സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; ഇടതു മുന്നണിയുടെ പ്രകടനപത്രികയും പുറത്തിറക്കിയേക്കും
ജില്ലാ നേതൃത്വങ്ങള്‍ തയ്യാറാക്കി നല്‍കിയ പട്ടികയില്‍ കാര്യമായ മാറ്റം വരുത്തിയാണ് സി.പി.എം സംസ്ഥാനനേതൃത്വം അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പ്രതിഷേധമുണ്ടായ മണ്ഡലങ്ങളിലും സംസ്ഥാനനേതൃത്വം നേരത്തെ തീരുമാനിച്ച സ്ഥാനാര്‍ത്ഥികള്‍ തന്നെയാവും മത്സരിക്കുക. ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയും ഇന്ന് തന്നെ പുറത്തിറക്കിയേക്കും.
കഴിഞ്ഞ തവണ 92 സീറ്റില്‍ മത്സരിച്ച സി.പി.എം ഇത്തവണ 85 സീറ്റുകളിലാണ് ജനവിധി തേടുന്നത്. ജില്ലാ നേതൃത്വങ്ങള്‍ തയ്യാറാക്കി നല്‍കിയ പട്ടികയില്‍ കാര്യമായ മാറ്റം വരുത്തിയാണ് സി.പി.എം സംസ്ഥാന നേതൃത്വം അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നത്. രണ്ട് തവണ തുടര്‍ച്ചായി മത്സരിച്ചവരെ ഒഴിവാക്കിയുള്ള പട്ടികയ്ക്കെതിരെ പല മണ്ഡലങ്ങളിലും വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് തരൂരില്‍ എ.കെ ബാലന്‍റെ ഭാര്യയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പാര്‍ട്ടിക്ക് പിന്നോട്ട് പോകേണ്ടിയും വന്നു. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിക്കെതിരെയും, കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ട് നല്‍കിയതിനെതിരേയും കടുത്ത പ്രതിഷേധം ഉണ്ടെങ്കിലും നേതൃത്വം പിന്നോട്ട് പോകാന്‍ സാധ്യതയില്ല.
തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ പട്ടികയില്‍ മാറ്റങ്ങളുണ്ടാകാതെ ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ മാറ്റിയാല്‍ മറ്റിടങ്ങളിലും സമാനമായ പ്രതിഷേധങ്ങളുണ്ടാകുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്.
അതേസമയം ഇടത് മുന്നണിയുടെ പ്രകടന പത്രികയും ഇന്ന് പ്രസിദ്ധീകരിക്കാന്‍ ആലോചിക്കുന്നുണ്ട്. വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ പ്രകടനപത്രികയില്‍ ഉണ്ടാകും. പൊതു സ്വതന്ത്രര്‍ ഉള്‍പ്പെടെ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള അന്തിമ ചര്‍ച്ചയും പാര്‍ട്ടി നേതൃതലത്തില്‍ നടന്ന് വരുകയാണ്.