മലയാളിയുടെ കൊലപാതകം; ബഹ്‌റൈനില്‍ അറബ് പൗരന്‍ അറസ്റ്റില്‍

കൈകള്‍ പിറകില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറബ് പൗരന്‍ അറസ്റ്റിലായത്.

Update: 2018-07-06 12:25 GMT

ബഹ്‌റൈനിലെ മലയാളിയുടെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. 42കാരനായ അറബ് പൗരനാണ് അറസ്റ്റിലായതെന്ന് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

കോഴിക്കോട് താമരശ്ശേരി സ്വദേശി ജെ ടി അബ്ദുല്ലക്കുട്ടിയുടെ മകന്‍ അബ്ദുല്‍ നഹാസിനെയാണ് കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ഹൂറയില്‍ താമസസ്ഥലത്ത് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകള്‍ പിറകില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറബ് പൗരന്‍ അറസ്റ്റിലായത്. കേസ് തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറും. കഴിഞ്ഞ നാലു വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തുവരുന്ന നഹാസ് ഹൂറ എക്‌സിബിഷന്‍ റോഡില്‍ അല്‍ അസൂമി മജ്‌ലിസിന് സമീപമായിരുന്നു താമസിച്ചത്. അപ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ചുള്ള ജോലികള്‍ ചെയ്തു വരികയായിരുന്നു നഹാസ്.

പണയം വെച്ചിരുന്ന നഹാസിന്റെ പാസ്‌പോര്‍ട്ട് തിരികെ ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Full View
Tags:    

Similar News