അഡലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു
മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംങ്‌സില്‍ 3ന് 151 എന്ന നിലയിലാണ് ഇന്ത്യ. ഇതോടെ ആകെ ലീഡ് 166 റണ്‍സിലെത്തിയിട്ടുണ്ട്. രണ്ട് ദിനം ശേഷിക്കെ പരാജയം ഒഴിവാക്കാന്‍ ഓസീസ് പാടുപെടേണ്ടി വരും...
അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയ 235ന് പുറത്തായതോടെ ഇന്ത്യക്ക് 15 റണ്‍സിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംങ്‌സില്‍ 3ന് 151 എന്ന നിലയിലാണ് ഇന്ത്യ. പുജാരയും(40) ഒരു റണ്‍സോടെ രഹാനെയുമാണ് ക്രീസില്‍.
മൂന്നാം ദിനം ഇന്ത്യ കൂടുതല്‍ പിടിമുറുക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഏഴിന് 191 എന്ന നിലയില്‍ നിന്നും മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഒസീസിന് അധികം പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യക്കായി അശ്വിനും, ബുംറയും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, ഇഷാന്ത് ശര്‍മ മുഹമ്മദ് ഷമ എന്നിവര്‍ രണ്ടു വിക്കറ്റ് നേടി. 72 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.
രണ്ടാം ഇന്നിംങ്സ് ബാറ്റിംങിനിറങ്ങിയ ഇന്ത്യന്‍ ഓപണര്‍മാര്‍ കരുതലോടെയാണ് തുടങ്ങിയത്. കെ.എല്‍ രാഹുല്‍44ഉം മുരളി വിജയ് 18ഉം റണ്‍സെടുത്തു. അവസാന സെഷനില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയുടെ വിക്കറ്റ് നേടാനായതാണ് ആസ്‌ത്രേലിയന്‍ ക്യാമ്പിന് ആശ്വാസമായത്.
ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാൻ പ്രയാസപ്പെട്ടിരുന്ന ആസ്ത്രേലിയക്ക്, മൂന്നാം ദിനം കളി തുടങ്ങിയപ്പോൾ വാലറ്റം കൊണ്ടും കാര്യമായി ഒന്നും ചെയ്യാനില്ല. പ്രതിരോധിച്ച കളിച്ച ട്രാവിസ് ഹെഡിനെ വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈകളിലെത്തിച്ചു ഷമി മടക്കിയപ്പോൾ, മിഷേൽ സ്റ്റാർക്കിനെ ബൂംറയും മടക്കി അയച്ചു. ആസ്ത്രേലിയക്കായി നഥാന്‍ ലിയോണ്‍ പുറത്താവാതെ 24 റണ്‍സ് നേടി.
ആസ്ത്രേലിയക്കു മുന്നില്‍ 250+ റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെക്കാനായിരിക്കും ടീം ഇന്ത്യയുടെ ശ്രമം. നാലാം ദിനം തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്താനായില്ലെങ്കില്‍ കളി കൂടുതല്‍ ഇന്ത്യയുടെ വരുതിയിലേക്ക് വരും.