ഡൽഹി കലാപം ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ പതിനായിരത്തിലേറെ വോട്ടിന് ജയിച്ച് കോൺഗ്രസ്
ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ചൗഹാൻ ബംഗറിലാണ്
ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ഭൂരിപക്ഷ വാർഡായ ചൗഹാൻ ബംഗറിൽ (വാർഡ് 41 ഇ) തിരിച്ചടി നേരിട്ട് എഎപി. 10,642 വോട്ടുകൾക്ക് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ആം ആദ്മിയെ തറപറ്റിച്ചു. ഡൽഹി കലാപം ഏറെ ബാധിച്ച സ്ഥലമാണ് ചൗഹാൻ ബംഗർ.
ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ചൗഹാൻ ബംഗറിലാണ്. രോഹിണി (2,985), ഷാലിമാർ ബാഗ് (2,705), ത്രിലോക്പുരി (4,986), കല്യാൺപുരി (7,043) എന്നിങ്ങനെയാണ് മറ്റു വാർഡുകളിലെ ഭൂരിപക്ഷം. അഞ്ചു സീറ്റിൽ നാലിടത്തും എഎപിയാണ് വിജയിച്ചത്. ബിജെപിക്ക് ഒരിടത്തു പോലും മേൽക്കൈ നേടാനായില്ല.
സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മിൽ കല്ലേറു നടന്ന ജാഫറാബാദ് മെട്രോ സ്‌റ്റേഷന് സമീപത്തുള്ള സ്ഥലമാണ് ചൗഹാൻ ബംഗർ. ജാഫറാബാദ് പൊലീസ് സ്റ്റേഷൻ ഈ വാർഡിനുള്ളിലാണ്. സിറ്റിങ് കൗൺസിലർ അബ്ദുൽ റഹ്‌മാൻ സീലാംപൂരിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കലാപത്തിനിടെ വാർഡിൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല എങ്കിലും അതിന്റെ ഭീതി ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നിസാമുദ്ദീൻ മർകസിലെ സമ്മേളനത്തിന് പിന്നാലെ വാർഡിൽനിന്നുള്ള 2,300 പേരെയാണ് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നത്.
' മർകസ് വിഷയം കൈകാര്യം ചെയ്ത വേളയിൽ ഒരു പ്രത്യേക സമുദായത്തെ ഉന്നമിട്ടിരുന്നു. ദരിദ്രരാണ് ഇതിന്റെ കെടുതികൾ അനുവഭിച്ചത്. ലോക്ക്ഡൗൺ മൂലം പ്രദേശത്തെ കച്ചവടക്കാർ ഏറെ ദുരിതം നേരിട്ടു. സംഭവം കഴിഞ്ഞിട്ട് ഒരു വർഷമായെങ്കിലും അതിന്റെ ഓർമകൾ ഇപ്പോഴും ജനങ്ങളുടെ മനസ്സിലുണ്ട്'- ജാഫറാബാദിലെ മദ്രസ ബാബുൽ ഉലൂം റെക്ടർ മൗലാനാ മുഹമ്മദ് ദാവൂദ് അമിനി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
അഞ്ചു തവണ സീലാംപൂർ എംഎൽഎ ആയിരുന്ന മീതാൻ അഹ്‌മദിന്റെ മകൻ ചൗധരി സുബൈർ അഹ്‌മദിനെയാണ് കോൺഗ്രസ് വാർഡിൽ രംഗത്തിറക്കിയത്. സീലാംപൂർ മുൻ എംഎൽഎ മുഹമ്മദ് ഇഷ്‌റാഖ് ഖാനായിരുന്നു എഎപി സ്ഥാനാർത്ഥി. ഇഷ്‌റാഖിന് 5500 വോട്ടുകിട്ടി. 105 വോട്ടു മാത്രമാണ് ബിജെപി സ്ഥാനാർത്ഥി നസീർ അൻസാരിക്കു കിട്ടിയത്.