തല്ലിത്തകര്‍ത്ത് ഇന്ത്യ; കിവികള്‍ക്കെതിരെ കൂറ്റന്‍ സ്കോര്‍
ന്യൂസിലൻഡ് ബൗളിംഗ് നിരയിൽ ഇഷ് സോധി ഒഴികെ ബാക്കിയെല്ലാവരും ഭേദപ്പെട്ട നിലയിൽ തല്ല് വാങ്ങിക്കൂട്ടി
രണ്ടാം അങ്കത്തിൽ കിവികളെ തല്ലിത്തകർത്തു കൊണ്ട് ഇന്ത്യ തുടങ്ങി. ബേ ഓവലിലെ രണ്ടാം ഏകദിന മത്സരത്തിൽ ന്യൂസിലൻഡ് ബൗളിംഗിനു മേൽ സമ്പൂർണ്ണ ആധിപത്യത്തോടെയാണ് ഇന്ത്യ ബാറ്റിംഗ് പൂർത്തിയാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ, നാലു വിക്കറ്റിന് 324 റൺസ് എടുത്തു. ന്യൂസിലൻഡിനായി ട്രെന്റ് ബൗൾട്ടും ലോക്ക് ഫെർഗൂസനും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
ഇന്ത്യക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്ത ശിഖർ ധവാനും (66) രോഹിത്ത് ശർമ്മയും (87) മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ബാറ്റിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെക്കുന്ന തരത്തിലുള്ളതായിരുന്നു ഇരുവരുടെയും പ്രകടനം. കിവീസ് ബൗളർമാർക്ക് ഒരു തരത്തിലും അവസരം നൽകാതിരുന്ന ധവാൻ-രോഹിത്ത് സഖ്യം, ആദ്യ വിക്കറ്റിൽ 154 റൺസാണ് സ്കോർ ബോർഡിൽ കൂട്ടി ചേർത്തത്. നീണ്ട കാത്തിരിപ്പിന് ശേഷം ഇരുവരെയും പവലിയനിലെത്തിച്ചെങ്കിലും, കിവികൾക്ക് കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. തുടർന്ന് ബാറ്റു വീശാനെത്തിയ വിരാട് കോഹ്‍ലിയും (43) അമ്പാട്ടി റായിഡുവും (47) ക്രീസിൽ ഉറച്ചു നിന്നതോടെ ഇന്ത്യൻ സ്കോർബോർഡ് ചലിച്ചു കൊണ്ടേയിരുന്നു. 48 റൺസെടുത്ത് ധോണിയും 22 റൺസെടുത്ത് കേദാർ ജാദവും പുറത്താകാതെ നിന്നു.
ന്യൂസിലൻഡ് ബൗളിംഗ് നിരയിൽ ഇഷ് സോധി ഒഴികെ ബാക്കിയെല്ലാവരും ഭേദപ്പെട്ട നിലയിൽ തല്ല് വാങ്ങിക്കൂട്ടി. സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന രോഹിത്ത്, ഫെർഗൂസന്റെ ബോളിൽ ഗ്രാൻഡ്ഹോമിന് പിടി കൊടുത്ത് മടങ്ങുകയായിരുന്നു. ധവാനെ ട്രെന്റ് ബോൾട്ടിന്റെ ബൗളിൽ ടോം ലാഥൻ പിടിച്ചു പുറത്താക്കിയപ്പോൾ, കോഹ്‍ലി ഇഷ് സോധിക്ക് പിടി കൊടുക്കകയായിരുന്നു. അമ്പാട്ടി റായിഡുവിനെ മനോഹരമായ ക്യാച്ചിലൂടെ ഫെർഗൂസൻ തന്നെ പുറത്താക്കി.