തകര്‍ച്ചയിലും പതറാതെ സെഞ്ച്വറിയുമായി പുജാര
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച.
കൂട്ടത്തകര്‍ച്ചയിലും സെഞ്ച്വറിയുമായി ചേതേശ്വര്‍ പുജാര. ആസ്‌ട്രേലി യന്‍ പേസ് ബൗളിങ് നിരക്ക് മുന്നില്‍ കോഹ്ലിയടക്കമുള്ള ബാറ്റ്‌സ്മാന്മാര്‍ വീണപ്പോഴാണ് പുജാര വ്യത്യസ്തനായത്. കരിയറിലെ 16ാം ടെസ്റ്റ് സെഞ്ച്വറിയാണ് താരം കുറിച്ചത്. 246 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതാണ് പുജാരയുടെ ഇന്നിങ്‌സ്. ഒടുവില്‍ പാറ്റ് കമ്മിന്‍സന്റെ ഏറില്‍ പുജാര റണ്‍ ഔട്ടാവുകയായിരുന്നു. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒമ്പതിന് 250 എന്ന നിലയിലാണ്.
150പോലും കടക്കില്ലെന്ന സ്‌കോറാണ് പുജാര വാലറ്റക്കാരെയും കൂട്ടുപിടിച്ച് 250ല്‍ എത്തിച്ചത്. രോഹിത് ശര്‍മ്മ(37) റിഷബ് പന്ത്(25) രവിചന്ദ്ര അശ്വിന്‍(25) എന്നിവരാണ് പുജാരക്ക് കൂട്ടായത്. സെഞ്ച്വറി നേടുമ്പോള്‍ ഷമിയായിരുന്നു ക്രീസില്‍. 6 റണ്‍സുമായി ഷമി ക്രീസിലുണ്ട്. ആസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 56 എന്ന നിലയിലായിരുന്നു. ലഞ്ചിന് ശേഷമുള്ള രണ്ട് സെഷനുകളിലാണ് ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നത്. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായി.
രണ്ട് റണ്‍സെടുത്ത രാഹുലിനെ ഫിഞ്ച് പിടികൂടി. സ്റ്റാര്‍ക്കിന്റെ പന്തില്‍ മുരളി വിജയിയും മടങ്ങിയതോടെ ഇന്ത്യയുടെ ഓപ്പണിങ് പൊളിഞ്ഞു. എന്നാല്‍ മികച്ച ക്യാച്ചിലൂടെ നായകന്‍ വിരാട് കോഹ്ലിയെ(3) ഉസ്മാന്‍ ഖ്വാജ പിടികൂടിയപ്പോള്‍ ഇന്ത്യ അപകടം മണത്തു. പാറ്റ് കമ്മിന്‍സിനായിരുന്നു വിക്കറ്റ്. അജിങ്ക്യ രഹാനെ കൂടി പുറത്തായതോടെ ഇന്ത്യ 41ന് നാല് എന്ന നിലയിലെത്തി.