അൽടുറാസ് ജി ഫോറിന് 'ദയാവധം' പ്രഖ്യാപിച്ച് മഹീന്ദ്ര

അൽടുറാസ് കളമൊഴിയുന്നതോടെ ഫുൾ സൈസ് ലാഡർ ഫ്രെയിം എസ്.യു.വി സെക്ടറിൽ ടൊയോട്ട ഫോർച്യൂണറും എംജി ഗ്ലോസ്റ്ററും മാത്രം ബാക്കിയാകും.

Update: 2022-12-02 12:56 GMT
Editor : Nidhin | By : Web Desk
Advertising

മഹീന്ദ്ര ഇന്ത്യയിൽ പുറത്തിറക്കിയതിൽ ഏറ്റവും മോശം വിൽപ്പന നേടിയ മോഡലുകളിലൊന്നാണ് അൽടുറാസ് ജി4 (Mahindra Alturas G4). ഫുൾ സൈസ് എസ്.യു.വി ഗണത്തിൽ പെടുന്ന അൽടുറാസിന് ഇപ്പോൾ 'ദയാവധം' പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. മഹീന്ദ്രയുടെ വെബ്‌സൈറ്റിൽ നിന്ന് അൽടുറാസ് നീക്കം ചെയ്തു. ഇനി അൽടുറാസിന് ബുക്കിങ് സ്വീകരിക്കേണ്ടതില്ല എന്ന നിർദേശം ഷോറൂമുകൾ നൽകിയിട്ടുമുണ്ട്. മഹീന്ദ്ര 2018 ൽ തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായാണ് അൽടുറാസിനെ അവതരിപ്പിച്ചത്. ഈ വർഷം സെപ്റ്റംബറിൽ പുതിയ അപ്‌ഡേറ്റും വാഹനത്തിന് നൽകിയിരുന്നു.

പക്ഷേ അടുത്തകാലത്ത് ഏറ്റവും മോശം വിൽപ്പനയാണ് അൽടുറാസിന് ലഭിച്ചത്. അൽടുറാസ് കളമൊഴിയുന്നതോടെ ഫുൾ സൈസ് ലാഡർ ഫ്രെയിം എസ്.യു.വി സെക്ടറിൽ ടൊയോട്ട ഫോർച്യൂണറും എംജി ഗ്ലോസ്റ്ററും മാത്രം ബാക്കിയാകും.

ഒറ്റ വേരിയന്റിൽ മാത്രമാണ് അൽടുറാസ് ജി4 ലഭ്യമായിരുന്നത്. 4X2 ഹൈ വേരിയന്റിൽ ലഭിക്കുന്ന വാഹനത്തിന്റെ എക്‌സ് ഷോറൂം വില 30.68 ലക്ഷമാണ്. നേരത്തെ 4X4 വേരിയന്റിലും വാഹനം ലഭ്യമായിരുന്നു.

യഥാർത്ഥത്തിൽ കൊറിയയിലെ വാഹന നിർമാണ കമ്പനിയായ സാങ്‌യോങിന്റെ റെക്‌സറ്റൺ എന്ന മോഡലിനെ ഇന്ത്യയിലേക്ക് റീ ബാഡ്ജ് ചെയ്തു അവതരിപ്പിച്ചതാണ് മഹീന്ദ്ര അൽടുറാസ് ജി4. നേരത്തെ സാങ്‌യോങ് മഹീന്ദ്രയുടെ ഉടമസ്ഥതയിലായിരുന്നു. പൂർണമായും ഇറക്കുമതി ചെയ്ത വാഹനമാണ് അൽടുറാസ്. അത് വാഹനത്തിന്റെ വില വർധിക്കാനും കാരണമായിരുന്നു. എന്നാൽ ഈ വർഷമാദ്യം സാങ്‌യോങ് കമ്പനിയെ മഹീന്ദ്ര എഡിസൺ മോട്ടോർസിന് വിറ്റിരുന്നു. ഇതോടെ അൽടുറാസിന്റെ ഉത്പാദനം അവസാനിപ്പിക്കേണ്ടി വന്നു. ഇതുകൂടാതെ 2023 ഏപ്രിലിൽ നിലവിൽ വരാൻ പോകാൻ ബിഎസ് 6.2 എമിഷൻ നയങ്ങളും അൽടുറാസിന് വെല്ലുവിളിയായി.

181 എച്ച്പി പവറും 420 എൻഎം ടോർക്കും ലഭിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. അൽടുറാസ് വാങ്ങണമെന്ന് ആഗ്രഹമുള്ള ആൾക്കാർക്ക് നിലവിൽ കുറച്ച് സ്റ്റോക്ക ചില ഷോറൂമുകളുടെ പക്കലുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അൽടുറാസിനെ പിൻവലിച്ചതോടെ എക്‌സ്.യു.വി 700 മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് വാഹനമായി മാറും.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News