ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികളുടെ വിസ അപേക്ഷകൾക്കായുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ആസ്ട്രേലിയ. വിസ ലഭിക്കുന്നതിനായി സമർപ്പിക്കേണ്ട രേഖകളുടെ നിലവാരം ലെവൽ രണ്ടിൽ നിന്ന് ലെവൽ മൂന്നിലേക്ക് ഉയർത്തി. ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം.
2025 സെപ്റ്റംബറിന് മുമ്പ് നിലവിലിരുന്ന പരിശോധനാ മാനദണ്ഡങ്ങളാണ് വീണ്ടും ഏർപ്പെടുത്തിയത്. ഇന്ത്യൻ അപേക്ഷകരെ കർശനമായ പരിശോധനകൾ ആവശ്യമുള്ള 'ഹൈ-റിസ്‌ക്' വിഭാഗത്തിലേക്ക് മാറ്റിയതോടെ, വിസ ലഭിക്കുന്നതിന് ഇനി മുതൽ കൂടുതൽ രേഖകളും കർശന പരിശോധനയും നേരിടേണ്ടി വരും.
ആസ്ട്രേലിയയിലെ വിദേശ വിദ്യാർഥികളിൽ വലിയൊരു വിഭാഗവുമാണ് ഇന്ത്യക്കാരാണ്. സാമ്പത്തിക ഭദ്രത തെളിയിക്കുന്ന രേഖകൾ, ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട് മുമ്പത്തെക്കാൾ കൂടുതൽ തെളിവുകൾ ഇനി അപേക്ഷയോടൊപ്പം നൽകണം. അപേക്ഷകരുടെ പഠനലക്ഷ്യം സത്യസന്ധമാണോ എന്ന് ഉറപ്പുവരുത്താൻ കർശനമായ പരിശോധനകളും അധികൃതർ നടത്തും.
വിദ്യാർഥികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നില്ലയെന്നും വിസ നടപടികളിലെ സുതാര്യത ഉറപ്പുവരുത്താനാണ് ഈ മാറ്റമെന്നും അധികൃതർ വ്യക്തമാക്കുന്നു.
2026 ജനുവരി എട്ട് മുതലാണ് പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വന്നത്. വിദ്യാർഥികളെ സഹായിക്കുന്നതിനും വിദ്യാഭ്യാസ പങ്കാളിത്തം നിലനിർത്തുന്നതിനും ആസ്‌ട്രേലിയൻ സർക്കാരുമായി ചർച്ചകൾ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എവിഡൻസ് ലെവൽ 2 (Evidence Level 2 - EL2)
സാധാരണയായി ഈ വിഭാഗത്തിൽ മിതമായ അളവിലുള്ള രേഖകൾ മാത്രമേ ആവശ്യമായി വരാറുള്ളൂ. സാമ്പത്തിക ശേഷി, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, പഠനത്തിനായുള്ള താല്പര്യം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളാണ് ഇതിൽ പ്രധാനം
എവിഡൻസ് ലെവൽ 3 (Evidence Level 3 - EL3)
ഈ വിഭാഗം കൂടുതൽ കർശനമായ പരിശോധനകൾ ഉൾപ്പെട്ടതാണ്. ഇതിൽ ഉൾപ്പെടുന്ന അപേക്ഷകർ കൂടുതൽ വിശദമായ സാമ്പത്തിക രേഖകൾ, അധിക വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ആസ്‌ട്രേലിയയിലേക്ക് വരുന്നതിന്റെ പ്രധാന ലക്ഷ്യം പഠനം തന്നെയാണെന്ന് തെളിയിക്കുന്ന കൂടുതൽ ശക്തമായ തെളിവുകൾ എന്നിവ നൽകേണ്ടി വരും.