പഞ്ചിന് പിന്നാലെ കാസ്പറുമായി ഹ്യുണ്ടായിയും; മിനി എസ്.യു.വി വിഭാഗത്തിൽ മത്സരം കനക്കുന്നു

നിസാന്‍ മാഗ്നൈറ്റും റെനോ കൈഗറും മാരുതി ഇഗ്നിസും അടക്കിവാണിരുന്ന ഈ വിഭാഗത്തിലേക്ക് ഇപ്പോൾ ഹ്യുണ്ടായിയും കാസ്പറിലൂടെ ടയർ കുത്തുകയാണ്.

Update: 2021-09-03 14:05 GMT
Editor : Nidhin | By : Web Desk

ഹാച്ച്ബാക്കും സെഡാനും വിട്ട് ഇന്ത്യക്കാർക്ക് എസ്.യു.വികളോടും കോപാക്ട് എസ്.യു.വികളോടും പ്രേമം കൂടുന്ന കാലമാണിത്. ആ കൂട്ടത്തിലേക്ക് അവതരിച്ച മറ്റൊരു വിഭാഗമാണ് മൈക്രോ എസ്.യു.വികൾ. ഹാച്ച്ബാക്കിന്റെ സുഖത്തിലും പരിപാലന ചെലവിലും ഒരു എസ്.യു.വി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമായിരുന്നു മൈക്രോ എസ്.യു.വികൾ.

നിസാന്‍ മാഗ്നൈറ്റും റെനോ കൈഗറും മാരുതി ഇഗ്നിസും അടക്കിവാണിരുന്ന ഈ വിഭാഗത്തിലേക്ക് ഇപ്പോൾ ഹ്യുണ്ടായിയും കാസ്പറിലൂടെ ടയർ കുത്തുകയാണ്. നേരത്തെ ഇതേവിഭാഗത്തിൽ ടാറ്റ പഞ്ച് എന്നൊരു മോഡൽ അനൗൺസ് ചെയ്തിട്ടുണ്ട്.

Advertising
Advertising

ഹ്യുണ്ടായി കാസ്പറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ആദ്യം പുറത്തിറങ്ങുക ദക്ഷിണ കൊറിയയിലായിരിക്കും. ഇന്ത്യയിൽ 2022 ആദ്യ മാസങ്ങളിലായിരിക്കും കമ്പനി ഈ മോഡൽ അവതരിപ്പിക്കുക. കൂടാതെ മറ്റൊരു പേരിലായിരിക്കും കാസ്പർ ഇന്ത്യയിൽ അവതരിക്കുക.

ഒറ്റക്കാഴ്ചയിൽ കാസ്പർ എങ്ങനെ ?

തീർത്തും പുതിയൊരു ഡിസൈനിലാണ് കാസ്പർ വരുന്നത്. വ്യത്യസ്തമായൊരു ബോക്‌സി ഡിസൈനിലാണ് കമ്പനി കാസ്പറിനെ നിർമിച്ചിരിക്കുന്നത്. അതേസമയം ഹ്യുണ്ടായി അവരുടെ എസ്.യു.വികളിൽ പിന്തുടരുന്ന സ്പിലിറ്റ് ചെയ്ത എൽ.ഇ.ഡി. ഹെഡ്‌ലാമ്പ് യൂണിറ്റ് ഇതിലും ഉപയോഗിച്ചിട്ടുണ്ട്. മുകളിലെ ലോഗോ അടങ്ങിയ കറുത്ത ഭാഗത്താണ് ഡി.ആർ.എല്ലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹെഡ്‌ലൈറ്റിന് ചുറ്റും എൽഇഡി വളയവും നൽകിയിട്ടുണ്ട്. പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ച് കാസ്പറിന് രണ്ട് മോഡൽ ഗ്രില്ലുകൾ ലഭ്യമാണ്. അതിലൊന്നിൽ ഹെഡ്‌ലൈറ്റിനെ അനുസ്മരിപ്പിക്കും വിധമുള്ള വളയങ്ങളുണ്ട്. മറ്റൊന്ന് സാധാരണ ഹണികോമ്പ് പാറ്റേണുള്ള ഗ്രില്ലാണ്. ഇതിൽ ഏത് മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കും എന്നതിൽ വ്യക്തതയില്ല. ഒരു ഫേക്ക് സ്‌കിഡ് പ്ലേറ്റും വാഹനത്തിന് ഹ്യുണ്ടായി നൽകിയിട്ടുണ്ട്. വാഹനത്തിന് എസ്.യു.വി ലുക്ക് നൽകാൻ വേണ്ടി ചുറ്റും ക്ലാഡിങുമുണ്ട്.


വാഹനത്തിന്റെ സൈഡ് പ്രൊഫൈലിൽ വലിയ വീൽ ആർച്ചുകൾ കാണാൻ സാധിക്കും. അതുവഴി ഇതൊരു എസ്.യു.വിയാണെന്ന് ഹ്യുണ്ടായി കുറച്ചുകൂടി വ്യക്തമാക്കുന്നു. എ-പില്ലർ ബ്ലാക്കെൻ ചെയ്യുകയും ബി-പില്ലർ ബോഡി കളറിലുമാണ് നിർമിച്ചിരിക്കുന്നത്. പിറകിലെ ഡോർ ഹാൻഡിൽ സി-പില്ലറിലാണ് ഘടിപ്പിട്ടുള്ളത്. ഇരട്ട നിറത്തിലുള്ള അലോയ് വീലും കാസ്പറിൽ ലഭ്യമാകും.


വാഹനത്തിന്റെ അളവുകൾ ഹ്യുണ്ടായി പുറത്തുവിട്ടിട്ടില്ലെങ്കിലും പുതിയ സാൻട്രോയുടെ കെ-1 പ്ലാറ്റ്‌ഫോമിലായിരിക്കും കാസ്പർ നിർമിക്കുക എന്നതാണ സൂചന. കാസ്പറിന് 3,595 മില്ലി മീറ്റർ നീളവും, 1,595 മില്ലി മീറ്റർ വീതിയും, 1,575 മില്ലി മീറ്റർ ഉയരവുമാണ് പ്രതീക്ഷിക്കുന്നത്. സാൻട്രോയേക്കാളും ഉയരവും വീതിയും നീളവും കാസ്പറിനുണ്ടാകും.


വാഹനത്തിന്റെ ഇന്റീരിയറിനെ കുറിച്ച് യാതൊരു വിവരവും ഹ്യുണ്ടായി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഹ്യുണ്ടായി എന്നും ഇന്ത്യയ്ക്ക് മികച്ച ഇന്റീരിയറാണ് നൽകിയിട്ടുള്ളത്. അതുകൊണ്ടു തന്നെ കാസ്പറിലും അത് പ്രതീക്ഷിക്കാം.

1.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനാണ് കാസ്പറിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. 76 ബിഎച്ചപി പവറുണ്ടാകും. അതേസമയം നിലവിൽ ഗ്രാൻഡ് ഐ-10 നിയോസിൽ നൽകിയിരിക്കുന്ന 1.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിൻ കാസ്പറിന് നൽകാനും സാധ്യതയുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News