എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം; സി.പി.എം, സി.പി.ഐ യോഗങ്ങള്‍ ആരംഭിക്കുന്നു
സി.പി.എം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ തിങ്കളാഴ്ച്ചയും, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ചയും ചേരും.
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സി.പി.എമ്മിന്‍റേയും സി.പി.ഐയുടേയും യോഗങ്ങള്‍ ആരംഭിക്കുന്നു. സി.പി.എം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ തിങ്കളാഴ്ച്ചയും, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ചയും ചേരും. എൽ.ഡി.എഫ് സീറ്റ് വിഭജനത്തിനായുള്ള രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നാളെ ആരംഭിക്കും.
സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഇടത് മുന്നണിയിലെ പ്രധാന ഘടകകക്ഷിളായ സി.പി.എമ്മും സി.പി.ഐയും നേരത്തെ തീരുമാനമെടുത്തിരിന്നു. സി.പി.എം രണ്ട് തവണ മത്സരിച്ചവര്‍ക്ക് ഇളവ് നല്‍കേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും ചില സിറ്റിംങ് എം.എല്‍.എമാര്‍ക്ക് വീണ്ടും അവസരം നല്‍കും.
എന്നാല്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന കര്‍ശന നിലപാടാണ് സി.പി.ഐ എടുത്തിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇരുപാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. ഓരോ ജില്ലയിലേയും മണ്ഡലങ്ങളില്‍ ആരൊയൊക്കെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് ശുപാര്‍ശ തയ്യാറാക്കാന്‍ സി.പി.എമ്മിന്‍റെ ജില്ലാകമ്മിറ്റി യോഗങ്ങള്‍ നാളെ ആരംഭിക്കും. ജില്ലാകമ്മിറ്റികളുടെ ശുപാര്‍ശ പരിഗണിച്ച് സംസ്ഥാനനേതൃത്വമായിരിക്കും അന്തിമതീരുമാനമെടുക്കുക. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് സി.പി.ഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച ചേരുന്നുണ്ട്.
സി.പി.ഐ മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ ജില്ല എക്സിക്യൂട്ടിവിനോട് സംസ്ഥാന എക്സിക്ടൂട്ടീവ് നിര്‍ദ്ദേശിക്കും. ജില്ലാ എക്സിക്യൂട്ടിവിന്‍റെ നിര്‍ദ്ദേശം പരിഗണിച്ച് സംസ്ഥാനകൌണ്‍സില്‍ ആയിരിക്കും സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കുന്നത്.
ഇടത് മുന്നണിയുടെ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും. ബുധനാഴ്ചക്കുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. മാര്‍ച്ച് പത്തിന് മുമ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. മുന്നണിയുടെ പ്രകടന പ്രതിക തയ്യാറാക്കാനുള്ള കമ്മിറ്റിയുടെ യോഗം വീണ്ടും ചേര്‍ന്ന് അടുത്താഴ്ച അവസാനത്തോടെ അതും പ്രസിദ്ധീകരിക്കും.