പന്ത് ചുരണ്ടലില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ബാൻക്രോഫ്റ്റ്
ഫോക്‌സ് സ്‌പോര്‍ട്‌സിനു നല്‍കിയ പ്രതികരണത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
കായികലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ പന്തു ചുരണ്ടലില്‍ നിർണായ വെളിപ്പെടുത്തലുമായി ബാൻക്രോഫ്റ്റ്. ഓസീസ് വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണര്‍ പറഞ്ഞതനുസരിച്ചാണ് പന്തില്‍ കൃത്രിമം കാണിച്ചതെന്നാണ് ബാന്‍ക്രോഫ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. വാര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് തെറ്റാണെന്ന് അറിഞ്ഞിട്ടും പന്ത് ചുരണ്ടിയതെന്ന് താരം വ്യക്തമാക്കി. ഡേവ് ആണ് പന്തില്‍ അത്തരമൊരു കാര്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നായിരുന്നു ബാന്‍ക്രോഫ്റ്റിന്റെ വാക്കുകള്‍. ഫോക്‌സ് സ്‌പോര്‍ട്‌സിനു നല്‍കിയ പ്രതികരണത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ ഈ വിവാദത്തില്‍ താന്‍ ഇരയാക്കപ്പെട്ടെന്നു തോന്നിയിട്ടില്ലെന്നും താരം ചൂണ്ടിക്കാട്ടി. ''സംഭവിച്ച കാര്യത്തിന്റെ മറ്റ് ഉത്തരവാദിത്വങ്ങളൊന്നും ഞാന്‍ ഏറ്റെടുക്കുന്നില്ല, പക്ഷെ എനിക്ക് അത് ചെയ്യാതിരിക്കാനുള്ള അവകാശമുണ്ടായിരുന്നു. ഞാന്‍ വലിയ തെറ്റാണ് ചെയ്തത്'', ബാന്‍ക്രോഫ്റ്റ് പറഞ്ഞു. ക്യാമറകളുടെ ശ്രദ്ധ അധികം ലഭിക്കില്ലെന്ന നിഗമനത്തിലായിരുന്നു ഇത്. അടിവസ്ത്രത്തില്‍ കരുതിയ ഉരക്കടലാസുപയോഗിച്ചായിരുന്നു ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചത്. അസ്വാഭാവികമായ പ്രവൃത്തി ശ്രദ്ധയില്‍പെട്ട ക്യാമറാമാന്‍ ബാന്‍ക്രോഫ്റ്റിന്റെ ചുരണ്ടല്‍ ദൃശ്യങ്ങളോടെ പിടികൂടുകയായിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. ടി.വി. ദൃശ്യങ്ങൾ പുറത്തായതോടെ നായകൻ സ്റ്റീവ് സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും രാജി വച്ചിരുന്നു. ഒരു വർഷം വിലക്കേർപ്പെടുത്തുകയും ചെയതു. ബ്രാൻക്രോഫ്റ്റിനെ ഒൻപതു മാസം വിലക്കി. സംഭവിച്ചതിനെല്ലാം മാപ്പ് പറഞ്ഞ് സ്റ്റീവ് സ്മിത്ത് മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു.