ഈദ് മുതൽ ബഹ്റൈനിൽ കോവിഡ് ടെസ്റ്റ് നിബന്ധനയിൽ ഇളവ്

ഈദ് ദിനം മുതൽ ബഹ്റൈനിലേക്ക് വരുന്ന, വാക്സിൻ ഷെഡ്യൂൾ പൂർത്തീകരിച്ച യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് വേണ്ടതില്ല

Update: 2021-04-07 03:21 GMT
Advertising

ഈദ് ദിനം മുതൽ ബഹ്റൈനിലേക്ക് വരുന്ന വാക്സിൻ എടുത്ത യാത്രക്കാരെ കോവിഡ് ടെസ്റ്റ് നിബന്ധനയിൽ നിന്ന് ഒഴിവാക്കും. കോവിഡ് മുക്തമായവർക്കും ഇളവ് ലഭിക്കും. ഇൻഡോർ ഡൈനിംഗ് സൗകര്യങ്ങൾ വാക്സിൻ എടുത്തവർക്കും കോവിഡ് മുക്തരായവർക്കും മാത്രമായി പരിമിതപ്പെടുത്തും.

ഈദുൽ ഫിത്തർ ദിനം മുതലാണ് പുതിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിൽ പുതിയ നിബന്ധനകൾ നിലവിൽ വരുക. കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടീം ആണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ അറിയിച്ചത്. ഇത് പ്രകാരം ഈദ് ദിനം മുതൽ ബഹ്റൈനിലേക്ക് വരുന്ന, വാക്സിൻ ഷെഡ്യൂൾ പൂർത്തീകരിച്ച യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് വേണ്ടതില്ല. കോവിഡ് മുക്തരായവർക്കും ടെസ്റ്റിൽ നിന്ന് ഇളവ് നൽകും.

യാത്രക്കാർ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് 'ബി അവെയർ' മൊബൈൽ അപ്ളിക്കേഷൻ വഴി ഹാജരാക്കണം. ഈദ് മുതൽ റസ്റ്റോറൻറുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കുവാനുള്ള അനുവാദം കോവിഡ് വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവർക്കും കോവിഡിൽ നിന്ന് വിമുക്തരായവർക്കും മാത്രമായി പരിമിതപ്പെടുത്തും. ഈ വിഭാഗത്തിലെ രക്ഷിതാക്കൾക്കൊപ്പം വരുന്ന 18 വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം അനുവദിക്കും. ഇവരും 'ബി അവെയർ'ആപ്പിൽ ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇൻഡോർ സ്പോർട്സ് ഹാളുകൾ, ഇൻഡോർ നീന്തൽക്കുളങ്ങൾ, സിനിമാ ഹാളുകൾ, ഇൻഡോർ ജിംനേഷ്യങ്ങൾ, സ്പാ, ഇൻഡോർ വിനോദ ശാലകൾ, പൊതുപരിപാടികൾ നടക്കുന്ന ഹാളുകൾ, കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം എന്നിവക്കും നിബന്ധനകൾ ബാധകമാണ്.

അതേസമയം, സാമൂഹിക അകലം പാലിച്ചുകൊണ്ട് റസ്റ്റോറൻറുകളിലും കഫേകളിലും എല്ലാവർക്കും പുറത്ത് ഭക്ഷണം നൽകാവുന്നതാണ്. ഔട്ട്ഡോർ ജിംനേഷ്യം, കളി മൈതാനങ്ങൾ, ഔട്ട്ഡോർ നീന്തൽക്കുളങ്ങൾ, ഔട്ട്ഡോർ വിനോദ ശാലകൾ, ഔട്ട്ഡോർ സിനിമാ ഹാളുകൾ എന്നിവക്കും ഇത് ബാധകമാണ്. തീരുമാനങ്ങൾ സാഹചര്യങ്ങൾക്കനുസ്യതമായി പുനഃപരിശോധനകൾക്ക് വിധേയമാക്കുമെന്നും അധിക്യതർ അറിയിച്ചു

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News