സ്വര്‍ണവില ലക്ഷം കടന്ന് മുന്നോട്ട് കുതിക്കുകയാണ്. ഇന്ന് സ്വര്‍ണം വാങ്ങുക എന്നത് ചില്ലറക്കാര്യമല്ല. എന്നാല്‍ ഒരിക്കലെങ്കിലും ജ്വല്ലറിയില്‍ പോയി സ്വര്‍ണമോ വെള്ളിയോ വാങ്ങാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അല്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നതെങ്കിലും കണ്ടിട്ടുണ്ടാകും. പരമ്പരാഗത ആഭരണകടകളില്‍ നിന്ന് പിങ്ക് പേപ്പറില്‍ പൊതിഞ്ഞ ശേഷമായിരിക്കും അവ ബോക്സിലാക്കി നല്‍കുക. വളകൾ, മോതിരങ്ങൾ, പാദസരങ്ങൾ, ചെറിയ മാലകള്‍,കമ്മലുകള്‍ തുടങ്ങിയവാണ് പ്രധാനമായും പിങ്ക് പേപ്പറില്‍ പൊതിയുന്നത്.
ഇന്നത്തെ ആധുനിക ഷോറൂമുകളിൽ ബ്രാൻഡഡ് വെൽവറ്റ് കെയ്സുകളും ഡിസൈനർ പാക്കേജിങ്ങും പ്രചാരത്തിലാകുന്നതിന് മുമ്പ്, രാജ്യമെമ്പാടുമുള്ള ജ്വല്ലറികൾ സ്വര്‍ണം,വെള്ളി ആഭരണങ്ങള്‍ പൊതിയാൻ പിങ്ക് കടലാസിനെയാണ് ആശ്രയിച്ചിരുന്നത്. സ്വര്‍ണ വ്യാപാരികളുടെ അഭിപ്രായത്തിൽ, ഇത് വെറുമൊരു ഭംഗിക്ക് വേണ്ടി മാത്രമല്ല, മറിച്ച് ആഭരണത്തിന്‍റെ സംരക്ഷണം കൂടി കണക്കിലെടുതത്തായിരുന്നു പിങ്ക് പേപ്പര്‍ ഉപയോഗിച്ചത്.
എന്തുകൊണ്ടാണ് ആഭരണങ്ങൾ പിങ്ക് പേപ്പറിൽ പൊതിയുന്നത്?
സാധാരണ പേപ്പറുകളിൽ ആസിഡും രാസവസ്തുക്കളും അടങ്ങിയിരിക്കും. ഓക്സിഡേഷനോ ഈർപ്പമോ മൂലം ആഭരണങ്ങളുടെ തിളക്കം കാലക്രമേണ കുറയാന്‍ സാധ്യതയുണ്ട്. പിങ്ക് പേപ്പർ ആസിഡ്-ഫ്രീയും കെമിക്കൽ-ഫ്രീയുമാണ്, അതിനാൽ ആഭരണങ്ങളെ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നു. ഈർപ്പത്തിന് പുറമെ പൊടികളില്‍ നിന്നും ആഭരണത്തെ സുരക്ഷിതമായ സൂക്ഷിക്കാനും പിങ്ക് പേപ്പര്‍ സഹായിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
കൂടാതെ, പിങ്ക് നിറം സ്വർണത്തിന്റെയും വെള്ളിയുടെയും തിളക്കം കൂടുതൽ വർധിപ്പിക്കുന്നു. പിങ്ക് പേപ്പറിൽ വെക്കുമ്പോൾ വെള്ളി ആഭരണങ്ങളും കൂടുതൽ തിളക്കമുള്ളതായി തോന്നും. എന്നാൽ മറ്റ് നിറങ്ങളിൽ ഈ തിളക്കം തോന്നിപ്പിക്കില്ല. കാണുന്ന ആളിലും ഒരു പ്രത്യേക ആകർഷണവും തോന്നിപ്പിക്കുകയും ചെയ്തു.സ്വർണം പിങ്ക് പശ്ചാത്തലത്തിൽ വെച്ചാൽ കൂടുതൽ തിളങ്ങി, കൂടുതൽ ആകർഷകമായി തോന്നും. ഇതൊരു കച്ചവട തന്ത്രം കൂടിയാണ്.
കൂടാതെ പിങ്ക് കടലാസ് വളരെ കനം കുറഞ്ഞ ടിഷ്യൂ പേപ്പറാണ്. ആഭരണങ്ങൾ ഉരസി പോറലുണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
മാറുന്ന രീതികള്‍
ആധുനിക ഷോറൂമുകളിൽ ആഭരണങ്ങൾക്ക് ആന്റി-ടാർണിഷ് കോട്ടിങ്, നൈട്രജൻ ഫില്ലഡ് പാക്കേജിങ്, ബ്രാൻഡഡ് ബോക്സുകൾ എന്നിവ ലഭ്യമാണ്. അതോടെ പിങ്ക് പേപ്പറിന്റെ ആവശ്യം കുറഞ്ഞു. ഇന്നും ചില ചെറുകിട ആഭരണശാലകളില്‍ ഈ ശീലം തുടര്‍ന്നുവരുന്നുണ്ട്. പക്ഷേ പഴയ തലമുറയ്ക്ക് പിങ്ക് പേപ്പറില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ ഒരു നൊസ്റ്റാൾജിയ കൂടിയാണ്.