിവർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

- Published:
20 May 2026 9:17 PM IST

ചെന്നൈ: ദ്രാവിഡ പാർട്ടികൾ മാറി-മാറി ഭരിച്ച തമിഴ്‌നാട്ടിൽ നീണ്ട 59 വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് മന്ത്രിസഭയിലേക്ക്. കോൺഗ്രസിന്റെ രണ്ട് പ്രതിനിധികൾ വിജയ് നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് എംഎൽഎമാരായ അഡ്വ.രാജേഷ് കുമാർ, പി. വിശ്വനാഥ് എന്നിവരാണ് വ്യാഴാഴ്ച മന്ത്രിസഭയുടെ ഭാഗമാവുക.
എംഎൽഎമാരുടെ സത്യപ്രതിജ്ഞക്ക് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതായി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അറിയിച്ചു. ഇതൊരു ചരിത്ര നിമിഷമാണെന്നാണ് കെ.സി വേണുഗോപാൽ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. 'ഇതൊരു ചരിത്ര നിമിഷമാണ്. 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയിൽ ചേരുന്നത്. രാഹുൽ ഗാന്ധിയുടെ ജനക്ഷേമ നയങ്ങളും കാഴ്ചപ്പാടുകളും തമിഴ്നാട്ടിൽ നടപ്പിലാക്കാൻ പുതിയ മന്ത്രിമാർക്ക് സാധിക്കുമെന്ന് ഉറപ്പുണ്ട്.' കെ.സി. വേണുഗോപാൽ എക്‌സിൽ കുറിച്ചു.
ഡിഎംകെ നേതൃത്വം നൽകുന്ന സെക്യുലർ പ്രോഗ്രസീവ് അലയൻസിന്റെ ഭാഗമാണ് കോൺഗ്രസ് മത്സരിച്ചത്. അഞ്ച് സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് ഫലം വന്നതിന് പിന്നാലെ വിജയിയുടെ ടിവികെയ്ക്ക് പിന്തുണ നൽകുകയായിരുന്നു. വിജയിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് പിന്തുണച്ചത്. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്ന ഇടതുപാർട്ടികളും വിജയിയുടെ സർക്കാറിന് പുറത്ത് നിന്ന് പിന്തുണ നൽകിയിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം തങ്ങളെ വഞ്ചിച്ച് വിജയിയുടെ പാളയത്തിലേക്ക് പോയ കോൺഗ്രസ് നടപടിയെ ഡിഎംകെ രൂക്ഷമായാണ് വിമർശിച്ചത്. വിജയിച്ചതിന് ശേഷം നന്ദി പറയാൻ പോലും വരാതിരുന്ന കോൺഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തി എന്നാണ് ഡിഎംകെ നേതൃത്വം വിശേഷിപ്പിച്ചത്. കോൺഗ്രസ് വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ പാർലമെന്റിൽ പ്രത്യേക ഇരിപ്പടം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.
Adjust Story Font
16
