ടെസ്റ്റില്‍ വിക്കറ്റിന് പിന്നില്‍ റെക്കോഡിട്ട് പന്ത്
ടീമില്‍ സ്ഥാനം ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ലെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ അഭിമാനാര്‍ഹമായ ഒരു റെക്കോഡ് വിക്കറ്റിന് പിന്നില്‍ നിന്നുകൊണ്ട് ഋഷഭ് പന്ത് ആസ്‌ത്രേലിയക്കെതിരെ നേടി.
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് എം.എസ് ധോണിയുടെ പകരക്കാരനാരെന്ന ചോദ്യം ഏറെ നാളായി ഉയരുന്നുണ്ട്. ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും വൃദ്ധിമാന്‍ സാഹയും തുടങ്ങി സഞ്ജു സാംസണ്‍ വരെയുള്ളവര്‍ ആ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ടീമില്‍ സ്ഥാനം ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ലെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ അഭിമാനാര്‍ഹമായ ഒരു റെക്കോഡ് വിക്കറ്റിന് പിന്നില്‍ നിന്നുകൊണ്ട് ഋഷഭ് പന്ത് ആസ്‌ത്രേലിയക്കെതിരെ നേടി.
ആസ്‌ത്രേലിയക്കെതിരെ ഇന്ത്യയുടെ അഡലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിംങ്‌സിലായിരുന്നു 21കാരനായ ഋഷഭ് പന്തിന്റെ പ്രകടനം. ആറ് പേരെയാണ് വിക്കറ്റിന് പിന്നിലെ ക്യാച്ചിലൂടെ പന്ത് പിടികൂടി പുറത്താക്കിയത്. മഹേന്ദ്ര സിംങ് ധോണിയുടെ പേരിലുള്ള ആറ് ക്യാച്ചെന്ന റെക്കോഡിനൊപ്പമാണ് ഇതോടെ പന്ത് എത്തിയിരിക്കുന്നത്. 2009ല്‍ വെല്ലിംങ്ടണ്‍ ടെസ്റ്റിലായിരുന്നു ധോണി ഈ നേട്ടം കുറിച്ചത്.
2014ല്‍ ടെസ്റ്റില്‍ നിന്നും 37കാരനായ ധോണി വിരമിച്ചിരുന്നു. 2014 ഡിസംബര്‍ 26-30നാണ് ധോണി തന്റെ അവസാന ടെസ്റ്റ് മെല്‍ബണില്‍ ആസ്‌ത്രേലിയക്കെതിരെ കളിച്ചത്. ആറാം ടെസ്റ്റ് കളിക്കുന്ന പന്ത് ഇതുവരെ 43 റണ്‍ ശരാശരിയില്‍ ആകെ 346 റണ്‍സാണ് നേടിയിട്ടുള്ളത്. 114 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.