കിയയുടെ ഇവി കരുത്ത് വരുന്നു; ഇവി 6 ഈ വർഷം തന്നെ
2024 നുള്ളിൽ ആറ് ഓൾ ഇലക്ട്രിക് എസ് യു വികള്‍ അവതരിപ്പിക്കാനാണ് കിയ ഇന്ത്യയുടെ പദ്ധതി.
അടുത്തകാലത്ത് ഇന്ത്യൻ വാഹനമേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ബ്രാൻഡാണ് ദക്ഷിണ കൊറിയയിൽ നിന്ന് വന്ന കിയ. സംഭവം ഹ്യുണ്ടായിയുടെ സ്വന്തം കമ്പനിയാണെങ്കിലും ആ 'ബന്ധുസ്‌നേഹമൊന്നും' കാണിക്കാതെ ഹ്യുണ്ടായിക്ക് പോലും വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ കുറച്ചു മോഡലുകൾ കൊണ്ട് തന്നെ അവർ മാർക്കറ്റ് പിടിച്ചു.
സോണറ്റ് മുതൽ കാർണിവൽ വരെ നീളുന്ന ഇന്ത്യയിയെ കിയ നിരയുടെ എല്ലാ മോഡലുകളും മികച്ച വിൽപ്പനയാണ് നേടുന്നത്. അങ്ങനെയിരിക്കെ ഇന്ത്യൻ ഇലക്ട്രിക്ക് വാഹന നിർമാണ മേഖലയിലേക്കും കടക്കുകയാണ് കിയ.
ഇവി6 (EV 6) എന്ന പേരിൽ അന്താരാഷ്ട്ര മാർക്കറ്റിൽ അവതരിപ്പിച്ച് പ്രശംസ നേടിയ മോഡലാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
കിയ ഇവി6 പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് (സിബിയു-CBU) കിയയുടെ പദ്ധതി. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര മാർക്കറ്റിൽ അവതരിപ്പിച്ച ഡിസൈനിൽ വലിയ മാറ്റങ്ങൾ വരില്ല. ക്രോസ് ഓവർ ലുക്കാണ് ഇവി 6 ന് കമ്പനി നൽകിയിട്ടുള്ളത്.
തികച്ചും ഫ്യൂച്ചറിസ്റ്റിക്കായ ഡിസൈനാണ് വാഹനത്തിന്റെ ഇന്റീരിയറിന് നൽകിയിരിക്കുന്നത്. ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവും മീറ്റർ കൺസോളും ചേർന്ന ഡ്യൂവൽ ഡിസ്‌പ്ലെ സിസ്റ്റം, പുതിയ ഇരട്ട സ്‌പോക്ക് സ്റ്റിയറിങ് വീൽ, ഓഗ്മെന്റഡ് റിയാലിറ്റിയോട് കൂടി ഹെഡ് അപ്പ് ഡിസ്‌പ്ലെ, ഓട്ടോണമസ് ഡ്രൈവിങ് സിസ്റ്റമായ അഡാസ് ഫീച്ചറുകൾ, ഉയർന്ന സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇന്ത്യയിൽ കിയ ഇവി 6 ന് നൽകുന്ന ബാറ്ററി, മോട്ടോർ കപ്പാസിറ്റിയിൽ വ്യക്തത വന്നിട്ടില്ല. ആഗോള വിപണിയിൽ അവതരിപ്പിച്ചത് 58 കെഡബ്യുഎച്ച് ബാറ്ററി പാക്കാണ്. രണ്ട് മോട്ടോറുകളും ആഗോളവിപണയിൽ അവതരിപ്പിച്ച കിയ 6 ലുണ്ട്. റിയൽ വീൽ ഡ്രൈവുള്ള 170 എച്ച്പി കരുത്തുള്ള സിംഗിൾ മോട്ടോർ, ഓൾ വീൽ ഡ്രൈവുള്ള 235 എച്ച്പി കരുത്തുള്ള ഇരട്ട മോട്ടോർ സംവിധാനം എന്നിവയാണിവ.
അത് കൂടാതെ 77.4 കിലോവാട്ട് ബാറ്ററി പാക്കിൽ 229 എച്ച്പി സിംഗിൾ മോട്ടോർ ( റിയൽ വീൽ ഡ്രൈവ്), 325 എച്ച്പി ഡ്യുവൽ മോട്ടോർ ( ഓൾ വീൽ ഡ്രൈവ്) എന്നിവയും കൂടുതൽ പെർഫോമൻസുള്ള 585 എച്ച്പി കരുത്തുള്ള മോഡലും ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ വർഷം ജൂണിൽ ഇന്ത്യയിൽ ഇവി 6 അവതരിപ്പിക്കാനാണ് കിയയുടെ പദ്ധതിയെന്നാണ് സൂചന.
സിബിയു മോഡലായത് കൊണ്ട് തന്നെ ഇവി 6 ന് വില വളരെ കൂടാനാണ് സാധ്യത. 2024 നുള്ളിൽ ആറ് ഓൾ ഇലക്ട്രിക് എസ് യു വി അവതരിപ്പിക്കാനാണ് കിയ ഇന്ത്യയുടെ പദ്ധതി.